Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി! മിന്നും സെഞ്ചുറിയുമായി ആരാധകരുടെ മനം നിറച്ച് ശുഭ്മാൻ ഗിൽ; രാജ്യാന്തര ട്വന്റി 20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; കിവീസിന് 235 റൺസ് വിജയലക്ഷ്യം

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി! മിന്നും സെഞ്ചുറിയുമായി ആരാധകരുടെ മനം നിറച്ച് ശുഭ്മാൻ ഗിൽ; രാജ്യാന്തര ട്വന്റി 20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ; ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; കിവീസിന് 235 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ട്വന്റി 20 ഫോർമാറ്റിന് പറ്റിയ താരമല്ലെന്ന കടുത്ത വിമർശനം ഉയർത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി യുവതാരം ശുഭ്മാൻ ഗിൽ. അഹമ്മദാബാദിൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20യിൽ ബാറ്റിങ് വെടിക്കെട്ടുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ഇന്ത്യൻ ഓപ്പണറുടെ ബാറ്റിങ് മികവിൽ ന്യൂസിലൻഡിന് മുന്നിൽ 235 റൺസ് എന്ന കുറ്റൻ വിജയലക്ഷ്യമാണ് ആതിഥേയർ ഉയർത്തിയത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. ശുഭ്മാൻ ഗില്ലിന്റെ (63 പന്തിൽ പുറത്താവാതെ 126) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44) മികച്ച പ്രകടനം പുറത്തെടുത്തു.

63 പന്തിൽ 12 ഫോറും 7 സിക്സും സഹിതം പുറത്താവാതെ 126* റൺസ് നേടിയ ഗിൽ രാജ്യാന്തര ടി20യിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോർഡ് പേരിലാക്കി. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ വർഷം 122* റൺസ് നേടിയ വിരാട് കോലിയെയാണ് ഗിൽ പിന്തള്ളിയത്. ഹിറ്റ്മാൻ രോഹിത് ശർമ്മയാണ്(118) മൂന്നാമത്.

രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ഇഷാന്റെ വിക്കറ്റ് നഷ്ടമായി. ബ്രേസ്വെല്ലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി. റിവ്യൂ ചെയ്തെങ്കിലും അതിജീവിക്കാനായില്ല. പിന്നാലെ ഗിൽ- ത്രിപാഠി സഖ്യം അടി തുടങ്ങി. ഇരുവരും 80 റൺസ് കൂട്ടിചേർത്തു. ത്രിപാഠിയായിരുന്നു കൂടുതൽ അപകടകാരി. മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിങ്സ്. ഇഷ് സോധിയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ ത്രിപാഠി മടങ്ങി. നാലാമതായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് (13 പന്തിൽ 24) അധികനേരം ക്രീസിൽ തുടരാനായില്ല. രണ്ട് സിക്സും ഒരു ഫോറും നേടിയ താരം ബ്ലെയർ ടിക്നറുടെ പന്തിൽ ബ്രേസ്വെല്ലിന് ക്യാച്ച് നൽകി.

നാലാമനായി ഹാർദിക് പാണ്ഡ്യ എത്തിയതോടെ ഇന്ത്യയുടെ റൺനിരക്ക് കുതിച്ചു. ഇതിനിടെ ഗിൽ തന്റെ ആദ്യ ടി20 സെഞ്ചുറി പൂർത്തിയാക്കി. ഏഴ് സിക്‌സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. ഹാർദിക്കിന്റെ പിന്തുണയും ഗില്ലിനുണ്ടായിരുന്നു. ഇരുവരും 103 റൺസാണ് കൂട്ടിചേർത്തത്. 17 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിങ്സ്. ഹാർദിക്കിന് ശേഷമെത്തിയ ദീപക് ഹൂഡ (2) പുറത്താവാതെ നിന്നു.

ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 21 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ലഖ്‌നൗവിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യൂസ്വേന്ദ്ര ചാഹലിന് പകരം ഉംറാൻ മാലിക്ക് ടീമിലെത്തി. ന്യൂസിലൻഡും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ബെൻ ലിസ്റ്റർ പ്ലയിങ് ഇലവനിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP