Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെന്നൈയുടെ ബൗളർമാരെ എടുത്തിട്ടടിച്ച് സഞ്ജു വി സാംസൺ; 32 പന്തിൽ നിന്നും 74 റൺസ് നേടിയ സഞ്ജു മാജിക്കിൽ റോയലായി രാജസ്ഥാൻ; ഷാർജയിൽ സിക്സർ മഴ പെയ്യിച്ച സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത് 216 എന്ന കൂറ്റൻ സ്‌കോർ; തോൽവി സമ്മതിച്ച് ധോണിയും കൂട്ടരും; ഷാർജയിൽ താരമായത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ തന്നെ

ചെന്നൈയുടെ ബൗളർമാരെ എടുത്തിട്ടടിച്ച് സഞ്ജു വി സാംസൺ; 32 പന്തിൽ നിന്നും 74 റൺസ് നേടിയ സഞ്ജു മാജിക്കിൽ റോയലായി രാജസ്ഥാൻ; ഷാർജയിൽ സിക്സർ മഴ പെയ്യിച്ച സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത് 216 എന്ന കൂറ്റൻ സ്‌കോർ; തോൽവി സമ്മതിച്ച് ധോണിയും കൂട്ടരും; ഷാർജയിൽ താരമായത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ചെന്നൈയുടെ ബൗളർമാരെ പറപറത്തിയ സഞ്ജു മാജിക്കിൽ ശരിക്കും റോയലായി രാജസ്ഥാൻ. സിക്‌സുകളുടെ ഘോഷയാത്രയുമായി മലയാളി താരം സഞ്ജു വി സാസംസൺ കളം നിറഞ്ഞപ്പോൾ ചെന്നൈയുടെ ബൗളർമാരെല്ലാം പൂച്ചയെ പോലെ പതുങ്ങുന്ന കാഴ്ചയ്ക്കാണ് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗിലെ അത്ര കണ്ട ആവേശോജ്വലമായ ബാറ്റിങ് പൂരമാണ് സഞ്ജു ഇന്നലെ കാഴ്ച വെച്ചത്. 32 പന്തിൽ നിന്നും 74 റൺസ് അടിച്ചു കൂട്ടിയ സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഒൻപതു സിക്‌സറുകളാണ് പിറന്നത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ബൗണ്ടറികൾ പറപറത്തിയ സഞ്ജു വെറും 19 പന്തിലാണ് അർധസെഞ്ചുറി കടന്നത്.

ഐപിഎൽ അരങ്ങേറ്റം കുറിച്ച അണ്ടർ 19 ലോകകപ്പ് താരം യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ രണ്ട് ഓവറിൽ പതുങ്ങി നിന്ന സഞ്ജു പിന്നീട് ചെന്നൈ ബൗളിങ് നിരയെ കടന്നാക്രമിക്കുന്ന കാഴ്ചയ്ക്കാണ് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.. ഐ.പി.എല്ലിലെ ആറാമത്തെ വേഗമേറിയ അർധ സെഞ്ചുറിയാണ് സഞ്ജു ഇന്നലെ ഷാർജാ സ്റ്റേഡിയത്തിൽ കുറിച്ചത്. ബെംഗളൂരു മലയാളിയായ ദേവ്ദത്ത് പടിക്കൽ കഴിഞ്ഞ ദിവസം ദുബായിൽ കാഴ്ചവച്ച വിസ്മയ പ്രകടനത്തിന്റെ തുടർച്ചയായാണ് തൊട്ടടുത്ത ദിവസം ഇങ്ങ് ഷാർജയിൽ സഞ്ജുവും മാസ്മരിക പ്രകടനം കാഴ്ചവെച്ചത്.

സഞ്ജു ക്രീസിലെത്തുമ്പോൾ 2.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. നേരിട്ട ആദ്യ പന്തിൽ ദീപക് ചാഹറിനെതിരെ സിംഗിൾ. ലുങ്കി എൻഗിഡിയുടെ തൊട്ടടുത്ത ഓവറിലും സഞ്ജു വിനയത്തോടെ നിന്നു. കളി അഞ്ചാം ഓവറിൽ എത്തിയതോടെ സഞ്ജു ആളാകെ മാറി. സാം കറൻ എറിഞ്ഞ പന്തിൽ ഗിയർ ചെയ്ഞ്ച് ചെയ്ത സഞ്ജു മൂന്നാം പന്ത് ധോണിക്കു സമീപത്തുകൂടി ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തിൽ കഴിവിന്റെ മാത്രം ബലത്തിൽ ഉഗ്രനൊരു സിക്‌സർ.

പിന്നീടങ്ങോട്ട് സിക്‌സറുകളുടെ തൃശൂർ പൂരമായിരുന്നു. തുടർച്ചയായ ഓവറുകളിൽ സിക്‌സറുകൾ കണ്ടെത്തിയ സഞ്ജു ആരാധകരെ ആവേശത്തിലാക്കി. പിന്നീടങ്ങോട്ട് സഞ്ജു പറത്തിയ ബോളുകൾ കാണാൻ ഗാലറിക്ക് മുകളിലേക്ക് പോകേണ്ടി വന്നു. ദീപക് ചാഹർ എറിഞ്ഞ ആറാം ഓവറിൽ ഒരു സിക്‌സ്. രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിൽ രണ്ട് തുടർ സിക്‌സുകൾ. സഞ്ജുവിനും രാജസ്ഥാനും മൂക്കുകയറിടാനെത്തിയ പിയൂഷ് ചൗളയുടെ ഊഴമായിരുന്നു അടുത്തത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയുടെ വിജയശിൽപികളിൽ ഒരാളായ ചൗളയെ നേർവഴിയിൽ ഗാലറിയിലെത്തിച്ചാണ് സഞ്ജു സ്വീകരിച്ചത്.

പിന്നാലെ ധോണി വക ചൗളയ്ക്ക് ഏതാനും 'ടിപ്‌സ്'. പക്ഷേ, അതും ഫലം കണ്ടില്ല. ചൗളയുടെ ഓവറിൽ 19-മാത്തെ പന്തിൽ സഞ്ജു അർധസെഞ്ചുറി പൂർത്തിയാക്കി. എന്നിട്ടും മതിയാക്കാതെ അതേ ഓവറിൽ ഒരു സിക്‌സ് കൂടി നേടിയാണ് സഞ്ജു ചൗളയെ പറഞ്ഞയച്ചത്. തൊട്ടടുത്ത ഓവർ എറിയാനെത്തിയ രവീന്ദ്ര ജഡേജ ഇക്കുറി രക്ഷപ്പെട്ടു. ചെറിയ ഇടവേളയ്ക്കു ശേഷം സിക്‌സ് പിറക്കാതെ പോയ ആദ്യ ഓവർ. തൊട്ടടുത്ത ഓവറിൽ പിയൂഷ് ചൗളയ്ക്ക് വീണ്ടും സഞ്ജുവിന്റെ പ്രഹരം. സ്മിത്ത് ആദ്യ പന്തിൽ നേടിയ സിക്‌സിനു പിന്നാലെ മൂന്നാം പന്ത് സഞ്ജു ലോങ് ഓഫിലൂടെ ഗാലറിയിലെത്തിച്ചു. അടുത്ത വരവിൽ ജഡേജയും ശിക്ഷിക്കപ്പെട്ടു. മൂന്നാം പന്ത് ലോങ് ഓഫിലൂടെ ഗാലറിയിലേക്ക് വീണ്ടും.

കളി മൂത്ത സ്ജുവിനെ എങ്ങനെ പിടിച്ചു കെട്ടണമെന്ന് അറിയാതെ ധോണിയും പിള്ളേരും വിയർത്തു. ഒടുവിൽ 12-ാം ഓവറിൽ ലുങ്കി എൻഗിഡിയാണ് സഞ്ജുവിനെ പിടിച്ചു കെട്ടിയത്. ഈ ഓവറിലെ നാലാം പന്ത് അക്ഷരാർഥത്തിൽ വൈഡായിരുന്നു. പക്ഷേ, ആവേശത്തള്ളിച്ചയിൽ പന്ത് ഡീപ് കവറിലൂടെ സിക്‌സർ പറത്താൻ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. കണക്ഷൻ കിട്ടാതെ പോയതോടെ ഉയർന്നു പൊങ്ങിയ പന്ത് ഓടിയെത്തിയ ദീപക് ചാഹർ കഷ്ടപ്പെട്ട് കയ്യിലൊതുക്കി. രണ്ടു തവണ കയ്യിൽത്തട്ടി തെറിച്ച പന്ത് ചാഹർ വീഴ്ചയ്ക്കിടയിലും നെഞ്ചോടുചേർത്തു പിടിച്ചു. സെഞ്ചുറി കാത്തിരുന്ന ആരാധകരുടെ നിരാശകൾക്കിടെ അതിലേറെ നിരാശയിൽ സഞ്ജു പവലിയനിലേക്ക് മടങ്ങി.

ചെന്നൈക്കെതിരെ കളി പൊതുവേ മോശമായിരുന്ന സഞ്ജു അങ്ങനെ ഇന്നലെ വൺമാൻ ഷോ നടത്തി ശരിക്കും സൂപ്പർ സ്റ്റാറായി. ആരെയും അമ്പരപ്പിക്കുന്ന പ്രകടനം. ഇന്നലത്തെ തകർപ്പൻ പ്രകടവത്തോടെ രാജസ്ഥാൻ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി എന്ന റെക്കോർഡിനൊപ്പമെത്തി ഇതോടെ സഞ്ജു. 2012ൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അവരുടെ മൈതാനത്ത് 19 പന്തിൽ അർധസെഞ്ചുറി നേടിയ ഇംഗ്ലിഷ് താരം ഒവൈസ് ഷായുമുണ്ട് സഞ്ജുവിനൊപ്പം. മുൻപിലുള്ളത് കഴിഞ്ഞ സീസണിൽ ഡൽഹിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ മറ്റൊരു ഇംഗ്ലിഷ് താരം ജോസ് ബട്ലർ മാത്രം.

സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 16 റൺസിനു കീഴടക്കിയാണ് രാജസ്ഥാൻ റോയൽസിന്റെ വിജയം. 217 റൺസ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്ൻ വാട്സൻ (21 പന്തിൽ 33) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്‌ത്തിയത്.

മുരളി വിജയ് (21 പന്തിൽ 21), സാം കറൻ (6 പന്തിൽ 17), ഋതുരാജ് ഗെയ്ക്വാദ് (പൂജ്യം), കേദാർ ജാദവ് (16 പന്തിൽ 22), എം.എസ്.ധോണി( 17 പന്തിൽ പുറത്താകാതെ 29), രവീന്ദ്ര ജഡേജ (2 പന്തിൽ പുറത്താകാതെ 1) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. നേരത്തെ സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്്ടത്തിൽ 216 റൺസെടുത്തത്.

സഞ്ജുവിനെ വാനോളം പുകഴ്‌ത്തി കമൻഡർമാർ
'സഞ്ജു സാംസണിന്റെ ബാറ്റിങ് ഒരു ദിവസം മുഴുവനും എന്നല്ല, എല്ലാ ദിവസവും കണ്ടിരിക്കാൻ ഞാൻ റെഡി' വിഖ്യാതമായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഐതിഹാസിക ബാറ്റിങ് പ്രകടനം കണ്ട് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ട്വീറ്റ് ചെയ്ത വാക്കുകൾ ഇങ്ങനെ. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ആവേശോജ്വല ഇന്നിങ്‌സുകളുടെ ഗണത്തിലേക്ക് ഒന്നുകൂടി ചേർത്തുവച്ച ആ ഇന്നിങ്‌സിനെക്കുറിച്ച് ഇതിൽക്കൂടുതൽ എന്തു പറയാൻ! കാണികളുടെ അഭാവത്തിലും ആവേശം ചോരാതെ തകർത്തടിച്ചാണ് സഞ്ജു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എന്നെന്നും ഓർമിക്കാനൊരു അർധസെഞ്ചുറി കുറിച്ചിട്ടത്.

'സഞ്ജു നെറ്റ്‌സിൽ ബാറ്റു ചെയ്യുകയാണെന്ന് തോന്നു'മെന്നാണ് കമന്ററി ബോക്‌സിൽ നിന്നും സാക്ഷാൽ സുനിൽ ഗാവസ്‌കറിന്റെ സാക്ഷ്യം.32 പന്തിൽനിന്ന് 74 റൺസടിച്ച സഞ്ജുവിന്റെ ബാറ്റിൽനിന്ന് ആകെ പിറന്നത് ഒരേയൊരു ഫോർ. ബാക്കി റൺസിൽ ഏറിയ പങ്കും പിറന്നത് സിക്‌സറുകളിലൂടെ. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തുവിട്ടതിന്റെ ആവേശത്തിലെത്തിയ ധോണിയെയും സംഘത്തെയും വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു സഞ്ജുവിന്റേത്. തുടക്കം മുതൽ തകർത്തടിച്ച സഞ്ജു, തുടർ സിക്‌സറുകളുമായി ആരാധകരെ അക്ഷരാർഥത്തിൽ വിരുന്നൂട്ടി.രോഹിത് ശർമ ഉൾപ്പെടെയുള്ള ബാറ്റ്‌സ്മാന്മാരെ അന്ന് നിയന്ത്രിച്ചുനിർത്തിയ ചെന്നൈ ബോളർമാരെ, ഷാർജയിൽ സഞ്ജു തലങ്ങും വിലങ്ങും പ്രഹരിച്ചു. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതും സ്റ്റേഡിയത്തിന്റെ വലിപ്പക്കുറവും സഞ്ജുവിന് അനുകൂല ഘടകങ്ങളായി.

13-ാം സീസണിൽ വെടിക്കെട്ടുമായി മലയാളികൾ
ഐപിഎൽ 13-ാം സീസൺ മലയാളി താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടിന്റേതായി മാറുകയാണ്. കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലായിരുന്നു ബാറ്റിങ് വെടിക്കെട്ട് നടത്തി താരമായതെങ്കിൽ, ഇത്തവണ രാജസ്ഥാൻ റോയൽസിനായി സഞ്ജു സാംസണിന്റെ ഊഴമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തിൽ 56 റൺസുമായാണ് തിരിച്ചു നടന്നത്. ഇതോടെ ഈ മലയാളി താരമായിരുന്നു ഇന്നലെ സകലമാധ്യമങ്ങളിലും തിളങ്ങി നിന്നത്.

തകർത്തടിച്ച സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 216 റൺസെടുത്തത്. സഞ്ജു പുറത്തായശേഷം രാജസ്ഥാന്റെ റൺനിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അവസാന ഓവറിൽ ആർച്ചറിന്റെ ആളിക്കത്തലാണ് സ്‌കോർ 200 കടത്തിയത്. ചെന്നൈയ്ക്കായി സാം കറൻ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളിനെ (6 പന്തിൽ 6) മൂന്നാം ഓവറിൽ ദീപക് ചഹാർ പുറത്താക്കിയെങ്കിലും സ്മിത്തും സഞ്ജുവും ചേർന്ന് തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 121 റൺസാണ് ഇരുവരും വാരിക്കൂട്ടിയത്. സ്പിന്നർമാരായ പിയൂഷ് ചൗളയെയും രവീന്ദ്ര ജഡേജയേയും സഞ്ജു കണക്കിന് 'തല്ലി'. എട്ടാം ഓവറിൽ മാത്രം 28 റൺസാണ് ചൗള വഴങ്ങിയത്.

12ാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ സഞ്ജുവിനെ ദീപക് ചഹാർ കയ്യിലൊതുക്കിയപ്പോൾ രാജസ്ഥാൻ സ്‌കോർ 1322 എന്ന നിലയിലായി. ഒരുസമയത്ത് 250 കടക്കുമെന്ന് തോന്നിച്ച രാജസ്ഥാനെ, പിന്നീട് ചെന്നൈ ബോളർമാർ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നിലയുറപ്പിച്ചപ്പോൾ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞതാണ് തിരിച്ചടിയായത്. സഞ്ജുവിന് പിന്നാലെവന്ന ഡേവിഡ് മില്ലർ സംപൂജ്യനായി മടങ്ങി. ഒരു പന്തുപോലും നേരിടാനാകാതെ മില്ലർ റണ്ണൗട്ടായി മടങ്ങി. റോബിൻ ഉത്തപ്പയും (9 പന്തിൽ 5) കാര്യമായ സംഭവന ചെയ്തില്ല. ടീമിലെ പുതുമുഖം രാഹുൽ ടെവാട്ടിയയെ (8 പന്തിൽ 10) സാം കറൻ വിക്കറ്റിനു മുന്നിൽ കുടുക്കി. അതേ ഓവറിൽ തന്നെ റയാൻ പരാഗിനെയും (4 പന്തിൽ 6) കറൻ ധോണിയുടെ കൈകളിൽ എത്തിച്ചു.

ജോഫ്ര ആർച്ചറിന്റെ മിന്നൽപ്രകടനമാണ് രാജസ്ഥാൻ സ്‌കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ സിക്‌സർ പറത്തിയ ആർച്ചർ 30 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്. ടോം കറൻ (9 പന്തിൽ 10) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാം കറൻ നാല് ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ദീപക് ചഹർ നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP