Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ടീം മുൻ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിൻ ടെൻഡുൽക്കർ ആത്മകഥയിൽ; 2007 ലോകകപ്പിനു മുമ്പ് ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിക്കാൻ ചാപ്പൽ ആവശ്യപ്പെട്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ

ഇന്ത്യൻ ടീം മുൻ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിൻ ടെൻഡുൽക്കർ ആത്മകഥയിൽ; 2007 ലോകകപ്പിനു മുമ്പ് ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിക്കാൻ ചാപ്പൽ ആവശ്യപ്പെട്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ

മുംബൈ: വെസ്റ്റ് ഇൻഡീസിൽ 2007ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം തോറ്റു പുറത്തായത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോച്ചായിരുന്ന ഗ്രെഗ് ചാപ്പലും ടീമംഗങ്ങളും തമ്മിലുള്ള തർക്കമാണ് ടീമിനെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ടതെന്നും വാർത്തകൾ പരന്നിരുന്നു. ഇപ്പോഴിതാ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ തന്നെ ചാപ്പലിനെതിരെ രംഗത്തെത്തിയിരിക്കുന്നു.

വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന സച്ചിന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യിലാണ് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിൻ ആഞ്ഞടിച്ചത്. രാഹുൽ ദ്രാവിഡിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ചാപ്പൽ തന്നോട് ആവശ്യപ്പെട്ടുവെന്ന് സച്ചിൻ വെളിപ്പെടുത്തുന്നു.

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ക്യാപ്റ്റനെ മാറ്റാനുള്ള ചാപ്പലിന്റെ ആവശ്യം. സച്ചിന്റെ വീട്ടിലെത്തിയാണ് ചാപ്പൽ ആവശ്യമുന്നയിച്ചത്. താനും ഭാര്യ അഞ്ജലിയും കോച്ചിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചെന്നും സച്ചിൻ പറയുന്നു. ക്യാപ്റ്റനും കോച്ചുമായി ഇന്ത്യൻ ക്രിക്കറ്റിനെ നമുക്ക് വർഷങ്ങളോളം നിയന്ത്രിക്കാമെന്നും ചാപ്പൽ പറഞ്ഞതായി സച്ചിൻ വെളിപ്പെടുത്തുന്നു.

ക്രിക്കറ്റിന്റെ ഏറ്റവും വലിയ ടൂർണമെന്റ് പടിവാതിൽക്കലെത്തി നിൽക്കെ സ്വന്തം ക്യാപ്റ്റനോട് ഒരു ബഹുമാനവും കാട്ടാത്ത ഒരു പരിശീലകനെ ചാപ്പലിൽ കണ്ടത് അത്ഭുതപ്പെടുത്തിയെന്നും സച്ചിൻ പറഞ്ഞു. സർക്കസിലെ റിങ്മാസ്റ്റർ മൃഗങ്ങളെ ദയയേതുമില്ലാതെ തല്ലിച്ചതയ്ക്കുന്നതിന് സമാനമായാണ് കളിക്കാരുടെ മനസറിയാതെ ചാപ്പൽ ആശയങ്ങൾ അടിച്ചേൽപ്പിച്ചതെന്നും സച്ചിൻ ആത്മകഥയിൽ തുറന്നടിക്കുന്നു.

ലോകകപ്പിന് വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന ടീമിനൊപ്പം ചാപ്പലിനെ അയക്കരുതെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നെന്നും സച്ചിൻ പറയുന്നു. സച്ചിൻ ടെൻഡുൽക്കറെ ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റി നാലാമതിറക്കാനുള്ള ഗ്രെഗ് ചാപ്പലിന്റെ നീക്കം അമ്പേ പാളിയിരുന്നു. ശ്രീലങ്കയോടും ദുർബലരായ ബംഗ്ലാദേശിനോടും തോറ്റ് ആദ്യ റൗണ്ടിൽതന്നെ 2007 ലോകകപ്പ് വേദിയിൽ നിന്ന് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയിരുന്നു.

2001ൽ ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്തു ചുരണ്ടൽ വിവാദത്തെത്തുടർന്ന് മാച്ച് റഫറി മൈക് ഡെന്നിസ് തന്നെ ഒരു മത്സരത്തിൽ നിന്ന് വിലക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നും സച്ചിൻ ആത്മകഥയിൽ പറയുന്നു. റഫറി തന്നെ ചതിയനായി ചിത്രീകരിച്ചത് വലിയ നാണക്കേടായെന്നും സച്ചിൻ പറഞ്ഞു.

'സംഭവം അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കരിയറിലിന്നോളം പൂർണമായും ആർജ്ജവത്തോടെയും സത്യസന്ധതയോടെയും മാത്രം ക്രിക്കറ്റ് കളിക്കുന്ന ഞാൻ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യില്ല. മാച്ച് റഫറിയുടെ പരാമർശത്തെക്കുറിച്ച് പരാതി നൽകുമെന്നും ഇത് അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഞാൻ മൈക് ഡെന്നിസിനെ അറിയിച്ചിരുന്നു. പരമ്പരയിൽ നിന്നു തന്നെ പിന്മാറേണ്ടിവന്നാലും എന്നെ ചതിയനെന്ന് വിളിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ വിശ്വാസ്വതയ്ക്ക് മങ്ങലേൽപ്പിക്കാൻ ഒരു മാച്ച് റഫറിയെ അനുവദിക്കാനുമാകില്ല. ഒഴിവാക്കാനാവുമായിരുന്ന ഒരു വിവാദമായിരുന്നു അത്. അമ്പയർമാരാരും അത്തരമൊരു പരാതി നൽകാതെയായിരുന്നു മാച്ച് റഫറിയുടെ പരാമർശവും നടപടിയും'- സച്ചിൻ പറയുന്നു.

സച്ചിന്റെ വാദത്തെ അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും പിന്തുണച്ചു. സച്ചിൻ പന്തിൽ പറ്റിയ പുല്ല് നീക്കം ചെയ്യാൻ ശ്രമിക്കുകമാത്രമാണ് ചെയ്തതെന്ന് ഗാംഗുലി കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. പുതിയ പന്തായിരുന്നതിനാൽതന്നെ സച്ചിൻ പന്ത് ചുരണ്ടിയെന്ന മാച്ച് റഫറിയുടെ വാദം തീർത്തും ബാലിശമാണ്. പഴയ പന്തിൽ റിവേഴ്‌സ് സ്വിങ് ലഭിക്കാനാണ് സാധാരണയായി ബൗളർമാർ പന്ത് ചുരുണ്ടാറുള്ളത്. മത്സരത്തിന്റെ ഫൂട്ടേജുകൾ പരിശോധിച്ചാൽ ആർക്കും ഇക്കാര്യം വ്യക്തമാവും. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഞാൻ പൂർണായും സച്ചിന്റെ നിലപാടുകളോട് യോജിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.

2001ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് ഇന്ത്യൻ കളിക്കാർക്കെതിരെയാണ് മാച്ച് റഫറി മൈക് ഡെന്നിസ് അച്ചടക്ക നടപടിയെടുത്തത്. സച്ചിനെതിരെ പന്ത് ചുരണ്ടൽ ആരോപണത്തിനു പുറമെ സെവാഗിനും ഹർഭജനും ശിവ് സുന്ദർ ദാസിനും ദീപ് ദാസ് ഗുപ്തയ്ക്കും അമിതമായി അപ്പീൽ ചെയ്തതിന് ഒരു ടെസ്റ്റിൽ നിന്ന് വിലക്കും കളിക്കാരെ നിയന്ത്രിക്കാത്തതിന് ക്യാപ്റ്റൻ ഗാംഗുലിക്ക് ഒരു ടെസ്റ്റിൽ നിന്നും രണ്ട് ഏകദിനങ്ങളിൽ നിന്നും വിലക്കും ഡെന്നിസ് ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP