Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഐപിഎല്ലിൽ സഞ്ജു സാംസൺ ഇനി 'ക്യാപ്റ്റൻ'; അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കും; മലയാളിയായ ഇന്ത്യൻ താരം നേട്ടത്തിലെത്തുന്നത് ഐപിഎൽ ചരിത്രത്തിലാദ്യം

ഐപിഎല്ലിൽ സഞ്ജു സാംസൺ ഇനി 'ക്യാപ്റ്റൻ';  അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കും; മലയാളിയായ ഇന്ത്യൻ താരം നേട്ടത്തിലെത്തുന്നത് ഐപിഎൽ ചരിത്രത്തിലാദ്യം

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ നായകനാകും. രാജസ്ഥാൻ റോയൽസ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാൻ റോയൽസ് പ്രതികരിച്ചു.

രാജസ്ഥാൻ റോയൽസ് നിരയിൽ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനെ സഞ്ജു നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

സ്മിത്തിനെ ഈ സീസണിൽ രാജസ്ഥാൻ നിലനിർത്താൻ സാധ്യത ഇല്ലെന്ന് ക്രിക് ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്യുന്നു. 2021 ഐ.പി.എല്ലിന്റെ ലേലത്തിന് മുൻപ് ടീമുകളോട് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിടണമെന്ന് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലിൽ 14 മത്സരങ്ങളിൽ നിന്ന് സ്മിത്തിന് 311 റൺസാണ് എടുക്കാനായത്. ഇതിൽ മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടും. മോശം ഫോമിനൊപ്പം ടീമിനെ പ്ലേ ഓഫിലെത്തിക്കാനും സ്മിത്തിനായില്ല. സ്മിത്തിന് മുൻപ് അജിങ്ക്യ രഹാനെയായിരുന്നു റോയൽസിന്റെ ക്യാപ്റ്റൻ.

റോയൽസിന്റെ നായക സ്ഥാനത്തേക്ക് ഇന്ത്യൻ താരത്തെയാണ് പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. 2020 ഐ.പി.എൽ സീസണിൽ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് (375) നേടിയതും സഞ്ജുവായിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലറും ബെൻ സ്റ്റോക്സും സാധ്യതാപട്ടികയിലുണ്ടായിരുന്നെങ്കിലും നായകസ്ഥാനത്തേക്ക് ഇന്ത്യൻ താരം മതിയെന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു.

2008 ലെ പ്രഥമ സീസണിൽ ചാമ്പ്യന്മാരായതിന് ശേഷം 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലെത്തിയതാണ് രാജസ്ഥാന്റെ ഐ.പി.എല്ലിലെ പ്രധാന നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP