Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അവഗണിച്ചവർക്ക് മുന്നിൽ മനോഹരമായി മറുപടി കൊടുത്ത സഞ്ജുവിന്റെ മധുരപ്രതികാരം; അന്ന് രാഹുലിനൊപ്പം ഇറങ്ങാൻ മടിച്ചെങ്കിൽ ഇന്ന് രാഹുലിന് മുന്നിൽ അർധ സെഞ്ചുറി; നേരിട്ട ആദ്യത്തെ പന്തിൽ അരക്കു മുകളിൽ കുത്തിയുയർന്നു വരുന്ന പന്തിനെ അത്രമേൽ അനായാസമായി ഒപുൾഷോട്ടിലൂടെ സിക്‌സർ പായിച്ച മികവ്; സഞ്ജുവിന്റെ വിജയകഥ

മറുനാടൻ ഡെസ്‌ക്‌

ഞ്ജു സാംസണിന് ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത് 2014ലാണ്. ഒട്ടേറെ സ്വപ്നങ്ങളുമായി ടീമിലെത്തിയ യുവതാരത്തിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. അന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന ധോണിയുടെ സാന്നിധ്യത്തിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കുക തീർത്തും പ്രയാസമായിരുന്നു. മനഃപൂർമല്ലെങ്കിലും അരങ്ങേറ്റം 'വൈകിച്ച' അതേ ധോണിയെ വിക്കറ്റിനു പിന്നിൽ സാക്ഷി നിർത്തിയാണ് തകർപ്പൻ അർധസെഞ്ചുറിയുമായി ഐപിഎൽ 13ാം സീസണിൽ സഞ്ജു 'അരങ്ങേറി'യത്.

അടിച്ചുകൂട്ടിയത് 32 പന്തിൽ 74 റൺസ്. ഒരേയൊരു ഫോറും ഒൻപതു പടുകൂറ്റൻ സിക്‌സുകളും നിറം ചാർത്തിയ ഇന്നിങ്‌സ്. മത്സരം രാജസ്ഥാൻ സ്വന്തമാക്കിയപ്പോൾ കളിയിലെ കേമനായത് സഞ്ജു തന്നെ.

ഇനി മറ്റൊരു ഫ്‌ളാഷ് ബാക്ക്. ഈ വർഷം ആദ്യം ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ വെല്ലിങ്ടനിൽ നടന്ന നാലാം ട്വന്റി20 മത്സരമാണ് വേദി. മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടതോടെ കെ.എൽ. രാഹുലിന് കൂട്ടായി ഇറക്കാൻ ക്യാപ്റ്റൻ വിരാട് കോലി ആദ്യം തീരുമാനിച്ചത് സഞ്ജു സാംസണിനെ. എന്നാൽ, സഞ്ജുവിനേപ്പോലെ തീരെ മത്സരപരിചയമില്ലാത്തൊരു താരം തനിക്കൊപ്പം ഇറങ്ങുന്നതിൽ സംശയം പ്രകടിപ്പിച്ച രാഹുലിന് കൂട്ടായി ഒടുവിൽ കോലി തന്നെ കളത്തിലിറങ്ങി.

അന്ന് പരിചയക്കുറവിന്റെ പേരിൽ ഒപ്പം ഇറങ്ങാൻ മടി കാണിച്ച അതേ രാഹുലിനെ വിക്കറ്റിന് പിന്നിൽ സാക്ഷിനിർത്തിയായിരുന്നു ഷാർജയിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സഞ്ജുവിന്റെ ഐതിഹാസികപ്രകടനം. രാഹുൽ നയിച്ച ടീമിനെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 42 പന്തിൽ 85 റൺസ്. നാലു ഫോറും ഏഴു സിക്‌സും സഹിതമായിരുന്നു ഇത്. വീണ്ടും കളിയിലെ കേമനായത് സഞ്ജു തന്നെ. തന്നെ അവഗണിച്ചവർക്ക് മുന്നിൽ ഇത്രയും മനോഹരമായി മറുപടി കൊടുത്ത സഞ്ജുവിന് ഒരു ബിഗ് സല്യൂട്ട്...!

അരക്കു മുകളിൽ കുത്തിയുയർന്നു വരുന്ന പന്തിനെ അത്രമേൽ അനായാസമായി ഒരു പുൾഷോട്ടിലൂടെ സിക്‌സർ പായിക്കുക, അതും നേരിട്ട ആദ്യത്തെ പന്ത്! ഇത്രയും പോരെ സഞ്ജു സാംസൺ എന്ന കളിക്കാരനെ വിലയിരുത്താൻ? മറ്റേതൊരു ബാറ്റ്‌സ്മാനും ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ ഇന്നിങ്‌സിനിടെ കളിക്കുന്ന ഈ ഷോട്ട്, സഞ്ജു തന്റെ തന്റെ കരിയറിൽ എത്രയോ ഇന്നിങ്‌സുകളുടെ തുടക്കത്തിൽ കളിച്ചു! 13ാം ഓവർ എറിഞ്ഞ ജയിംസ് നീഷമിന്റെ ആദ്യ പന്തുതന്നെ ഡീപ് എക്‌സ്ട്രാ കവറിൽ സിക്‌സ്. അതും ഗുഡ് ലെങ്തിൽ വന്നൊരു സ്ലോ ബോൾ. പന്ത് അതിർത്തി കടക്കും മുൻപേ സഞ്ജുവിന് ജയിംസ് നീഷമിന്റെ അഭിനന്ദനം. ഇതിൽപ്പരം വേറെ എന്തു വേണം ഒരു ബാറ്റ്‌സ്മാന്?

തന്നെ തഴഞ്ഞവർക്കു മുന്നിൽ സ്വയം തെളിയിച്ചു കൊടുക്കേണ്ടത് സഞ്ജു സാംസണിന്റെ മാത്രം ആവശ്യമായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അതിനുള്ള കഠിനാധ്വാനത്തിലായിരുന്നു അയാൾ. ഐപിഎൽ കമന്ററി ബോക്‌സിൽ ലോക്ഡൗൺ കാലത്തു ചെയ്ത വർക്ക് ഔട്ടുകളുടെ പേരിൽ ഒരൊറ്റ ഇന്ത്യൻ താരത്തിന്റെ പേരേ പരാമർശിച്ചിട്ടുള്ളൂ. അത് സഞ്ജു സാംസണിന്റെ പേരാണ്.

നല്ല പന്തുകളെ പ്രതിരോധിക്കുക. തനിക്ക് പാകത്തിൽ വരുന്ന പന്തുകൾ അടിച്ച് പരത്തുക. ക്രിക്കറ്റിൽ ഏറ്റവും നിസാരം എന്ന് തോന്നിപ്പിക്കുന്ന വളരെ ബുദ്ധിമുട്ടുള്ള സംഗതി. അത് എത്ര മനോഹരമായി സഞ്ജു കൈകാര്യം ചെയ്യുന്നു എന്ന് കഴിഞ്ഞ രണ്ടു കളികളിൽ നാം കണ്ടതാണ്. ഏറ്റവും അനായാസമായി വലിയ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു.

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഫോമിൽ നിൽക്കുമ്പോൾ വളരെ അനായാസമായി സിക്‌സറുകൾ പറത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ക്രീസിൽ നിലയുറപ്പിച്ച ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് അത് അത്ര വലിയ വെല്ലുവിളിയല്ല. ഇക്കാര്യത്തിൽ സഞ്ജു വ്യത്യസ്തനാണ്. നേരിടുന്ന ആദ്യ പന്തിൽപ്പോലും ഇത്രമേൽ അനായാസമായി സിക്‌സർ നേടുന്ന ഒരു താരം വേറെയുണ്ടോ എന്ന് സംശയം.

സുനിൽ ഗാവസ്‌കർ, സച്ചിൻ തെൻഡുൽക്കർ, ഗൗതം ഗംഭീർ, ഷെയ്ൻ വോൺ, കെവിൻ പീറ്റേഴ്‌സൺ, ബ്രയാൻ ലാറ തുടങ്ങിയവർ മുൻപേ സഞ്ജുവിനുള്ളിൽ ഒരു പ്രതിഭ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വാദിച്ചവരാണ്. പക്ഷേ, കാണേണ്ടവർ കണ്ടില്ല. 'ത്രീഡി' എന്ന വിശേഷണത്തോടെ വിജയ് ശങ്കറിനെയും ഇന്ത്യയുടെ അടുത്ത യുവരാജ് എന്ന് വിളിച്ച് ശിവം ദുബെയെയും ഉയർത്തിപ്പിടിച്ച് നടക്കുമ്പോൾ രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ സഞ്ജുവിനെ മനഃപൂർവം അവഗണിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP