Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ട്വന്റി ട്വന്റി ടീമിൽ; ധോണി കളിപ്പിക്കുമോ എന്ന് കണ്ടറിയാം; വിൻഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിലും മാറ്റങ്ങൾ

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ട്വന്റി ട്വന്റി ടീമിൽ; ധോണി കളിപ്പിക്കുമോ എന്ന് കണ്ടറിയാം; വിൻഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിലും മാറ്റങ്ങൾ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ സഞ്ജു വി സാംസണിന് വീണ്ടും വിളിയെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തിനുള്ള ടീമിലേക്കാണ് പത്തൊൻപതുകാരനായ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. കട്ടക്കിൽ നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തിനുള്ള മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലെ പതിനാലംഗ ടീമിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ യുവ പ്രതിഭയെ സെലക്ടർമാർ ഉൾപ്പെടുത്തിയത്.

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ ഇടതു കൈയൻ ബൗളർ അക്ഷർ പട്ടേലിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. അക്ഷർ പട്ടേലിനെ ട്വന്റി ട്വന്റി ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സഞ്ജുവിനെ ഏകദിനത്തിൽ പരിഗണിച്ചില്ല. കർണ്ണാടകയുടെ മനീഷ് പാണ്ഡെയും ട്വന്റി ട്വന്റി ടീമിലുണ്ട്. ഏകദിനത്തിന് 15 പേരെയും ട്വന്റി ട്വന്റിക്ക് 14 പേരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന-ട്വന്റി ട്വന്റി ടീമുകളിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരവസരം പോലും ടീം മാനേജ്‌മെന്റ് സഞ്ജുവിന് നൽകിയില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനത്തിലോ ട്വന്റി ട്വന്റിയിലോ സഞ്ജു ഇന്ത്യൻ കുപ്പായമണിയുമെന്നാണ് കരുതിയിരുന്നത്. ഏകദിന പരമ്പര നേടിയ ശേഷമുള്ള അവസാന മത്സരത്തിൽ സഞ്ജു കളിക്കുമെന്ന് ഏവരും ഉറപ്പിച്ചു. പക്ഷേ ക്യാപ്ടൻ ധോണി തന്നെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി അവതരിച്ചത്. ഇംഗ്ലണ്ടിലെ ട്വന്റി ട്വന്റിയിൽ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജു എത്തുമെന്നും വിലയിരുത്തലുണ്ടായി. അതും നടന്നില്ല.

തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏകദിന ടീമിൽ മലയാളി കളിക്കുമെന്നും പ്രതീക്ഷിച്ചു. പരമ്പരയിലെ ആദ്യ ഏകദിനം കൊച്ചിയിലെന്നതും ഇതിന് കാരണമായി. എന്നാൽ നിരാശയായിരുന്നു ഫലം. ഇംഗ്ലണ്ടിൽ ഒരു മത്സരം പോലെ കളിപ്പിക്കാത്ത സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. ക്യാപ്ടൻ ധോണിയുള്ളതിനാൽ മറ്റൊരു വിക്കറ്റ് കീപ്പർക്ക് സാധ്യതയില്ലെന്നാണ് വിശദീകരണങ്ങൾ. ഇതിനെ സുനിൽ ഗവാസ്‌കർ പോലും വിമർശിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജുവിനെ ഉൾപ്പെടുത്താമെന്ന് സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താകണം ട്വൻി ട്വന്റി ടീമിൽ യുവതാരത്തെ നിലനിർത്തുന്നത്.

കട്ടക്കിലെ ട്വന്റി ട്വന്റിയിലും ക്യാപട്‌നായി ധോണിയുണ്ട്. അതുകൊണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത വിരളമാണ്. പതിനാലംഗ ടീമിൽ നിന്ന് മലയാളിയുടെ ബാറ്റിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ടീം മാനേജ്‌മെന്റ് അവസാന പതിനൊന്ന് പേരെ തീരുമാനിച്ചാലേ ഇന്ത്യൻ കുപ്പായത്തിൽ സീനിയർ ടീമിനായി കളത്തിലിറങ്ങുകയെന്ന സഞ്ജുവിന്റെ മോഹം പൂവണിയൂ. അല്ലെങ്കിൽ ക്യാപ്ടൻ ധോണി സ്വയം ടീമിൽ നിന്ന് മാറണം. വിൻഡീസിനെതിരെ ഏക ട്വന്റി ട്വന്റി മത്സരം മാത്രമുള്ളതിനാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ പ്രിമയർ ലീഗിലെ ആദ്യ സെഞ്ച്വറിക്കുടമയാണ് മനീഷ് പാണ്ഡെ. ചാമ്പ്യൻസ് ലീഗിലെ മികവുമായാണ് മനീഷ് പാണ്ഡെ ട്വന്റി ട്വന്റി ടീമിലെത്തിയത്. സഞ്ജുവിനെ പോലെ മനീഷും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ല. ഏതെങ്കിലും ഒരു ബാറ്റ്‌സ്മാന് അരങ്ങേറ്റം കുറിക്കാൻ അവസരം നൽകിയാലും സഞ്ജുവിനേക്കാൾ പരിഗണന മനീഷ് പാണ്ഡെയ്ക്ക് ലഭിക്കുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ പരിഗണനകൾ വിട്ട് സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് മാനേജ്‌മെന്റ് തീരുമാനമെടുത്താൽ മാത്രമേ മലയാളിയുടെ കാത്തിരിപ്പിന് അവസാനമാകൂ.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കില്ലെന്നും ഉറപ്പായി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി റെസ്റ്റ് ഓഫ് ഇന്ത്യയുമായി വിൻഡീസ് പരിശീലന മത്സരം കളിക്കുന്നുണ്ട്. സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ബംഗാളിന്റെ വൃദ്ധിമാന്‍ സാഹയാണ് റെയ്‌ന നയിക്കുന്ന ടീമിലെ വിക്കറ്റ് കീപ്പർ. കർണ്ണാടകയ്ക്കായി കളിക്കുന്ന മലയാളി കരൺ നായരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദിന ടീം
മഹേന്ദ്ര സിങ് ധോണി (ക്യാപ്ടൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, മുരളി വിജയ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ

ട്വന്റി ട്വന്റി ടീം
മഹേന്ദ്ര സിങ് ധോണി (ക്യാപ്ടൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സ്റ്റുവർട്ട് ബിന്നി, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കരൺ ശർമ്മ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, മനീഷ് പാണ്ഡെ, സഞ്ജു വി സാംസൺ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP