Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മതമില്ലാത്ത ഏക ദൈവം'കളമൊഴിഞ്ഞിട്ട് അഞ്ചു വർഷം; വാങ്കഡെയിൽ സച്ചിൻ പടിയിറങ്ങിയത് തിരുത്താൻ റെക്കോർഡുകൾ ബാക്കി വയ്ക്കാതെ; എതിരാളികൾ പോലും ആരാധിച്ചിരുന്ന ആ വ്യക്തിത്വം ഇന്ന് ബാറ്റേന്തുന്ന യുവ തലമുറയ്ക്കും പ്രചോദനം; 'സ്വപ്‌നങ്ങൾ പിന്തുടരുക എന്നാൽ കുറുക്ക് വഴികൾ കണ്ടെത്തില്ലെന്ന് ഉറപ്പാക്കുക'എന്നു പറഞ്ഞ ആ മഹാ പ്രതിഭ ലോകത്തിന് സമ്മാനിച്ചത് 24 വർഷത്തെ മരിക്കാത്ത ഓർമ്മകൾ

'മതമില്ലാത്ത ഏക ദൈവം'കളമൊഴിഞ്ഞിട്ട് അഞ്ചു വർഷം; വാങ്കഡെയിൽ സച്ചിൻ പടിയിറങ്ങിയത് തിരുത്താൻ റെക്കോർഡുകൾ ബാക്കി വയ്ക്കാതെ; എതിരാളികൾ പോലും ആരാധിച്ചിരുന്ന ആ വ്യക്തിത്വം ഇന്ന് ബാറ്റേന്തുന്ന യുവ തലമുറയ്ക്കും പ്രചോദനം; 'സ്വപ്‌നങ്ങൾ പിന്തുടരുക എന്നാൽ കുറുക്ക് വഴികൾ കണ്ടെത്തില്ലെന്ന് ഉറപ്പാക്കുക'എന്നു പറഞ്ഞ ആ മഹാ പ്രതിഭ ലോകത്തിന് സമ്മാനിച്ചത് 24 വർഷത്തെ മരിക്കാത്ത ഓർമ്മകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ക്രിക്കറ്റ് ഒരു മതമായും അവിടുത്തെ ദൈവമായി സച്ചിനെയും ഇന്ത്യക്കാർ കാണാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആരാധകരും എതിരാളികളും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന അപൂർവ്വം ക്രിക്കറ്റർമാരിൽ ഒരാളായിരുന്നു മഹാ പ്രതിഭയായ സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്ന സച്ചിൻ ടെൻഡുൽക്കർ. അദ്ദേഹം ബാറ്റ് താഴെ വച്ച് കളം ഒഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷങ്ങൾ തികയും. പടിയിറങ്ങുമ്പോഴും സച്ചിൻ തിരുത്താൻ റെക്കോർഡുകൾ ഒന്നും ബാക്കി വച്ചിരുന്നില്ല.

'ഇന്ത്യക്കായി ദൈവം നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നുവെന്ന് ഹെയ്ഡൻ പറയുമ്പോഴും, ഈ ജീനിയസിന് ഇന്ത്യയിൽ സമയം വരെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് വിദേശ മാധ്യമ പ്രവർത്തകൻ പീറ്റർ റോബക്ക് പറഞ്ഞപ്പോഴും ആ പ്രതിഭാസത്തിന്റെ പ്രതിഭ ലോകം ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. അതുപോലെ തന്നെ സിംബാബ്‌വെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ ആന്റിഫ്‌ളവർ സച്ചിനെ കുറിച്ചു പറഞ്ഞതും സച്ചിൻ ലോക ക്രിക്കറ്റിന് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ' ലോകത്ത് രണ്ടു തരം ബാറ്റ്‌സ്മാന്മാരുണ്ട് ഒന്ന് സച്ചിൻ ടെൻഡുൽക്കറും രണ്ടാമത്തേത് മറ്റുള്ളവരും എന്നായിരുന്നു ആ കമന്റ്'

സ്വന്തം മൈതാനമായ വാങ്കഡെ സ്‌റേഡിയത്തിലായിരുന്നു സച്ചിന്റെ വിടവാങ്ങൽ. ടെസ്‌റ് ഇന്നിങ്‌സിനും 124 റൺസിനും വിജയിച്ച ഇന്ത്യക്കുവേണ്ടി അവസാന ടെസ്‌റിൽ സച്ചിൻ നേടിയത് 74 റൺസാണ്. നവംബർ 14നു തുടങ്ങിയ ടെസ്‌റ് കേവലം രണ്ടര ദിവസമാണ് നീണ്ടത്. 200 ടെസ്‌റിൽനിന്ന് 329 ഇന്നിങ്‌സുകൾ കളിച്ച സച്ചിൻ 15921 റൺസ് നേടി. 53.78 ശരാശരി. 51 സെഞ്ചുറികൾ നേടിയ സച്ചിൻ 68 അർധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്താകാതെ നേടിയ 248 റൺസാണ് ഉയർന്ന സ്‌കോർ.

463 ഏകദിനങ്ങളിൽ കളിച്ച സച്ചിന്റെ ബാറ്റിൽ പിറന്നത് 18,426 റൺസാണ്. ശരാശരി 44.83. 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും ഈ ഇന്നിങ്‌സുകൾക്ക് ചാരുത നൽകി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താകാതെ നേടിയ 200 റൺസാണ് ഉയർന്ന സ്‌കോർ. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം എന്ന റെക്കോർഡുമടക്കം നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായാണ് സച്ചിൻ വിലയിരുത്തപ്പെടുന്നത്. വിരമിച്ചയുടനെ സച്ചിന് രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നൽകി ആദരിച്ചു. സച്ചിന്റെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ വിടവ് നികാത്താനാവാത്തതിനും അപ്പുറമാണ്.

1983ന് ജൂലൈ മാസത്തിൽ ഒരു ദിവസം മഹാരാഷ്ട്രയിലെ സുപ്രസിദ്ധമായ ശിവജി പാർക്കിനടുത്തുള്ള സ്റ്റേഡിയത്തിന്റെ മൂലയിൽ ഒരു പത്തുവയസ്സുകാരൻ ഏങ്ങിയേങ്ങി കരയുന്നു. സുപ്രസിദ്ധ ക്രിക്കറ്റ് കോച്ച് രമാകാന്ത് അച്രേക്കറിന്റെ കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടാതിരുന്നതാണു കാരണം. പലരും അവനെ ആശ്വസിപ്പിക്കാൻ നോക്കി. അവന് ദുഃഖം അടക്കാനാവുന്നില്ല. ഒടുവിൽ മഹാനായ ആ ഗുരു അച്രേക്കർ തന്നെ അവനെ അടുത്തു വിളിച്ചു സ്വാന്തനപ്പെടുത്താൻ ശ്രമിച്ചു. പലതും പറഞ്ഞുനോക്കി. എന്നിട്ടും അവന്റെ കണ്ണീരിനറുതി വന്നില്ല. ആ കൊച്ചു ബാലന് ക്രിക്കറ്റുകളിയോടുള്ള ആവേശവും അവന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴവും അച്രേക്കറിന് മനസ്സിലായി. അങ്ങനെ അവനും ക്യാമ്പിൽ ഒരവസരം നൽകാൻ അദ്ദേഹം തയ്യാറായി. അതിസന്തോഷവാനായിത്തീർന്ന ആ ബാലൻ അന്നു മുതൽ ക്രിക്കറ്റുകളിയിൽ മുഴുകി. ഒടുവിൽ അവൻ ആ കളിയിലെ ചക്രവർത്തിയായി.

വെറും അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരമുള്ള ഈ ചെറിയ, വലിയ മനുഷ്യൻ ക്രിക്കറ്റിലെ ചക്രവർത്തിയെന്നോ മാന്ത്രികനെന്നോ ഒക്കെ അറിയപ്പെടുന്നു. എന്നാൽ ഈ കായികപ്രതിഭയുടെ തനിമപേറുന്ന മറ്റൊരു വിശേഷണമുണ്ട്. ''ക്രിക്കറ്റുകളിയിലെ മാന്യൻ'' (Gentleman of the game of Cricket) ഈ കളിയിൽ ഒന്നിനു പിറകെ ഒന്നായി പുതിയ പുതിയ റെക്കാർഡുകൾ സൃഷ്ടിച്ച സച്ചിൻ കളിക്കളത്തിലെ ഒരു വിവാദത്തിലും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല.

അമ്പയർ തെറ്റായ തീരുമാനങ്ങൾ എടുത്ത അനേകം സന്ദർഭങ്ങൾ തന്റെ കായികജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പ്പോലും ആ തീരുമാനത്തെ ചോദ്യം ചെയ്യാനോ അത് അനുസരിക്കാതിരിക്കാനോ ആ കളിക്കാരൻ ശ്രമിച്ചിട്ടില്ല. ആ കായിക പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള കായിക സംസ്‌കാരത്തിന്റെ ഉത്തുംഗഭാവം എല്ലാ കായികതാരങ്ങൾക്കും മാതൃകയാകേണ്ടതാണ്. തികഞ്ഞ സ്പോർട്സ്മാൻഷിപ്പും മതിപ്പുളവാക്കുന്ന വിനയവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും നിഷ്‌കളങ്കമായ പുഞ്ചിരിയുമാണ് അദ്ദേഹത്തിന്റെ അമൂല്യമായ കൈമുതൽ.

1989 നവംബർ 15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ നടന്ന ടെസ്റ്റു മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഈ പതിനാറുകാരൻ ബാറ്റുമേന്തി നിന്നത് കാണികളെ അത്ഭുതപ്പെടുത്തി. ആ പരമ്പരയിലെ രണ്ടാം ടെസ്റ്റു മാച്ചു നടന്നത് ഫൈസലാബാദിലായിരുന്നു. രണ്ടു കളിയിൽ സച്ചിൻ അൻപത്തിയൊൻപതു റൺസ് നേടി ടെസ്റ്റു ജീവിതത്തിലെ ആദ്യത്തെ അർധശതകം തികച്ചു. ആ നേട്ടം കൈവരിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡു സൃഷ്ടിച്ചുകൊണ്ടാണ് സാർഥകമായ ആരംഭം കുറിച്ചത്. അന്ന് സച്ചിന് 16 വയസ്സും 214 ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ യുവ പ്രതിഭ തന്റെ അനന്യമായ പ്രകടനംകൊണ്ട് ഇന്ത്യൻടീമിൽ ഒരു സ്ഥിരാംഗമായി മാറുകയായിരുന്നു.

1990ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽവച്ച് 119 റൺസടിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ പ്രഥമ സെഞ്വറി നേടി. തുടർന്ന് 20 വയസ്സു തികയുന്നതിനു മുൻപ് തന്നെ ടെണ്ടുൽക്കർ അഞ്ചു സെഞ്ച്വറികൾ നേടുകയുണ്ടായി. തുടർന്ന് ഓരോ ദിവസം കഴിയുന്തോറും ആ പ്രഗത്ഭ താരത്തിന്റെ കഴിവുകൾ അതിവേഗം വികസിക്കുയുണ്ടായി. 1998ൽ ഷാർജയിൽ നടന്ന ഏകദിന ചാമ്പ്യൻഷിപ്പിലെ സച്ചിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. ലോക പ്രശസ്തരായ ബൗളർമാർ - ഷെയിൻവോൺ, ഗ്ലെന്മക്ക് ഗ്രാത്ത്, വാസിം അക്രം, വഖാർ യൂനിസ് തുടങ്ങിയവർ ബാറ്റ്സ്മാന്മാർക്ക് ഭീതി ഉയർത്തിക്കൊണ്ട് വിവിധ ടീമുകളിലായി അവിടെ അണിനിരന്നിരുന്നു. എന്നാൽ സച്ചിന്റെ പ്രഹരശേഷി ശരിക്കും ഏറ്റുവാങ്ങിയിട്ടാണ് അവർ പലരും വേദിവിട്ടത്. ആസ്ത്രേലിയയ്ക്കെതിരെ മൂന്നു ദിവസത്തിനുള്ളിൽ സച്ചിൻ രണ്ടു സെഞ്ച്വറികൾ അടിച്ചെടുത്തു. ആ രണ്ടു കളികളിലും സച്ചിൻ അടിച്ചുനിരത്തിയത് ഷെയിൻ വോണിന്റെ മാരകമായ പന്തുകളെയായിരുന്നു!

ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും സച്ചിൻ നിരന്തരം പ്രത്യക്ഷപ്പെട്ടു. പുതിയ പുതിയ റെക്കാർഡുകൾ സൃഷ്ടിക്കാനും ആരംഭിച്ചു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രശസ്തി വർധിക്കുവാൻ തുടങ്ങി. ധാരാളം സമ്പത്തു കുന്നുകൂടി. പക്ഷേ സച്ചിന്റെ വ്യക്തിത്വത്തിന് ഒരു മാറ്റവും ഉണ്ടായില്ല. തന്റെ സ്വതസിദ്ധമായ വിനയവും മനുഷ്യത്വവും ഒക്കെ കാത്തുസൂക്ഷിക്കുവാൻ ആ മഹാനായ കായികതാരത്തിനു കഴിഞ്ഞു.

2008 ഒക്ടോബർ 17-ാം തീയതി ക്രിക്കറ്റ് ടെസ്റ്റു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയ കളിക്കാരനായി സച്ചിൻ മാറി. വെസ്റ്റിൻഡീസിലെ ലോകോത്തര കളിക്കാരനായ ബ്രയാൻലാറയുടെ റെക്കാർഡാണ് സച്ചിൻ തിരുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 12000 റൺസ് നേടിയ ആദ്യ കളിക്കാരൻ എന്ന സ്ഥാനം സച്ചിനു ലഭിച്ചു. 2009 നവംബർ 21ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെൻണ്ടുൽക്കർ 30000 റൺസ് തികച്ചു.

160 ടെസ്റ്റു മാച്ചുകളിൽ നിന്നും 12877 റൺസും 436 ഏകദിന കളികളിൽ നിന്നും 17178 റൺസും നേടിയാണ് സച്ചിൻ ഈ റെക്കാർഡു സൃഷ്ടിച്ചത്. 2010 ഫെബ്രുവരി 24ന് മറ്റൊരു റെക്കാർഡു സൃഷ്ടിക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ പുരുഷതാരമായി സച്ചിൻ മാറുകയുണ്ടായി. (അതിനു മുൻപ് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഒരു വനിതാതാരമുണ്ട്- ആസ്ത്രേലിയായിലെ ബെലിണ്ട ക്ലാർക്ക്) ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഈ കളിക്കാരൻ യഥാർഥത്തിൽ ഒരത്ഭുതം തന്നെയായിരുന്നു.

2012 ആകുമ്പോഴേയ്ക്കും ഏതാണ്ടു നാൽപ്പതു വയസ്സിനോടടുക്കുന്ന സച്ചിൻ ഏതു സമയത്താണ് ക്രിക്കറ്റിനോടു വിടപറയുക എന്നത് അറിയാൻ കായികലോകം ശ്വാസമടക്കി ഇരിക്കുകയായിരുന്നു. 2012 ഡിസംബർ 23-ാം തീയതി അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2013 മെയ് 26ന് ഐ.പി.എൽ മത്സരങ്ങളിൽ നിന്നു വിരമിച്ചതായും പ്രഖ്യാപിച്ചു. ഒടുവിൽ 2013 നവംബറിൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 2 - 0 ന് ജയിച്ചുകഴിഞ്ഞപ്പോൾ സച്ചിൻ തന്റെ വർണശബളമായ ക്രിക്കറ്റ് ജീവിതത്തിനോടു വിടപറഞ്ഞു. 2013 നവംബർ 16-ാം തീയതിയാണ് ആ പ്രഖ്യാപനം ഉണ്ടായത്.

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയധികം റെക്കോർഡുകളുടെ ഉടമയും സർവാദരണീയനുമായ ഒരു കളിക്കാരൻ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം കണക്കിലെടുത്ത് 2012 ഒക്ടോബർ 16ന് സച്ചിന് ഓർഡർ ഓഫ് ആസ്ട്രേലിയായിൽ അംഗത്വം നൽകി. ഇന്ത്യയിൽ ''രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ്'' നേടുന്ന ആദ്യ ക്രിക്കറ്റു താരം സച്ചിൻ ടെൻണ്ടുൽക്കറാണ്.

2012 ജൂൺ 4-ാം തീയതി രാജ്യസഭാ അംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ കായികതാരം ടെണ്ടുൽക്കറാണ്. 2013 നവംബർ 16-ാം തീയതി ഇന്ത്യയിലെ ഏറ്റവും വിശിഷ്ട പുരസ്‌കാരമായ ഭാരത്രത്ന അദ്ദേഹത്തെ തേടിയെത്തി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കായികതാരവും, ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും അദ്ദേഹമാണ്. അങ്ങനെ അവിടെയും സച്ചിൻ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്നു. ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ, ഈ മാതൃകാ കായികതാരത്തിന് ഭാരതം ജന്മം നൽകി എന്നതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP