Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്‌സർ അടിച്ച് സാക്ഷാൽ അമിത് ഷാ; ഇന്ത്യൻ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യൻ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തിൽ; അമിത് ഷായുടെ മകൻ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ ട്രഷററും; ബിസിസിഐയിൽ ഇനി 'ദാദാ യുഗം'; നയിക്കാൻ ഗാംഗുലി എത്തുമ്പോൾ പ്രതീക്ഷയിൽ കളിക്കാരും ആരാധകരും

സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്‌സർ അടിച്ച് സാക്ഷാൽ അമിത് ഷാ; ഇന്ത്യൻ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യൻ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തിൽ; അമിത് ഷായുടെ മകൻ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ ട്രഷററും; ബിസിസിഐയിൽ ഇനി 'ദാദാ യുഗം'; നയിക്കാൻ ഗാംഗുലി എത്തുമ്പോൾ പ്രതീക്ഷയിൽ കളിക്കാരും ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സൗരവ് ഗാംഗുലി- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ. ഇന്ത്യ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നായകൻ. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റൻ. കൊൽക്കത്തയുടെ രാജകുമാരൻ, ബംഗാൾ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങൾക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വാർത്ത. നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയിലേക്ക് എത്തുന്നുവെന്നതാണ് ഇത്. അതായത് ഇന്ത്യൻ ക്രിക്കറ്റിന് ദിശാബോധം നൽകാനുള്ള പുതിയ നിയോഗം ഗാംഗുലിയിലേക്ക് എത്തുന്നു. കളി അറിയാവുന്ന ഒരാൾ ക്രിക്കറ്റിനെ നിയന്ത്രിക്കാനെത്തുന്നു. കൂട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും. അങ്ങനെ ബംഗാളും ഗുജറാത്തും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് പിടിച്ചെടുക്കുകയാണ്. സിമന്റ് മുതലാളിമാരുടെ ആധിപത്യത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിന് മോചനം.

'ഗാംഗുലിയെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ആകാം. പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാനാകില്ല'-സൗരവ് ഗാംഗുലിയെ കുറിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീ വോ പറഞ്ഞ വാക്കുകളാണ് ഇത്. സ്വന്തം ഓപ്പണർ സ്ഥാനം എനിക്കുവേണ്ടി ഒഴിഞ്ഞുതന്നയാളാണ് ദാദ. എന്നെ ഏറ്റവുമധികം സ്നേഹിക്കുകയും, എന്നിൽ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്ത മനുഷ്യൻ. എന്നിലെ ടെസ്റ്റ് കളിക്കാരനെ കണ്ടെത്തിയും ദാദയാണ്-ഈ വാക്കുകൾക്ക് ഉടമ തകർപ്പനടികളിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ ഹീറോയായ വീരേന്ദ്ര സേവാഗിന്റേതും. ഒത്തുകളിൽ ഇന്ത്യൻ ക്രിക്കറ്റ് മുഖം കുനിച്ച കാലത്താണ് സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമാകുന്നത്. പിന്നെ നായകനും. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര തന്നെ മാറി. അതുകൊണ്ടാണ് ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തുമ്പോഴും പ്രതീക്ഷകൾ കൂടുന്നത്. അർഹതയുള്ളവർക്ക് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഗാംഗുലിയുടെ വരവ് കൂട്ടുന്നത്.

മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയിൽ ഞായറാഴ്ച രാത്രി ചേർന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുൺ ധുമലാണ് ട്രഷറർ. ധനകാര്യ സഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുൻ ധുമൽ. എൻ.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേൽ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യാ സിമിന്റിന്റേയും ചെന്നൈ സൂപ്പർ കിംഗിന്റേയും ഉടമയായ ശ്രീനിവാസന്റെ നിയന്ത്രണത്തിലായിരുന്നു ഏറെ കാലമായി ബിസിസിഐ. ഇതിനാണ് മാറ്റം വരുന്നത്.

ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോർഡുകളും ശക്തമായ എതിർപ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാർത്ഥിയായണ് ഗാംഗുലിയുടെ പേര് ഉയർന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിസിസിഐ ഭാരവാഹികളാകാനുള്ള നിയമങ്ങൾ കർശനമായതോടെ ക്രിക്കറ്റ് ഭരണത്തിലേക്ക് പുതുവഴി വെട്ടാൻ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിലെ 'താപ്പാനകൾ' ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐസിസി, ബിസിസിഐ എന്നിവയുടെ പ്രസിഡന്റായിരുന്ന മുൻ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരാണ് ഇതിന് പിന്നിൽ കളിച്ചത്. ഈ കളിയിൽ അമിത് ഷാ വിജയിക്കുകയാണ്. മുൻ സെക്രട്ടറി കൂടിയായ കേന്ദ്രമന്ത്രി അനുരാജ് ഠാക്കൂറിന്റെ മികവിലാണ് അമിത് ഷാ പക്ഷം ജയിക്കുന്നത്. ബംഗാളിലെ ഗാംഗുലിയും ഈ പക്ഷത്ത് എത്തുന്നുവെന്നതാണ് നിർണ്ണായകം.

ഗുജറാത്തിൽ ഏറെക്കാലമായി കയ്യടക്കിയിരിക്കുന്ന ക്രിക്കറ്റ് ഭരണം മകൻ ജയ് ഷായിലൂടെ വീണ്ടും കൈപ്പിടിയിൽ നിലനിർത്താനാണ് അമിത് ഷായുടെ ശ്രമം. ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ജയ് ഷായെയാണ്. ഒക്ടോബർ 23ന് നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ ബിസിസിഐ ഭരണസമിതിയിൽ ജയ് ഷാ എത്തുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇഥ് ശരിയായി. സൗരവ് ഗാംഗുലി, ബ്രിജേഷ് പട്ടേൽ എന്നിവർക്കാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ശ്രീനിവാസൻ അനുകൂലിയായ ബ്രിജേഷിനെ വെട്ടാൻ അമിത് ഷാ തീരുമാനിച്ചപ്പോൾ ഗാംഗുലിക്ക് തുണയായി. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ബ്രിജേഷ് പട്ടേൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമാണ്. അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ താക്കൂർ ബിസിസിഐ സെക്രട്ടറിയാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അദ്ദേഹം. എന്നാൽ അമിത് ഷായുടെ മകന് വേണ്ടി അരുൺ താക്കൂർ പിന്മാറി.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) ഭരണം ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന്റെ കുടുംബകാര്യമാണ്. ടിഎൻസിഎ പ്രസിഡന്റായി ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. 2013 ഐപിഎൽ വാതുവെപ്പ് വിവാദത്തിൽ പെട്ട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം പ്രിൻസിപ്പൽ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ടിഎൻസിഎ ഭരണം ശ്രീനിവാസൻ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ബിസിസിഐ ഭാരവാഹിത്വം തൽക്കാലം ശ്രീനിവാസൻ കുടുംബത്തിന് അന്യമാണ്. നിയമവിരുദ്ധ നീക്കങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് രൂപ ശ്രീനിവാസൻ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നത് വിനോദ് റായ് അധ്യക്ഷനായ ഭരണസമിതി തടഞ്ഞിരുന്നു.

തമിഴ്‌നാടിനു പുറമെ ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകൾക്കും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. ഇതോടെയാണ് അമിത് ഷാ പക്ഷം ബിസിസിഐ പിടിച്ചെടുക്കുന്നത്. ഏറെ കാലമായി ഡാൽമിയ സിമന്റും മുത്തയ്യ സിമന്റും ഇന്ത്യാ സിമന്റും തമ്മിലുള്ള വ്യവസായ പകയാണ് ബിസിസിഐിൽ കണ്ടിരുന്നത്. ഇതിനാണ് അമിത് ഷാ മാറ്റം വരുത്തുന്നത്. ഇതിന് കൂട്ടു പിടിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്ടനേയും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ(1999 സെപ്റ്റംബറിൽ) ടീമിന്റെ നായക പദവി ഏറ്റടുത്ത സൗരവ് പുതിയ നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ ബ്രാന്റാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 2001-ൽ കൊൽക്കത്തയിൽ ഓസീസിനെതിരായ ടെസ്റ്റിൽ ഇന്ത്യ നേടിയ ജയമായിരുന്നു തുടക്കം. തുടർച്ചയായ 16 ടെസ്റ്റ് മാച്ചുകൾ ജയിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്ന സ്റ്റീവ് വോയുടെ ഓസ്ട്രേലിയക്കെതിരെ നേടിയ ജയം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉണർത്തു പാട്ടായിരുന്നു.

ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഫോളോഓൺ ചെയ്യാൻ നിർബന്ധിതരായ ഇന്ത്യ രണ്ടാമിന്നിങ്സിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയാണ് ചരിത്ര പ്രസിദ്ധമായ ഈ ജയം നേടിയത്. സൗരവിന്റെ പ്രചോദനാത്മകമായ ക്യാപ്റ്റൻസിയാണ് ഈ ജയം സാധ്യമാക്കിയതെന്ന് ആ മൽസരത്തിൽ ഇന്ത്യയുടെ വിജയ ശിൽപ്പികളായിരുന്ന രാഹുൽ ദ്രാവിഡും വി.വി എസ് ലക്ഷ്മണും ഹർഭജൻ സിങ്ങും ഏക സ്വരത്തിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹാട്രിക് നേടിയ ഹർഭജനെ സെലക്റ്റർമാർ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ സൗരവിന്റെ പിടിവാശി മൂലമായിരുന്നു. ഹർഭജൻ മാത്രമല്ല യുവരാജ് സിങ്, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ തുടങ്ങി മഹേന്ദ്ര സിങ് ധോനി വരെ ഇന്ത്യൻ ടീമിലെത്തിയത് സൗരവിന്റെ താൽപര്യപ്രകാരമാണ്. അടുത്ത വർഷം ജൂലായിൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഏകദിന ടൂർണമെന്റിനും ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രസക്തിയുണ്ട്. സച്ചിൻ തെണ്ടുൽക്കർക്ക് അപ്പുറത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഉണ്ടെന്ന് തെളിയിച്ചത് സൗരവിന്റെ കീഴിൽ ഇന്ത്യ കളിച്ച ഈ ചാമ്പ്യൻഷിപ്പാണ്.

സച്ചിൻ കളിച്ചാലേ ഇന്ത്യ ജയിക്കൂ എന്നൊരു വിശ്വാസം അടിയുറച്ചുപോയ ഘട്ടത്തിലായിരുന്നു ഫൈനൽ ഉൾപ്പെടെ രണ്ട് മാച്ചുകളിൽ സച്ചിൻ പരാജയപ്പെട്ടിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത്. ഫൈനലിൽ മൂന്നു പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യ ഐതിഹാസികമായ ജയം പൂർത്തിയാക്കിയപ്പോൾ ലോർഡ്സിന്റെ ബാൽക്കണിയിൽ ക്യാപ്റ്റൻ സാരവ് ഗാംഗുലി ഷർട്ടൂരി തലക്കു മുകളിൽ ചുഴറ്റി കാണിച്ചത് ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച വിജയ മുഹൂർത്തമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP