Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്വന്റി 20 ലോകകപ്പ്: ഇന്ത്യൻ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചുപേരും ബൗൾ ചെയ്യാത്തവർ; പരിഗണിച്ചത് പന്തെറിയാൻ കഴിയുന്ന ഒരു ബാറ്ററെ; സഞ്ജുവിനെ തഴഞ്ഞ് ഹൂഡയെ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി സെലക്ടർ; വിമർശിച്ച് ആരാധകർ

ട്വന്റി 20 ലോകകപ്പ്: ഇന്ത്യൻ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചുപേരും ബൗൾ ചെയ്യാത്തവർ; പരിഗണിച്ചത് പന്തെറിയാൻ കഴിയുന്ന ഒരു ബാറ്ററെ; സഞ്ജുവിനെ തഴഞ്ഞ് ഹൂഡയെ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി സെലക്ടർ; വിമർശിച്ച് ആരാധകർ

സ്പോർട്സ് ഡെസ്ക്

മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ട്വന്റി 20 കളിക്കാരിലൊരാളെ ഉപയോഗിക്കുന്നതിൽ സെലക്ടർമാർ വീണ്ടും പരാജയപ്പെട്ടുവെന്നും സഞ്ജുവിനെ തഴഞ്ഞതിന് ക്യാപ്റ്റനും ടീം മാനേജ്‌മെന്റും പഴയ പല്ലവിയുമായി വീണ്ടും വരുമെന്നുമാണ് ആരാധകർ വിമർശിക്കുന്നത്.

സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്. സഞ്ജുവിന് റിസർവ് താരങ്ങളുടെ പട്ടികയിൽ പോലും ഇടം നൽകാതിരുന്ന സെലക്ഷൻ കമ്മിറ്റി ശ്രേയസ് അയ്യരെയാണ് സ്റ്റാൻഡ് ബൈ താരമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റുവും മികച്ച ശരാശരിയും പ്രഹരശേഷിയും പുറത്തെടുത്ത താരമായിട്ടും സഞ്ജു തഴയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്.

എന്നാൽ സഞ്ജുവിനെ തഴയാനുള്ള കാരണം സെലക്ഷൻ കമ്മിറ്റി അംഗം ഇൻസൈഡ് സ്‌പോർട്ടിനോട് വിശദീകരിച്ചു. സഞ്ജു സാംസൺ ലോക ക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ കളിക്കാരിലൊരാളണെന്നതിൽ സംശയമില്ല. പക്ഷെ ടീമിനെ തെരഞ്ഞെടുക്കുമ്പോൾ കോംബിനേഷനുകളാണ് പ്രധാനം. ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളത്. എന്നാൽ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചുപേരിൽ ഒരാൾ പോലും ബൗൾ ചെയ്യുന്നവരല്ല. മത്സരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ ഒന്നോ രണ്ടോ ഓവർ പന്തെറിയാൻ കഴിയുന്ന ഒരു ബാറ്ററെയാണ് ഞങ്ങൾ നോക്കിയത്. ഹൂഡയ്ക്കാണെങ്കിൽ അതിന് കഴിയും. ബാറ്ററെന്ന നിലയിലും ഹൂഡ കഴിവു തെളിയിച്ചിട്ടുണ്ടെന്നും സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞു.

എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ ഫെബ്രുവരിയിൽ ഇന്ത്യക്കായി അരങ്ങേറിയ ഹൂഡ ഇതുവരെ ഒമ്പത് ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇതിൽ 30ന് മുകളിലുള്ള മൂന്ന് സ്‌കോറുകളും ഒരു സെഞ്ചുറിയും ഉണ്ട്. 155.85 എന്ന മികച്ച പ്രഹരശേഷിയും 41.85 എന്ന മികച്ച ബാറ്റിങ് ശരാശരിയുമുണ്ട്.

എന്നാൽ കഴിഞ്ഞ അഞ്ച് കളികളിലെ കണക്കെടുത്താൽ സഞ്ജുവിന് ഹൂഡയെക്കാൾ മികച്ച സ്‌ട്രൈക്ക് റേറ്റും ബാറ്റിങ് ശരാശരിയുമുണ്ടെന്നതാണ് വസ്തുത. ടി20 ക്രിക്കറ്റിൽ കഴിഞ്ഞ അഞ്ച് കളികളിൽ സഞ്ജുവിന് 44.75 ശരാശരിയും 158.40 സ്‌ട്രൈക്ക് റേറ്റുമുണ്ട്. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജു 28.63 ശരാശരിയിൽ 146.79 പ്രഹരശേഷേയിൽ 458 റൺസടിച്ചപ്പോൾ ഹൂഡ 136.67 പ്രഹരശേഷിയിൽ 451 റൺസാണ് നേടിയത്.

കൂടാതെ ഈ വർഷം ഇന്ത്യക്കായി കളിച്ച നാലു വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും പ്രഹരശേഷിയും സഞ്ജുവിനായിരുന്നു എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിന് 44.7 ശരാശരിയും 158.4 പ്രഹരശേഷിയുമുള്ളപ്പോൾ ഇഷാൻ കിഷന് 30.7 ശരാശരിയും 130.3 പ്രഹരശേഷിയും റിഷഭ് പന്തിന് 25.9 ശരാശരിയും 133.5 പ്രഹരശേഷിയും ദിനേശ് കാർത്തിക്കിന് 21.4 ശരാശരിയും 133.3 പ്രഹരശേഷിയുമാണുള്ളതെന്നും ആരാധകർ പറയുന്നു. അടുത്തമാസം ഓസ്‌ട്രേലിയയിലാണ് ട്വന്റി 20 ലോകകപ്പ്. ഒക്ടോബർ 23ന് മെൽബണിൽ പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ദീപക് ഹൂഡയെ ടീമിലെടുത്താൽ ഇന്ത്യക്ക് ആറാം ബൗളറായി ഉപയോഗിക്കാനാവുമെങ്കിലും അക്‌സർ പട്ടേലും ആർ അശ്വിനും ടീമിലുള്ളതിനാൽ ദീപക് ഹൂഡക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP