Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തിളങ്ങിയാൽ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാം; മുമ്പു അവസരങ്ങൾ ലഭിച്ചപ്പോൾ തിളങ്ങാതിരുന്ന താരത്തിന് അന്തിമ ഇലവനിൽ അവസരം നൽകുമോ എന്നും കണ്ടറിയണം; ഐപിഎല്ലിൽ തുടർ മത്സരങ്ങളിലും മിന്നും ഫോമിൽ തുടർന്നാൽ കോലിക്കും അവഗണിക്കാൻ കഴിയാതെ വരും; ഓസീസ് പര്യടനം സഞ്ജുവിന് വലിയ വെല്ലുവിളി

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തിളങ്ങിയാൽ സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാം; മുമ്പു അവസരങ്ങൾ ലഭിച്ചപ്പോൾ തിളങ്ങാതിരുന്ന താരത്തിന് അന്തിമ ഇലവനിൽ അവസരം നൽകുമോ എന്നും കണ്ടറിയണം; ഐപിഎല്ലിൽ തുടർ മത്സരങ്ങളിലും മിന്നും ഫോമിൽ തുടർന്നാൽ കോലിക്കും അവഗണിക്കാൻ കഴിയാതെ വരും; ഓസീസ് പര്യടനം സഞ്ജുവിന് വലിയ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് സന്തോഷം പകരുന്ന വാർത്ത വന്നത് മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു എന്നതായിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള ട്വന്റി 20 ടീമിലാണ് സഞ്ജു സാംസൺ ഇടംപിടിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. അതേസമയം മുമ്പ് അവസരങ്ങൾ ലഭിച്ചപ്പോൽ അതിൽ തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് സഞ്ജുവിനുള്ള ലാസ്റ്റ് ചാൻസാണ് എന്നു വേണമെങ്കിൽ കരുതാം.

ട്വന്റി 20 മത്സരത്തിൽ അന്തിമ ഇലവനിൽ ഇടംപിടിക്കുക എന്നതു തന്നെയാണ് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഉയരുന്ന കനത്ത വെല്ലുവിളി. കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കാൻ വിരാട് കോലി തീരുമാനിച്ചാൽ സഞ്ജുവിന് മുന്നിൽ അവസരം അടയുമെന്ന ആശങ്ക ശക്തമാണ്. അതേസമയം ഐപിഎല്ലിലെ ഫോം കണക്കിലെടുത്തു സഞ്ജുവിനെ അന്തിമ ഇലവനിൽ കോലി ഉൾപ്പെടുത്തിയേക്കും.

എങ്ങനെ പോയാലും ഐപിഎല്ലിലെ തുടർ മത്സരങ്ങളും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. കോവിഡിനോട് കൂടി മത്സരിച്ചു വേണം ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസീസിൽ മത്സരം പൂർത്തിയാക്കാൻ വിരാട് കോലിയാണ് മൂന്നു ഫോർമാറ്റിലും നായകൻ. പരുക്കുള്ള രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ പരിഗണിച്ചിട്ടില്ല. ഇതിൽ രോഹിത് ശർമ്മ തിരികെ ടീമിൽ എത്തിയേക്കുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ചികിത്സാ പുരോഗതി ബിസിസിഐയുടെ മെഡിക്കൽ ടീം പരിശോധിക്കുമെന്നാണ് അറിയിപ്പ്. അജിൻക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകൻ. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകൻ കെ.എൽ. രാഹുലാണ്.

യുഎഇയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ശ്രദ്ധേയ പ്രകടനമാണ് സഞ്ജു സാംസണ് ടീമിലേക്ക് വഴി തുറന്നത്. മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. ഇത് പന്തിനെ കൈവിടാൻ സെലക്ഷൻ ടീം തയ്യറല്ലെന്ന സൂചന വ്യക്തമാക്കുന്നതാണ്.

അതേസമയം ട്വന്റി 20യിലെ സഞ്ജുവിന്റെ പ്രകടനത്തെ ആശ്രയിച്ചാകും അദ്ദേഹത്തിന് ടെസ്റ്റ്- ഏകദിന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള വഴി തുറക്കുക. ഐപിഎലിന് ശേഷം നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാൻ സിലക്ടർമാർ സമ്മേളിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങൾ സിഡ്‌നിയിലും കാൻബറയിലുമായി നടത്താനാണ് നീക്കം. ഇതിനു പിന്നാലെ വരുന്ന നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കും ഇതേ വേദികളാണ് പരിഗണിക്കുന്നത്.

മത്സരക്രമവും വേദികളും ബിസിസിഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13ാം സീസണിനു ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ ദുബായിൽ ഒരുമിച്ചുചേരും. ഇതിനു മുന്നോടിയായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പരിശീലക സംഘാംഗങ്ങൾ യുഎഇയിലെത്തിയിട്ടുണ്ട്. ചട്ടപ്രകാരം ക്വാറന്റീനിലാണ് ഇവർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പതിവിലും വലിയ ടീമിനെയാകും ഓസീസ് പര്യടനത്തിനായി തിരഞ്ഞെടുത്തത്. ഇപ്പോഴത്തെ ധാരണയനുസരിച്ച് ഇന്ത്യൻ ടീം ദുബായിൽനിന്ന് വിമാനമാർഗം സിഡ്‌നിയിലേക്ക് പോകും.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാർദുൽ താക്കൂർ

ട്വന്റി ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹർ, വരുൺ ചക്രവർത്തി

ഈ ടീമുകൾക്കു പുറമെ കോവിഡിന്റെ പശ്ചാത്തലത്തിൽ നാല് അധിക ബോളർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: കംലേഷ് നാഗർകോട്ടി, കാർത്തിക് ത്യാഗി, ഇഷാൻ പോറൽ, ടി.നടരാജൻ\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP