Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജുവിനെ തഴഞ്ഞത് തലയെടുപ്പ് ഏറെയുള്ള 'ദാദ' ഉള്ളപ്പോൾ; എല്ലാം കണ്ടും കേട്ടും സാക്ഷിയായിട്ടും ഒന്നും മിണ്ടാതെയും പറയാതെയും മാതൃകയായി ജയേഷ് ജോർജ്! വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാൾ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്ന വസ്തുത പങ്കുവച്ച് സോഷ്യൽ മീഡിയയുടെ പരിഹാസം; ക്യാച്ച് വിട്ടും ഔട്ടായും ഡിഅർസിൽ പോലും പിഴക്കുന്ന ഋഷഭ് പന്തിന് ഇനിയും അവസരം? ഇരട്ട നീതിക്ക് തെളിവായി വീണ്ടും സഞ്ജു വി സാസൺ; ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരത്തെ ഒഴിവാക്കിയതിൽ ആർക്കും ഉത്തരമില്ല  

സഞ്ജുവിനെ തഴഞ്ഞത് തലയെടുപ്പ് ഏറെയുള്ള 'ദാദ' ഉള്ളപ്പോൾ; എല്ലാം കണ്ടും കേട്ടും സാക്ഷിയായിട്ടും ഒന്നും മിണ്ടാതെയും പറയാതെയും മാതൃകയായി ജയേഷ് ജോർജ്! വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാൾ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്ന വസ്തുത പങ്കുവച്ച് സോഷ്യൽ മീഡിയയുടെ പരിഹാസം; ക്യാച്ച് വിട്ടും ഔട്ടായും ഡിഅർസിൽ പോലും പിഴക്കുന്ന ഋഷഭ് പന്തിന് ഇനിയും അവസരം? ഇരട്ട നീതിക്ക് തെളിവായി വീണ്ടും സഞ്ജു വി സാസൺ; ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരത്തെ ഒഴിവാക്കിയതിൽ ആർക്കും ഉത്തരമില്ല   

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തുടർച്ചയായി അവസരം ലഭിച്ചിട്ടും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന യുവതാരം ഋഷഭ് പന്താണ് ഏകദിന, ട്വന്റി20 ടീമുകളുടെ വിക്കറ്റ് കീപ്പർ. ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയിട്ടും ഫോം കണ്ടെത്താൻ പാടുപെടുന്ന ഓപ്പണർ ശിഖർ ധവാനും ടീമിൽ സ്ഥാനം നിലനിർത്തി. എന്നാൽ ടീമിൽ എടുത്തിട്ടും കളിക്കളത്തിൽ അവസരം നൽകാത്തവർ പുറത്തും. ഏകദിനത്തിലെ അതിവേഗ ഡബിൾ നേടിയിട്ടും മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ സ്ഥാനമില്ല. ഇതോടെ തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിൽ മലയാളി താരം ഉണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയായി. കേരളത്തെ തീർത്തും നിരാശപ്പെടുത്തുന്ന ടീം സെലക്ഷനാണ് ഇത്തവണ ഉണ്ടായത്. ബംഗ്ലാദേശിനെതിരെ എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരമായി. മനഃപൂർവ്വം തന്നെ. മുതിർന്ന താരങ്ങൾ ടീമിലേക്ക് എത്തുമ്പോൾ പുറത്താക്കാൻ വേണ്ടി മാത്രം. അവസരം കൊടുക്കുമ്പോൾ മികവ് പുറത്തെടുത്താൽ സഞ്ജുവിനെ ടീമിൽ നിലനിർത്തേണ്ടി വരുമെന്ന തോന്നൽ. അങ്ങനെ ബിസിസിഐയുടെ തലപ്പത്ത് എല്ലാവരുടേയും ദാദയായ സൗരവ് ഗാംഗുലി എത്തിയിട്ടും സഞ്ജുവിനെ പോലുള്ള പ്രതിഭകൾക്ക് നിരാശ തന്നെ ഫലം.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ടീമിനു പുറത്താകുമ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ശരാശരി പ്രകടനത്തിനിടയിലും കേദാർ ജാദവ് ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ പുറത്തിരുന്ന ക്യാപ്റ്റൻ വിരാട് കോലി വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം ഡിസംബർ എട്ടിന് തിരുവനന്തപുരത്തും നടക്കുന്നതിനാൽ തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിനെ ടീമിൽ ഏവരും പ്രതീക്ഷിച്ചു. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റി സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. കൊൽക്കത്തയിൽവച്ചു നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ വിരാട് കോലി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മലയാളി കൂടിയായ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കെസിഎയുടെ അധ്യക്ഷന്റെ സാന്നിധ്യത്തിൽ നടന്ന നീതി നിഷേധമാണ് ഇത്.

ബിസിസിഐയുടെ തലപ്പത്ത് എസ് കെ നായർ ഉണ്ടായിരുന്നപ്പോഴാണ് ടിനു യോഹന്നാനും ശ്രീശാന്തും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. ബിസിസിഐ സെക്രട്ടറിയായിരിക്കുമ്പോൾ ശ്രീശാന്തിന്റെ മികവ് രാജ്യം അംഗീകരിച്ചതും എസ് കെ നായരുടെ ശ്രമ ഫലമാണ്. ഇപ്പോൾ സഞ്ജുവിന് സ്വാഭാവികമായും ലഭിക്കേണ്ട അംഗീകാരമാണ് ജയേഷ് ജോർജിന്റെ സാന്നിധ്യത്തിൽ ലഭിക്കാതെ പോകുന്നത്. സെലക്ഷൻ കമ്മറ്റി യോഗത്തിൽ എന്തു കൊണ്ട് എന്ന് ചോദിക്കാൻ പോലും സഞ്ജുവിന് വേണ്ടി ആരും ഉണ്ടായില്ല. മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവരെ ഇരുടീമുകളിലേക്കും കേദാർ ജാദവിനെ ഏകദിന ടീമിലേക്കും തിരിച്ചു വിളിച്ചിട്ടുണ്ട്. ഖലീൽ അഹമ്മദ്, ക്രുണാൽ പാണ്ഡ്യ എന്നിവർക്ക് സ്ഥാനം നഷ്ടമായി. ഋഷഭ് പന്ത്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവരെയും നിലനിർത്തി. അങ്ങനെ സഞ്ജുവിനോട് മാത്രമായി നീതി നിഷേധം ഒതുങ്ങുകയാണ്.

സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം കനക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജിലാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെയും ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് ആരാധകർ പ്രതിഷേധമറിയിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കുള്ള ടീം ലിസ്റ്റ് പോസ്റ്റ് ചെയ്ത ചിത്രത്തിൽ കമന്റായിട്ടാണ് ആരാധകരുടെ രോഷ പ്രകടനം. കമന്റിലൂടെ പ്രതിഷേധമറിയിക്കുന്നതിൽ മലയാളികളോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ ആളുകളും ഉണ്ട്. ബംഗ്ലാദേശ് സീരീസിൽ ടീമിലെടുത്തിട്ടും ഒരു അവസരം പോലും നൽകാതെ അടുത്ത സീരീസിൽ ഒഴിവാക്കിയതിനെയാണ് ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്. ഋഷഭ് പന്ത് മോശം ഫോം തുടരുമ്പോൾ എന്തു കൊണ്ട് സഞ്ജുവിനെ പരീക്ഷിക്കാൻ സെലക്ഷൻ കമ്മറ്റി തയ്യാറാകുന്നില്ല എന്നും ആളുകൾ ചോദിക്കുന്നു. കേദാർ ജാദവിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയും ചിലർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ആരാധക പ്രതിഷേധത്തിനൊപ്പം ഹർഷ ഭോഗ്ലെ, ശശി തരൂർ, മാധ്യമ പ്രവർത്തകനായ അയാസ് മേനോൻ തുടങ്ങിയവരും സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തി. വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാൾ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്നാണ് ഹർഷ പറഞ്ഞത്. ബംഗ്ലാദേശിനെതിരെ ടീമിൽ ഇറ്റം നേടിയിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്നതാണ് ഹർഷ തന്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബംഗ്ലാദേശിനെതിരെ ഒരു കളി പോലും അവസരം നൽകാതെ ഈ പരമ്പരയിൽ തഴഞ്ഞതിനെയാണ് ശശി തരൂരും അയാസ് മേനോനും വിമർശിച്ചത്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങൾക്കുള്ള പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തിൽപ്പോലും കളിപ്പിച്ചിരുന്നില്ല. മൂന്നുവീതം ട്വന്റി-20 കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ദുബെ ട്വന്റി20 ടീമിലെ സ്ഥാനം നിലനിർത്തിയതിനു പുറമെ, ആദ്യമായി ഏകദിന ടീമിലും ഇടംപിടിച്ചു. പരുക്കുമൂലം ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ തിരിച്ചെത്താനാകാത്ത സാഹചര്യത്തിലാണ് പകരം ദുബെ ഏകദിന ടീമിലും ഇടം കണ്ടെത്തിയത്. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിരം സ്പിൻ ദ്വയമായിരുന്ന കുൽദീപ് യാദവ് യുസ്വേന്ദ്ര ചെഹൽ സഖ്യവും ചെറിയ ഇടവേളയ്ക്കുശേഷം ടീമിൽ ഒരുമിച്ചു. രവീന്ദ്ര ജഡേജ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യ, രാഹുൽ ചാഹർ എന്നിവർ പുറത്തായി. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഏകദിന, ട്വന്റി20 ടീമുകളിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരെ ഹാട്രിക്കുമായി തിളങ്ങിയ ദീപക് ചാഹർ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്തിയതിനു പുറമെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടൻ സുന്ദറിനു ട്വന്റി20 ടീമിലും കേദാർ ജാദവിന് ഏകദിന ടീമിലും മാത്രമേ ഇടമുള്ളൂ.

ട്വന്റി-20 ടീം: വിരാട് കോലി, രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി

ഏകദിന ടീം: കോലി, രോഹിത്, ധവാൻ, രാഹുൽ, ശ്രേയസ്സ്, പാണ്ഡെ, ഋഷഭ്, ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ചാഹൽ, കുൽദീപ്, ചഹാർ, ഷമി, ഭുവനേശ്വർ കുമാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP