Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

'സുനിൽ ഗാവസ്‌കറിനൊപ്പം ഒരേ ടീമിൽ കളിക്കാനായില്ല; വിവിയൻ റിച്ചാർഡ്‌സിനെതിരെയും; ഇരുവരും എന്റെ ബാല്യകാല ഹീറോകൾ'; 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഇന്നും തന്നെ വിടാതെ പിന്തുടരുന്ന രണ്ട് 'സങ്കട'ങ്ങൾ തുറന്നുപറഞ്ഞ് സച്ചിൻ തെൻഡുൽക്കർ

'സുനിൽ ഗാവസ്‌കറിനൊപ്പം ഒരേ ടീമിൽ കളിക്കാനായില്ല; വിവിയൻ റിച്ചാർഡ്‌സിനെതിരെയും; ഇരുവരും എന്റെ ബാല്യകാല ഹീറോകൾ'; 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഇന്നും തന്നെ വിടാതെ പിന്തുടരുന്ന രണ്ട് 'സങ്കട'ങ്ങൾ തുറന്നുപറഞ്ഞ് സച്ചിൻ തെൻഡുൽക്കർ

സ്പോർട്സ് ഡെസ്ക്

മുംബൈ: രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ക്രിക്കറ്റിന്റെ കണക്കുപുസ്തകത്തിൽ ഒട്ടേറെ തവണ തന്റെ പേര് എഴുതിച്ചേർത്തിട്ടുള്ള ഇതിഹാസ താരമാണ് സച്ചിൻ തെൻഡുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോർഡുകളും സച്ചിൻ കരിയർ അവസാനിപ്പിക്കുന്നതിന് മുൻപ് തന്റെ പേരിലാക്കിയിരുന്നു.

200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സിയിൽ കളിച്ച സച്ചിൻ 34,000ത്തിലധികം റൺസ് കരിയറിൽ സ്‌കോർ ചെയ്തിട്ടുണ്ട്. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ അതിന്റെ ദൈവമായുമാണ് ഇന്ത്യൻ ആരാധകർ കാണുന്നത്.

നേട്ടങ്ങളുടെ സുവർണപട്ടികയിൽ നിൽക്കുമ്പോഴും തന്നെ ഇന്നും തന്നെ വിടാതെ പിന്തുടരുന്ന രണ്ട് 'സങ്കട'ങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സച്ചിൻ.

ഒരു ക്രിക്കറ്റ് വെബ്‌സൈറ്റ് പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് സച്ചിൻ രാജ്യാന്തര കരിയറിൽ എത്തിപ്പിടിക്കാനാകാതെ പോയ രണ്ട് സ്വപ്നങ്ങൾ പങ്കുവച്ചത്.

ചെറുപ്പത്തിൽ തന്റെ മനസ്സിലെ ക്രിക്കറ്റ് ഹീറോ ആയിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കറിനൊപ്പം ഒരേ ടീമിൽ കളിക്കാനാകാതെ പോയതാണ് സച്ചിന്റെ സങ്കടങ്ങളിൽ ഒന്ന്. രണ്ടാമത്തേത്, ചെറുപ്പകാലത്ത് ഏറെ ആരാധിച്ചിരുന്ന വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ് ഉൾപ്പെടുന്ന ടീമിനെതിരെ കളിക്കാൻ സാധിക്കാത്തതും!

'എനിക്ക് രണ്ട് വിഷമങ്ങളേയുള്ളൂ. ഒന്ന് സുനിൽ ഗാവസ്‌കറിനൊപ്പം ഒരേ ടീമിൽ കളിക്കാൻ ഒരിക്കൽ അവസരം ലഭിച്ചില്ല എന്നതാണ്. ഞാനൊക്കെ കളിച്ചു വളരുന്ന കാലത്ത് ഗാവസ്‌കറായിരുന്നു ഞങ്ങളുടെ ഹീറോ. അദ്ദേഹത്തിനൊപ്പം ഒരേ ടീമിൽ കളിക്കാൻ സാധിക്കാതെ പോയത് വലിയൊരു വിഷമമായി അവശേഷിക്കുന്നു. ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിനും ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹം വിരമിച്ചിരുന്നു' സച്ചിൻ പറഞ്ഞു.

2013ൽ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച സച്ചിൻ, രാജ്യാന്തര വേദിയിൽ ഇന്നും ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനെതിരെ കളിക്കാനാകാതെ പോയതാണ് രണ്ടാമത്തെ വിഷമമെന്നും സച്ചിൻ പറഞ്ഞു.

'എന്റെ ബാല്യകാല ഹീറോയായ വിവിയൻ റിച്ചാർഡ്‌സിനെതിരെ കളിക്കാനാകാതെ പോയതും മറ്റൊരു സങ്കടമാണ്. കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ, രാജ്യാന്തര വേദിയിൽ അദ്ദേഹം ഉൾപ്പെടുന്ന ടീമിനെതിരെ കളിക്കാനാകാതെ പോയത് ഇന്നും ഒരു സങ്കടമായി അവശേഷിക്കുന്നു. റിച്ചാർഡ്‌സ് 1991ലാണ് വിരമിച്ചതെങ്കിലും ഞങ്ങളുടെ കരിയറുകൾക്കിടയിലെ ഇടവേള അൽപം നീണ്ടതായിപ്പോയി. അതുകൊണ്ട് മുഖാമുഖം കളിക്കാൻ സാധിച്ചില്ല.' സച്ചിൻ പറഞ്ഞു.

സ്വപ്നതുല്യമായ കരിയർ സച്ചിൻ അവസാനിപ്പിച്ചത് 2013ലാണ്. 16ആം വയസിൽ തുടങ്ങിയ കരിയർ 24 വർഷങ്ങളിൽ ക്രിക്കറ്റിൽ വസന്തം സമ്മാനിച്ച് വിരാമമിട്ടപ്പോൾ ഒരു പിടി റെക്കോർഡുകൾ അദ്ദേഹം കൈപ്പിടിയിൽ ആക്കിയിരുന്നു. റെക്കോർഡുകൾ വാരിക്കൂട്ടുമ്പോഴും ലോകകപ്പ് സച്ചിന് കിട്ടാക്കനി ആയി തുടരുകയായിരുന്നു.

എന്നാൽ 2011ൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഉള്ള സംഘം കിരീടം വെക്കാത്ത രാജാവായി കരിയർ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യൻ പട്ടം നേടിക്കൊടുത്തു.

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോർഡിന് ഉടമയായ അദ്ദേഹം ഏകദിനത്തിൽ മാത്രം 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. 18,463 റൺസാണ് ഏകദിനത്തിൽ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റൺസ് സച്ചിൻ നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP