Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഹിത്തും സൂര്യകുമാറും ഓപ്പണിങ്ങിൽ നൽകിയത് വ്യത്യസ്തത; ഹൂഡയും പന്തും പകർന്നത് കരുത്ത്; കാർത്തിക്കിന്റെ ക്ലാസ് പരാജയപ്പെട്ടപ്പോൾ അക്സർ തകർത്തടിച്ചു; മധ്യനിരയിലെ മലയാളിയുടെ കൂൾ ഹെഡ് ടീമിന് ആശ്വാസമായി; ലോകകപ്പിൽ രാജസ്ഥാൻ ക്യാപ്ടൻ കളിക്കുമോ? കളിക്കണക്കുകൾ സഞ്ജുവിന് അനുകൂലമാകുമ്പോൾ

രോഹിത്തും സൂര്യകുമാറും ഓപ്പണിങ്ങിൽ നൽകിയത് വ്യത്യസ്തത; ഹൂഡയും പന്തും പകർന്നത് കരുത്ത്; കാർത്തിക്കിന്റെ ക്ലാസ് പരാജയപ്പെട്ടപ്പോൾ അക്സർ തകർത്തടിച്ചു; മധ്യനിരയിലെ മലയാളിയുടെ കൂൾ ഹെഡ് ടീമിന് ആശ്വാസമായി; ലോകകപ്പിൽ രാജസ്ഥാൻ ക്യാപ്ടൻ കളിക്കുമോ? കളിക്കണക്കുകൾ സഞ്ജുവിന് അനുകൂലമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ സഞ്ജു സാംസൺ ചതിച്ചില്ല. നിക്കോളാസ് പൂരൻ അടിച്ചു തകർക്കുന്നു. മൂന്ന് സിക്‌സും ഒരു ഫോറും അടിച്ച് വിൻഡീസ് ക്യാപ്ടൻ അതീവ ഫോമിൽ. കളി കൈവിടുമെന്ന അവസ്ഥ. അപ്പോൾ സഞ്ജു വിശ്വരൂപം കാട്ടി. അങ്ങനെ പൂരൻ റണ്ണൗട്ടായി. ഇന്ത്യ കളി വരുതിയിലാക്കി. അങ്ങനെ 20-20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായകമായത് വിക്കറ്റ് കീപ്പിംഗിലെ സഞ്ജുവിന്റെ റൺ രക്ഷപ്പെടുത്തലാണ്. അതിന് സമാനമായിരുന്നു പൂരന്റെ പുറത്താകാലും. അങ്ങനെ ഇന്ത്യൻ ടീമിലെ ഭാഗ്യ മുത്താകുകയാണ് സഞ്ജു. ഏറ്റവും മികച്ച ട്വന്റി ട്വന്റി ടീമാണ് ഫ്‌ളോറിഡയിൽ ഇന്ത്യയ്ക്കായി കളിക്കാൻ ഇറങ്ങിയത്. ആ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ കഴിയുമെന്ന് തെളിയിക്കുകായണ് മലയാളിയുടെ പ്രിയതാരം.

ഇന്ത്യൻ ബാറ്റിംഗിൽ ക്യാപ്ടൻ രോഹിത് ശർമ്മയും സൂര്യകുമാറും ഓപ്പണിങ്ങിൽ നൽകിയത് വ്യത്യസ്തതയാണ്. ദീപക് ഹൂഡയും ഋഷഭ് പന്തും പകർന്നത് ആക്രമണോത്സുകതയുടെ കരുത്തും. ഹൂഡ പുറത്തായപ്പോൾ സഞ്ജുവെത്തി. ദിനേശ് കാർത്തിക്കിന്റെ ക്ലാസ് പരാജയപ്പെട്ടപ്പോൾ ഇന്ത്യ പ്രതിസന്ധിയിലായി. ഹൂഡയ്ക്ക് പിന്നാലെ ഋഷഭും വിക്കറ്റ് കളഞ്ഞു. ഈ ഘട്ടത്തിൽ അക്രമണ സ്വഭാവം വിട്ട് സഞ്ജു ക്രീസിൽ നങ്കൂരമിട്ടു. വിക്കറ്റ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അപ്പോൾ റൺനിരക്ക് താഴാതെ നോക്കാനുള്ള കരതലും സഞ്ജു എടുത്തു. ഓൾറൗണ്ടർ അക്‌സർ പട്ടേൽ തകർത്തപ്പോൾ തന്റെ റോൾ നന്നായി നിർവ്വഹിച്ച് നോട്ടൗട്ടായി സഞ്ജുവും മാറി. ഈ ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരുണ്ട്. മൂന്ന് പേരും അനിവാര്യതയുമാണ്. കഴിഞ്ഞ ദിവസം പരാജയപ്പെട്ടെങ്കിലും ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും പന്തു പായിക്കാൻ ദിനേശ് കാർത്തിക്കിന് ഇന്നും കരുത്തുണ്ട്.

ഇന്നലെ തോറ്റിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നേട്ടം അസാധ്യമാകുന്ന അവസ്ഥയുണ്ടാകുമായിരുന്നു. ഫ്‌ളോറിഡയിലെ മഴ സാധ്യത അവസാന ട്വന്റി ട്വന്റിക്ക് ഭീഷണിയാണ്. അതുകൊണ്ട് തന്നെ നാലാം മത്സരത്തിൽ ജയിച്ച് ഇന്ത്യ പരമ്പര നേടി. ഇതിൽ മധ്യനിരയിലെ സഞ്ജുവിന്റെ കൂൾ ഹെഡ് നിർണ്ണായകമായി. സഞ്ജുവിന്റെ കരുതലാണ് ക്യാപ്ടന് ആശ്വാസമായത്. ഏകദിന പരമ്പരയിലും സഞ്ജു മികവ് കാട്ടിയിരുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഹാർദിക് പാണ്ഡ്യയെ ടി20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക.

ഈ മാസം 27 മുതലാണ് ഏഷ്യാ കപ്പ്. ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തന്നെയായിരിക്കും ഏഷ്യാ കപ്പിലും ഇറങ്ങുക എന്ന അഭ്യൂഹത്തിനിടെയാണ് ടീം പ്രഖ്യാപനം വരുന്നത്. സഞ്ജു സാംസൺ ഇടംപിടിക്കുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള നിർണായക സെലക്ഷൻ കമ്മിറ്റി യോഗം തിങ്കളാഴ്ച മുംബൈയിൽ ചേരും. ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ഫ്‌ളോറിഡയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും. 17 അംഗ ടീമിനെയാകും പ്രഖ്യാപിക്കുക. രോഹിത്തിനൊപ്പം കെ എൽ രാഹുൽ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവിന് രാഹുൽ തയ്യാറെടുക്കുന്നത്. വിരാട് കോലിക്കും ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവാകും ഏഷ്യാ കപ്പ്.

മോശം ഫോമിലാണെങ്കിലും മൂന്നാം സ്ഥാനത്ത് മടങ്ങിവരവിൽ കോലി സ്ഥാനമുറപ്പിക്കാനാണ് സാധ്യത. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉറപ്പാണ്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലൊരാളെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിൻഡീസിനെതിരായ നാലാം ടി20യിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് അവസാന ടി20യിലെ പ്രകടനം നിർണായകമാകും. രവീന്ദ്ര ജഡേജക്ക് കൂട്ടായി രവി അശ്വിനും യുസ്വേന്ദ്ര ചഹലും എത്തിയേക്കും. ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനുമൊപ്പം അർഷ്ദീപ് സിംഗിനേയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വിൻഡീസിനെതിരായ ഫോമും ഡെത്ത് ഓവർ മികവും അർഷ്ദീപിന് ഏറെ അനുകൂലം. പരിക്കേറ്റ ഹർഷൽ പട്ടേലിന് ഏഷ്യാ കപ്പ് നഷ്ടമാകുമെന്നുറപ്പായിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിന് എതിരായ നാലാം ടി20യിൽ സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തിൽ പുറത്താകാതെ 30 റൺസ് നേടി. രണ്ട് ഫോറും ഒരു സിക്സും താരം സ്വന്തമാക്കി. ഫീൽഡിംഗിൽ ജേസൻ ഹോൾഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്റെ തകർപ്പൻ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. രാജ്യാന്തര ടി20യിൽ തന്റെ രണ്ടാം ഇന്നിങ്സ് കളിക്കുകയാണ് സഞ്ജു സാംസൺ. സ്ഥിരതയില്ലാ എന്ന് പഴിച്ചവർക്ക് മുന്നിൽ സെൻസിബിൾ ഇന്നിങ്സുകളുമായി സഞ്ജു ഈ വർഷം മികവ് കാട്ടുന്നു. രാജ്യാന്തര ടി20യിൽ വിരാട് കോലിയടക്കമുള്ള പല കൊമ്പന്മാർക്കും കാലിടറിയ 2022ൽ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിങ് ശരാശരി സഞ്ജു സാംസണിന്റെ പേരിലാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ചതും സഞ്ജുവെന്ന ക്യാപ്ടന്റെ ഓൾറൗണ്ട് മികവാണ്.

2022ൽ അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചത്. നാല് ഇന്നിങ്സിൽ 164 റൺസ് നേടിയപ്പോൾ ഉയർന്ന സ്‌കോർ 77. ഒരു തവണ നോട്ടൗട്ടായി നിന്ന താരത്തിന് 54.66 ബാറ്റിങ് ശരാശരിയുണ്ട് ഈ വർഷം ഫോർമാറ്റിൽ. 160. 78 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ റൺവേട്ട എന്നത് ഏറെ ശ്രദ്ധേയം. 16 ഫോറും എട്ട് സിക്സുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ദീപക് ഹൂഡ(59.00), രവീന്ദ്ര ജഡേജ(55.33) എന്നിവർ മാത്രമാണ് ഈ വർഷം രാജ്യാന്തര ടി20യിൽ സഞ്ജുവിനേക്കാൾ ബാറ്റിങ് ശരാശരിയുള്ള രണ്ടേ രണ്ട് ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ്മ(24.16), വിരാട് കോലി(20.25), റിഷഭ് പന്ത്(26.00) എന്നിങ്ങനെ ശരാശരി മാത്രമേ വമ്പൻ താരങ്ങൾക്കുള്ളൂ. സഞ്ജുവിനൊപ്പം മത്സരരംഗത്തുള്ള മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് 32.23 ശരാശരി മാത്രമേയുള്ളൂ.

ഫ്‌ളോറിഡയിൽ ഇന്ത്യ മുന്നോട്ടുവെച്ച 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132 റൺസിന് എല്ലാവരും പുറത്തായി. 24 റൺസ് വീതമെടുത്ത ക്യാപ്റ്റൻ നിക്കോളാസ് പുരാനും റൊവ്മാൻ പവലുമാണ് വിൻഡീസിന്റെ ടോപ് സ്‌കോറർമാർ. അതേസമയം പരമ്പരയിലെ മികച്ച ഫോം അർഷ്ദീപ് സിങ് തുടർന്നു. അർഷ്ദീപ് സിങ് 3.1 ഓവറിൽ 12 റൺസിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്സർ പട്ടേലും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി.

അതിനിടെ സഞ്ജു ആരാധകർക്കു സന്തോഷം നൽകുന്ന മറ്റൊരു ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിൻഡീസ് പരമ്പരയ്ക്കുശേഷം നടക്കുന്ന സിംബാബ്വെ പര്യടനത്തിൽ, സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് അഭ്യൂഹം. ഇതു സംബന്ധിച്ചു നിരവധി ട്വീറ്റുകളാണ് നിറയുന്നത്. 15 അംഗ ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ധവാൻ കഴിഞ്ഞാൻ, ബാക്കിയുള്ള 14 താരങ്ങളിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു യോഗ്യനായി സഞ്ജു സാംസൺ മാത്രമാണ് ഉള്ളതെന്നതാണ് ആരാധകരുടെ പക്ഷം. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവസമ്പത്തും സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP