Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഹിറ്റ്മാൻ വീണ്ടും രക്ഷകനായി; ബംഗ്ലാദേശിനെതിരെ രാജ്‌കോട്ടിൽ ജയിക്കുമ്പോഴും നിറയുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ മണ്ടത്തരങ്ങൾ; സ്റ്റംമ്പിന് മുന്നിൽ നിന്ന് പന്ത് പിടിക്കരുതെന്ന ബാലപാഠം മറന്ന ഋഷഭ് പന്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് കളിയാക്കൽ വികാരങ്ങൾ; ധോണിക്കും ദിനേശ് കാർത്തിക്കിനും വേണ്ടി മുറവിളി കൂട്ടുന്നവർ മറക്കുന്നത് ഡ്രസിങ് റൂമിലുള്ള സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ; നാഗ്പൂരിലെ ട്വന്റി-ട്വന്റിയിൽ സഞ്ജുവിനെ കളിപ്പിക്കുമോ?

ഹിറ്റ്മാൻ വീണ്ടും രക്ഷകനായി; ബംഗ്ലാദേശിനെതിരെ രാജ്‌കോട്ടിൽ ജയിക്കുമ്പോഴും നിറയുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ മണ്ടത്തരങ്ങൾ; സ്റ്റംമ്പിന് മുന്നിൽ നിന്ന് പന്ത് പിടിക്കരുതെന്ന ബാലപാഠം മറന്ന ഋഷഭ് പന്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് കളിയാക്കൽ വികാരങ്ങൾ; ധോണിക്കും ദിനേശ് കാർത്തിക്കിനും വേണ്ടി മുറവിളി കൂട്ടുന്നവർ മറക്കുന്നത് ഡ്രസിങ് റൂമിലുള്ള സഞ്ജു സാംസൺ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ; നാഗ്പൂരിലെ ട്വന്റി-ട്വന്റിയിൽ സഞ്ജുവിനെ കളിപ്പിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ക്യാപ്റ്റൻ രോഹിത് ശർമയുടെ മികവിൽ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ 3 മത്സര പരമ്പര 1-1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പുരിൽ നടക്കും. 43 പന്തിൽ 85 റൺസ് നേടിയ രോഹിത് ശർമ്മയാണ് കളിയിലെ താരം.

100ാം രാജ്യാന്തര ട്വന്റി 20 മത്സരത്തിൽ തകർത്തടിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 43 പന്തിൽ ആറു വീത് സിക്സും ബൗണ്ടറികളും നേടിയ രോഹിത് 85 റൺസെടുത്ത് പുറത്തായി. വെറും 23 പന്തിൽ നിന്നാണ് രോഹിത് അർധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 31 റൺസെടുത്ത ശിഖർ ധവാനെ ആമിനുൾ ഇസ്ലാം പുറത്താക്കി. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ധവാൻ സഖ്യം 118 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യരും (24), കെ.എൽ രാഹുലും (8) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 60 റൺസ് ചേർത്ത ലിറ്റൺ ദാസ് - മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. 21 പന്തിൽ നാലു ബൗണ്ടറികളോടെ 29 റൺസെടുത്ത ലിറ്റൺ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. നേരത്തെ യൂസ്വേന്ദ്ര ചാഹൽ എറിഞ്ഞ ആറാം ഓവറിൽ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്തെങ്കിലും സ്റ്റമ്പിനു മുന്നിൽ കയറി പന്തു പിടിച്ചെന്ന കാരണത്താൽ വിക്കറ്റ് അനുവദിച്ചില്ല. ദാസ് നൽകിയ ഒരു ക്യാച്ച് ക്യാപ്റ്റൻ രോഹിത്തും നഷ്ടപ്പെടുത്തിയിരുന്നു.

36 റൺസെടുത്ത നയീമിനെ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി മുഷ്ഫിഖുർ റഹീമിനെയും (4) മികച്ച രീതിയിൽ ബാറ്റു ചെയ്ത സൗമ്യ സർക്കാരിനെയും (30) ചാഹൽ പുറത്താക്കി. ക്യാപ്റ്റൻ മഹ്മദുള്ള (30), അഫീഫ് ഹുസൈൻ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യയ്ക്കായി ചാഹൽ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഖലീൽ അഹമ്മദ് രണ്ടാം മത്സരത്തിലും റൺസ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായിരുന്നു. നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രോഹിത്.

ആറാം ഓവറിൽ ചെഹൽ എറിഞ്ഞ ഓവറിന്റെ മൂന്നാം പന്തിൽ ദാസിനെ പുറത്താക്കാനുള്ള സുവർണാവസരം അമിതാവേശത്തിൽ കീപ്പർ ഋഷഭ് പന്ത് പാഴാക്കി. ക്രീസ് വിട്ടിറങ്ങിയ ദാസിനെ സ്റ്റംപ് ചെയ്‌തെങ്കിലും പന്തു പിടിച്ചപ്പോൾ കീപ്പറുടെ കൈകൾ സ്റ്റംപിനു മുന്നിലായതോടെ നോബോൾ. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും പന്തായിരുന്നു. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച് വീണ്ടും വിവാദത്തിലാകുകയാണ്. ഇതോടെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ശക്തമായി. ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അപ്പോഴും ആരും മലയാളിയായ സഞ്ജു വി സാംസണു വേണ്ടി വാദിക്കുന്നില്ല. ഇന്നലേയും ഡ്രസിങ് റൂമിൽ ഇരിക്കാനായിരുന്നു സഞ്ജുവിന്റെ നിയോഗം. പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിനെ കളിപ്പിക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം. മൂന്നാം നമ്പറിൽ കെ എൽ രാഹുൽ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കാം. എന്നാൽ ഈ പരീക്ഷണം വിജയിച്ചാൽ സഞ്ജു സ്ഥിരം ടീം അംഗമാകും. ഇതിനോട് പലർക്കും താൽപ്പര്യമില്ല. കേരളത്തിൽ നിന്നുള്ള താരമായതാണ് സഞ്ജുവിന് വിനയെന്നാണ് സൂചന. ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടൽ മൂലം ഋഷഭ് പന്ത് വീണ്ടും കളിക്കാനാണ് സാധ്യത.

വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവർക്ക് കൂടുതൽ ശക്തിയോടെ അടിക്കാൻ വടി നൽകുന്നതാണ് രാജ്‌കോട്ട് ട്വന്റി20യിൽ വരുത്തിയ ചില പിഴവുകൾ. യുസ്വേന്ദ്ര ചെഹലെറിഞ്ഞ ആറാം ഓവറിൽ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതിൽ പ്രധാനം. ഇത്തരത്തിലൊരു പിഴവ് വരുത്തുന്ന താരത്തെ ഇത്രയേറെ പിന്തുണയ്ക്കുന്നവർ സഞ്ജുവിനെ നോക്കുന്നു പോലുമില്ലെന്നതാണ് വസ്തുത.

ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 12-ാം ഓവറിനിടെ പന്ത് കാണാതെ വട്ടം കറങ്ങുന്ന വിക്കറ്റ് കീപ്പർ പന്ത്! 12-ാം ഓവറിലെ നാലാം പന്ത് മുഷ്ഫിഖുർ റഹിം സ്വീപ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പർ പന്ത് ബോളിനായി വട്ടം കറങ്ങിയത്. ബോളാകട്ടെ റഹിമിന്റെ കയ്യിലും ഹെൽമറ്റിലും തട്ടി തൊട്ടുമുന്നിലാണു വീണത്. ബോൾ പിച്ചിൽ കിടക്കെ പന്തിനായി വട്ടം കറങ്ങുന്ന പന്തിന്റെ വിഡിയോയും ട്വിറ്റഴറിൽ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP