Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലന്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 'സച്ചിനായത്' സഞ്ജു സാംസൺ; സഞ്ജുവിന്റെ പേരു കേൾക്കവേ ആർപ്പു വിളിച്ചു മലയാളികളായ ഇന്ത്യൻ ആരാധകർ; പ്രതീക്ഷ കാത്തു തകർപ്പൻ ഇന്നിങ്‌സുമായി മലയാളി താരം; ഇന്ത്യൻ ജേഴ്സിയിലെ ആദ്യ അർധസെഞ്ച്വറി കുറിച്ചു മറുപടി നൽകിയത് പതിവു വിമർശകരായ മുൻതാരങ്ങൾക്കും

അയർലന്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 'സച്ചിനായത്' സഞ്ജു സാംസൺ; സഞ്ജുവിന്റെ പേരു കേൾക്കവേ ആർപ്പു വിളിച്ചു മലയാളികളായ ഇന്ത്യൻ ആരാധകർ; പ്രതീക്ഷ കാത്തു തകർപ്പൻ ഇന്നിങ്‌സുമായി മലയാളി താരം; ഇന്ത്യൻ ജേഴ്സിയിലെ ആദ്യ അർധസെഞ്ച്വറി കുറിച്ചു മറുപടി നൽകിയത് പതിവു വിമർശകരായ മുൻതാരങ്ങൾക്കും

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: അയർലന്റിലെ മാലഹൈഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ സഞ്ജു സാംസന്റെ ദിവസമായിരുന്നു. സഞ്ജു ടീമിലുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ ഗ്യാലറി ഇളകി മറിയുകയായിരുന്നു. മലയാളികൾ ഏറെയുള്ള അയർലന്റിൽ ഇന്നലെ കളി കാണാൻ ഒഴുകി എത്തിയതും മലയാളി കൂട്ടമായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് 'സച്ചിനായത്' സഞ്ജുവായിരുന്നു. കിട്ടിയ അവസരങ്ങളിൽ എല്ലാം അവർ സഞ്ജുവിന് വേണ്ടി ആർപ്പു വിളിച്ചു. അവരുടെ ആവേശം അണിയാതിരിക്കാൻ സഞ്ജു നല്കിയതാകട്ടെ ഒരു തകർപ്പൻ ഇന്നിങ്‌സും.

ഇന്ത്യ- അയർലൻഡ് രണ്ടാം ട്വന്റി 20യിൽ പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണറായിട്ടായിരുന്നു സഞ്ജുവിന് അവസരം കിട്ടിയത്. സഞ്ജു ടീമിലുണ്ട് എന്ന് അറിയിച്ചപ്പോൾ കിട്ടിയ വരവേൽപ്പ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും അക്ഷരാർഥത്തിൽ സ്തബ്ധനാക്കി. ടോസിന് ശേഷം ടീമിൽ മാറ്റം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഗെയ്ക്വാദിനു പകരം സഞ്ജു കളത്തിലിറങ്ങുമെന്ന് പറഞ്ഞതും ഗ്രൗണ്ട് മുഴുവൻ ആർപ്പുവിളിച്ചതുമൊരുമിച്ചായിരുന്നു.

ഇത് കണ്ട് ത്രില്ലടിച്ച ഹാർദിക് 'ഗ്രൗണ്ടിലെ ഒരുപാട് പേർക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു' എന്നു പറഞ്ഞു. ഇതോടെ ആവേശം ഉച്ചസ്ഥായിയിലെത്തി. ഗ്രൗണ്ട് നിറയെ 'സഞ്ജു, സഞ്ജു' വിളികൾ ഉയർന്നു. ആദ്യ മത്സരത്തിൽ സഞ്ജുവിനെ പരിഗണിക്കാതെ ഋതുരാജിന് അവസരം നൽകിയതിനെ എതിർത്തു ആരാധകരും കളിയെഴുത്തുകാരും രംഗത്തെത്തിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി കരിയറിലെ ആദ്യ അർധസെഞ്ചറി നേടി ആരാധകരുടെ പ്രതീക്ഷ സഞ്ജു കാത്തു. 42 പന്തിൽ 77 റൺസ് നേടി മികച്ച ബാറ്റിങ്ങാണ് സഞ്ജു കാഴ്ച വച്ചത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു ദീപക് ഹൂഡയുമായി ചേർന്ന് ഉയർത്തിയ 176 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്ത് പകർന്നു.

സഞ്ജുവിന്റെ ഈ ഇന്നിങ്‌സ് ചിലർക്കുള്ള മറുപടി കൂടിയാണ്. ഏറേ കാലമായി ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും തഴയപ്പെട്ട കളിക്കാരനാണ് സഞ്ജു വി സാംസൺ. ട്വന്റി-20 ക്രിക്കറ്റിൽ വലിയ റൺ നേടുന്നതിനേക്കാൾ ടീമിന് ആവശ്യമുള്ള റൺ കണ്ടെത്തലാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന താരമാണ് സഞ്ജു. എന്നാൽ അറ്റാക്കിങ് ഗെയ്മിനേക്കാൾ ഇന്ത്യൻ സെലക്റ്റർമാർ സ്റ്റാറ്റ്സിന് പ്രാധാന്യ കൊടുക്കുന്നത് കാരണം സഞ്ജുവിന് പലപ്പോഴു അർഹിക്കുന്ന അവസരം ലഭിച്ചിരുന്നില്ല. ഇതോടെ നിരന്തരം വിമർശനവുമായി മുൻ താരങ്ങൾ അടക്കമുള്ളവരും രംഗത്തുവന്നു.

എങ്കിലും തനിക്ക് അവസരം കിട്ടുമ്പോഴൊന്നും അദ്ദേഹം തന്റെ സ്ഥിരം ശൈലി മാറ്റാറില്ല. ഇതാണ് അദ്ദേഹത്തെ സ്പെഷ്യലാക്കുന്നതും. സഞ്ജു ഒരു സൗത്ത് ഇന്ത്യൻ ആയതിനാൽ പല മുൻ താരങ്ങളും അനലിസ്റ്റുകളും അദ്ദേഹത്തിലെ ടാലന്റിനെ അവഗണിക്കാറുണ്ടായിരുന്നു. എന്നാൽ ഐ.പി.എല്ലിൽ രാജസ്ഥാനെ റണ്ണർ അപ്പുകൾ ആക്കിയതിന് ശേഷം ആദ്യമായി ടീമിൽ എത്തിയിരിക്കുകയാണ് താരം. അയർലൻഡിനെതിരെയുള്ള രണ്ട് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്.

കിട്ടിയ അവസരമെന്നോണം സഞ്ജു തകർത്തു കളിച്ചു. ഇന്നിങ്സിന്റെ തുടക്കത്തിൽ നങ്കൂരമിട്ടു കളിച്ച സഞ്ജു പിന്നീട് തന്റെ സ്ഥിരശൈലിയിൽ അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ ജേഴ്സിയിലെ തന്റെ ആദ്യ അർധസെഞ്ച്വറിയും അദ്ദേഹം പൂർത്തിയാക്കി. അതിന് ശേഷം കണ്ടത് സംഹാര താണ്ഡവമായിരുന്നു.

സെഞ്ച്വറി നേടിയ ദീപക് ഹൂഡയുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഒടുവിൽ 42 പന്തിൽ 9 ഫോറുകളും ആറ് സിക്സറുകളുമായി 77 റൺസ് നേടി അദ്ദേഹം കളം വിട്ടു. ട്വന്റി 20-യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഇതോടെ സഞ്ജു - ഹൂഡ സഖ്യത്തിന്റെ പേരിലായി. 2017-ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരേ രോഹിത് ശർമ - കെ.എൽ രാഹുൽ സഖ്യം നേടിയ 165 റൺസിന്റെ റെക്കോഡാണ് ഇരുവരും തിരുത്തിയെഴുതിയത്. 17-ാം ഓവറിൽ സഞ്ജുവിനെ മടക്കി മാർക്ക് അഡയർ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. നേരത്തേ മുൻ താരങ്ങളായ ഒരുപാട് കളിക്കാർ സഞ്ജുവിന് അവസരം നിശേധിച്ചിരുന്നു. ഒരുപാട് തവണ തന്റെ കഴിവ് തുറന്നു കാട്ടിയിട്ടും അതിൽ സംശയിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ഇന്നിങ്സ്.

അതേസമയം ഇന്ത്യ ഉയർത്തിയ വെല്ലുവിളിയെ അതേ നാണയത്തിലാണ് അയർലന്റും നേരിട്ടത്. അവസാനവ പന്തുവരെ ആവേശം നിലനിന്ന മത്സരത്തിൽ നാല് റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.

ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്ക് അത്ഭുതകരമായി ബാറ്റ് വീശിയ അയർലൻഡ് വിജയപ്രതീക്ഷ അവസാന പന്തിൽ വരെ നിലനിർത്തിയാണ് പൊരുതിക്കീഴടങ്ങിയത്. 37 പന്തുകളിൽ നിന്ന് 60 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനിയും 18 പന്തുകളിൽ നിന്ന് 40 റൺസെടുത്ത ഓപ്പണർ സ്റ്റിർലിങ്ങും അയർലൻഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്ടർ (39), ജോർജ് ഡോക്റൽ (34*), മാർക്ക് അഡൈർ (23*) എന്നിവരും തിളങ്ങി.

ഇന്ത്യൻ ബൗളർമാർ കണക്കിന് തല്ലുവാങ്ങി. നാലോവർ ചെയ്ത എല്ലാ ബൗളർമാരും 40 റൺസിന് മുകളിൽ റൺസ് വഴങ്ങി. ഹർഷൽ പട്ടേൽ 54 റൺസാണ് വഴങ്ങിയത്. അവസാന ഓവർ നന്നായി ചെയ്ത ഉംറാൻ മാലിക്കാണ് ടീമിന് വിജയം സമ്മാനിച്ചത്. ഉംറാൻ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP