Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഞ്ജു സാംസന്റെ ആദ്യ രാജ്യാന്തര മത്സരം ഗംഭീരമായില്ല; നീലകുപ്പായത്തിൽ ഇറങ്ങിയ സഞ്ജു 19 റൺസെടുത്ത് പുറത്തായി; സിംബാബ്‌വേക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ പത്ത് റൺസിന് തോറ്റു; ട്വന്റി 20 പരമ്പര സമനിലയിൽ

സഞ്ജു സാംസന്റെ ആദ്യ രാജ്യാന്തര മത്സരം ഗംഭീരമായില്ല; നീലകുപ്പായത്തിൽ ഇറങ്ങിയ സഞ്ജു 19 റൺസെടുത്ത് പുറത്തായി; സിംബാബ്‌വേക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ പത്ത് റൺസിന് തോറ്റു; ട്വന്റി 20 പരമ്പര സമനിലയിൽ

ഹരാരെ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 24 പന്തിൽ 19 റൺസെടുത്ത് സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെയാണ് സിംബാവേയ്ക്ക് എതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തോൽവി പിണഞ്ഞത്. പത്ത് റൺസിനായിരുന്നു ഇന്ത്യൻ തോൽവി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തപ്പോൾ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി 42 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് ടോപ്പ് സ്‌കോറർ. 24 റൺസെടുത്ത സ്റ്റുവർട്ട് ബിന്നിയും കഴിഞ്ഞാൽ പിന്നെ സഞ്ജു മാത്രമാണ് ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം കാവ്ച്ചവച്ചത്. സിംബാവേയ്ക്ക് വേണ്ടി ക്രീമർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ സിംബാബ്‌വെയ്ക്ക് വേണ്ടി ചമു ചിബാബ 67 റൺസ് നേടി പുറത്തായി. സിംബാബ്‌വെയുടെ ഏകദിന ക്യാപ്റ്റൻ കൂടിയായ ചിബാബയാണ് ടീമിലെ ടോപ് സ്‌കോറർ. ചിബാബയെ കൂടാതെ രണ്ടക്കം കടന്നത് ഓപ്പണിങ് ബാറ്റ്‌സ്മാനായ മസാകഡ്‌സെയും മധ്യനിരക്കാരനായ വില്യംസും മാത്രമാണ്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, മോഹിത് ശർമ്മ എന്നിവര് രണ്ട് വിക്കറ്റും സന്ദീപ് ശർമ്മ, സ്റ്റുവർട്ട് ബിന്നി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആറാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. സ്റ്റുവർട്ട് ബിന്നിക്കൊപ്പം ചേർന്ന സഞ്ജു 36 റൺസ് ടീം സ്‌കോറിലേക്കായി കൂട്ടിച്ചേർത്തു. തുടക്കക്കാരന്റെ പരിഭ്രമങ്ങൾ ഇല്ലാതെയായിരുന്നു സഞ്ജു കൡച്ചത്. സിംഗിളും ഡബിളും എടുത്ത് മുന്നേറിയ സഞ്ജുവിന് ഒരു ബൗണ്ടറി മാത്രമാണ് നേടാൻ സാധിച്ചത്. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ എംപോഫിന്റെ പന്തിൽ വാളർ പിടിച്ചാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിന്റെ സമ്മർദ്ദമാണ് സഞ്ജുവിന് വിനയായത്. രണ്ടാമത്തെ മത്സരം സിംബാബ്‌വെ ജയിച്ചതോടെ ട്വന്റി 20 പരമ്പര സമനിലയിലായി. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ജയിച്ചിരുന്നു.

എബി കുരുവിളയ്ക്കും ടിനു യോഹന്നാനും എസ് ശ്രീശാന്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ അന്തിമ ഇലവനിൽ കളിക്കുന്ന നാലാമത്തെ മലയാളി താരമാണ് സഞ്ജു. ആദ്യ ട്വന്റി20 മത്സരത്തിൽ കളിച്ച ഹർഭജൻ സിംഗിന് പകരമായാണ് സഞ്ജു ഇന്ന് ടീമിലെത്തിയത്. റോബിൻ ഉത്തപ്പ വിക്കറ്റ് കീപ്പറായപ്പോൾ ബാറ്റ്‌സ്മാനെന്ന നിലയിലാണ് സഞ്ജു ടീമിലെത്തിയത്. സഞ്ജുവിന് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത് മുരളി വിജയ് ആണ്.

സമ്പൂർണ ജയം ലക്ഷ്യമിട്ടിറങ്ങുന്ന നീലപ്പടയിൽ സഞ്ജു സാംസണുണ്ടാകുമോ ആകാംക്ഷയിലായിരുന്നു കേരളത്തിലെ ആരാധകർ. ഒടുവിൽ സഞ്ജു കളിക്കാൻ ഇറങ്ങിയതോടെ എല്ലാവരും പ്രതീക്ഷയിലായിരുന്നു. 20ാം വയസിലാണ് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേയ്ക്കുള്ള അരങ്ങേറ്റം. ഇന്ത്യൻ ക്രിക്കറ്റിൽ ഇനി മുതൽ സഞ്ജുവിന്റെ കാലഘട്ടം തുടങ്ങുകയായി എന്നാണ് സഞ്ജു സാംസണെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയെന്ന വാർത്തയോട് കമന്റേറ്റർമാർ വിശേഷിപ്പിച്ചത്. രാഹുൽ ദ്രാവിഡിന്റെ പരിചരണത്തിൽ വളർന്ന സഞ്ജുവിലെ പ്രതിഭ സെലക്ടർമാർക്ക് ബോധ്യമുണ്ട്. ധോണിയുടെ സാന്നിധ്യമായിരുന്നു പലപ്പോഴും സഞ്ജുവിന് തടസമായി നിന്നത്.

ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എൽ മത്സരങ്ങളിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്നു സഞ്ജു സാംസൺ. കേരളാ രഞ്ജി ടീമിന്റെ ക്യാപ്ടനായും അടുത്ത ദിവസങ്ങളിൽ കേരളാ ക്രിക്കറ്റ് അസോസിയേശൻ സഞ്ജുവിനെ ചുമതലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP