Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമൊരുക്കുമോ? കേരളാ ടീം ക്യാപ്ടന് മുന്നിലുള്ളത് സുവർണ്ണാവസരം

2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമൊരുക്കുമോ? കേരളാ ടീം ക്യാപ്ടന് മുന്നിലുള്ളത് സുവർണ്ണാവസരം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസൺ എത്തുമ്പോൾ അത് പുതിയ പ്രതീക്ഷയാണ്. മലയാളിയുടെ മനസ്സ് മുഴുവൻ 2006ൽ ദക്ഷിണാഫ്രിക്കയിൽ ശ്രീശാന്ത് നടത്തിയ ബൗളിങ് പ്രകടനമാണ്. ഇതോടെയാണ് ഇന്ത്യൻ ടീമിന്റെ ശ്രീയായി മലയാളിയുടെ ശ്രീശാന്ത് മാറിയത്. വീണ്ടും ദക്ഷിണാഫ്രിക്കൻ ഭാഗ്യം മലയാളിയെ തുണയ്ക്കുമോ? സഞ്ജു വി സാംസൺ ദക്ഷിണാഫ്രിക്കിയിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ ഏകദിന ടീമിൽ മടങ്ങിയെത്തുന്ന സഞ്ജുവിന് ഈ യാത്ര നിർണ്ണായകമാണ്.

2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനംത്തിലായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന് ഒരു മലയാളി താരം വഴിയൊരുക്കിയത്. അതിനുമുമ്പ് നടന്ന പരമ്പരകളിലൊന്നും ഒരു ടെസ്റ്റിൽ പോലും ജയിക്കാനാകാതെ മടങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ചത് പേസ് കൊണ്ടും സ്വിങ് കൊണ്ടും ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച മലയാളി താരം ശ്രീശാന്തിന്റെ ബൗളിംഗായിരുന്നു. ഇതിന് സമാനമായി ബാറ്റുകൊണ്ട് 2023ൽ സഞ്ജുവും സ്‌കിസറുകൾ ഉതിർത്ത് മലയാളിയുടെ അഭിമാനം വാനാേളം ഉയർത്തുമെന്നാണ് പ്രതീക്ഷ. കേരളാ ക്രിക്കറ്റ് ടീം നായകൻ മാനസികമായും ശാരീരികമായും അതിനുള്ള തയ്യാറെടുപ്പുകളിലാണ്. കരിയറിലെ മിന്നും ഫോമിലേക്ക് എത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

2006ൽ ജൊഹ്നാസ്ബർഗിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷ കൈവിട്ടതാണ്. എന്നാൽ ശ്രീശാന്ത് വീറോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് കേവലം 84 റൺസിൽ അവസാനിച്ചു. സ്വിങ് ബൗളിംഗിന്റെ സൗന്ദര്യം മുഴുവൻ പന്തുകളിലാവാഹിച്ച് ശ്രീ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രി ആടിയുലഞ്ഞു. 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു ആദ്യ ഇന്നിങ്‌സിൽ ശ്രീശാന്ത് പിഴുതെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റും.

ഉഗ്രനൊരു ഇൻസ്വിഗറിലൂടെ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്തിനെ മടക്കിയ ശ്രീ ഹാഷിം അംലയെയും പിന്നാലെ മടക്കി. പിന്നീടായിരുന്നു ഒരുപക്ഷെ ശ്രീശാന്ത് കരിയറിൽ തന്നെ എറിഞ്ഞിട്ടുള്ളതിൽ ഏറ്റവും മികച്ച പന്ത് പിറന്നത്. അതിന് മുന്നിൽ വീണതോ ദക്ഷിണാഫ്രിക്കൻ നിരയിലെയെന്നു മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിരുന്ന ജാക് കാലിസും. മാർക്ക് ബൗച്ചറെയും ഷോൺ പൊള്ളോക്കിനയും കൂടി മടക്കിയാണ് ശ്രീ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അവിസ്മരണീയമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ കാലിസിനെ പുറത്താക്കിയ ബൗൺസർ ഇന്നും അത്ഭുതമാണ്. ആന്ദ്രെ നെല്ലിനെ സ്‌കിസറിന് പകർത്തിയ ശ്രീശാന്തിന്റെ ബാറ്റ് ചുഴറ്റിയുള്ള ഡാൻസും ഹിറ്റായി. അങ്ങനെ മലയാളി ക്രക്കറ്റർക്ക് ആ പരമ്പര അഭിമാനമാണ് നൽകിയത്.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ച ശ്രീശാന്ത് തന്നെയായിരുന്നു ആ മത്സരത്തിൽ കളിയിലെ താരവും. ഇതിന് അപ്പുറത്തെ പ്രകടനം 2023ൽ സഞ്ജുവെന്ന ബാറ്റർക്ക് അനിവാര്യതയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡുകളെ ബിസിസിഐ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരുടെ കീഴിലുള്ള ടീമുകളെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ടെസ്റ്റിൽ രോഹിത് ശർമയും, ഏകദിനത്തിൽ കെ എൽ രാഹുലും, ടി20യിൽ സൂര്യകുമാർ യാദവുമാണ് ടീം ഇന്ത്യയെ നയിക്കുക. തീർത്തും അപ്രതീക്ഷിതമായ ഒരു വിളിയാണ് സഞ്ജുവിന് ഏകദിന സ്‌ക്വാഡിലേക്ക് വന്നിരിക്കുന്നത്. അത് പൂർണ്ണമായും ഉപയോഗിച്ചേ മതിയാകൂ. കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് സഞ്ജു ഉയരണം.

ഏഷ്യാകപ്പിലും പിന്നാലെ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു സാംസണെ നിലവിൽ ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഏറെ താൽപ്പര്യത്തോടെയാണ് സഞ്ജുവിനെ ടീമിലേക്ക് എടുക്കുന്നത്. സഞ്ജു സാംസണുമായി അഗാർക്കർ മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സൂചനകളെത്തിയിരുന്നു. ഏതായാലും സഞ്ജുവിനെ അഗാർക്കർ കൈവിട്ടില്ല. അഗാർക്കർ പറഞ്ഞ വാക്ക് പാലിച്ചുവെന്നും ഇനി സഞ്ജുവിന്റെ കൈയിലാണ് ബാക്കി കാര്യങ്ങളെന്നും ആരാധകർ പറയുന്നു.

രോഹിത് ശർമയ്ക്കും രാഹുൽ ദ്രാവിഡിനും വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ എൽ രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. പ്രധാന കളിക്കാരിൽ പലരുമില്ലാത്തതുകൊണ്ട് ഈ പരമ്പരയിൽ സഞ്ജുവിന് മികച്ച റോൾ തന്നെ കിട്ടുമെന്ന് ഉറപ്പാണ്. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ടീമിൽ സ്ഥാനം സഞ്ജുവിന് സ്ഥിരമാകും. ഈ ദക്ഷിണാഫ്രിക്കൻ പര്യടനം മലയാളി താരത്തിന് ഒരു സുവർണാവാസരം തന്നെയാണ്.

ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്

റുതുരാജ് ഗെയിക്ക്വാദ്
സായ് സുദർശൻ
തിലക് വർമ
രജിത് പട്ടീധാർ
റിങ്കു സിങ്
ശ്രേയസ് അയ്യർ
കെ എൽ രാഹുൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ)
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
അക്‌സർ പട്ടേൽ
വാഷിങ്ടൺ സുന്ദർ
കുൽദീപ് യാദവ്
യുസ്വേന്ദ്ര ചഹൽ
മുകേഷ് കുമാർ
ആവേശ് ഖാൻ
അർഷ്ദീപ് സിങ്ങ്
ദീപക് ചഹർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP