Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രില്ലർ പോരാട്ടത്തിൽ അമ്പയർക്ക് പിഴച്ചോ?; റിങ്കു സിങ് ഔട്ടായത് നോ ബോളിലോ?; തെളിവായി ചിത്രങ്ങളും വീഡിയോകളും നിരത്തി ആരാധകർ; പരിശോധന നടത്താത്ത അമ്പയറിങ്ങിനെതിരെ രൂക്ഷ വിമർശനം

ത്രില്ലർ പോരാട്ടത്തിൽ അമ്പയർക്ക് പിഴച്ചോ?;  റിങ്കു സിങ് ഔട്ടായത് നോ ബോളിലോ?; തെളിവായി ചിത്രങ്ങളും വീഡിയോകളും നിരത്തി ആരാധകർ;  പരിശോധന നടത്താത്ത അമ്പയറിങ്ങിനെതിരെ രൂക്ഷ വിമർശനം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ സീസണിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് കഴിഞ്ഞ ദിവസം ആരാധകർ സാക്ഷിയായത്. പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പർ ജയന്റ്സും ഏറ്റുമുട്ടിയപ്പോൾ മത്സരത്തിന്റെ തുടക്കം മുതൽ അവസാന പന്ത് വരെ ജീവന്മരണ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്.

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരേ രണ്ടു റൺസിന്റെ ജയവുമായാണ് ലഖ്നൗ പ്ലേ ഓഫ് ഉറപ്പിച്ചത്. പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന കൊൽക്കത്ത അവസാന പന്തുവരെ കൈമെയ് മറന്ന് പോരാടുകയായിരുന്നു.

ഇപ്പോഴിതാ മത്സരത്തിന്റെ ഗതി നിർണയിച്ച റിങ്കു സിങ്ങിന്റെ വിക്കറ്റിനെ ചുറ്റിപ്പറ്റി വിവാദം പുകയുകയാണ്. മാർക്കസ് സ്റ്റോയ്നിസെറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസായിരുന്നു. തകർപ്പൻ ഫോമിലായിരുന്ന റിങ്കു സ്റ്റോയിനിസിന്റെ ആദ്യ പന്തിൽ ഫോറും അടുത്ത രണ്ട് പന്തുകളിൽ സിക്സും നേടി കളിയുടെ ഗതി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി.

ഇതോടെ കൊൽക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. നാലാം പന്തിൽ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തിൽ മൂന്ന് റൺസായി കൊൽക്കത്തയുടെ വിജയലക്ഷ്യം. എന്നാൽ അഞ്ചാം പന്തിൽ വീണ്ടും സിക്സർ നേടാനുള്ള റിങ്കുവിന്റെ ശ്രമം പാളി. ബാക്ക്വേഡ് പോയിന്റിൽ റിങ്കുവിന്റെ ക്യാച്ച് എവിൻ ലൂയിസ് അവിശ്വസനീയമായി കൈപ്പിടിയിലാക്കിയതോടെ കൊൽക്കത്ത കളി കൈവിടുകയായിരുന്നു.

വെറും 15 പന്തിൽ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 40 റൺസ് അടിച്ചെടുത്ത റിങ്കു കണ്ണീരണിഞ്ഞ കാഴ്ച കൊൽക്കത്തൻ ആരാധകർക്ക് നൊമ്പരമായി. ഇതിനു പിന്നാലെയാണ് റിങ്കു പുറത്തായ സ്റ്റോയ്നിസിന്റെ അഞ്ചാം പന്ത് നോ ബോളായിരുന്നുവെന്ന ആരോപണവുമായി ആരാധകർ രംഗത്തെത്തിയത്.

മത്സരം പൂർത്തിയായതിനു പിന്നാലെ റിങ്കു സിങ് പുറത്തായ സ്റ്റോയ്നിസ്സിന്റെ അഞ്ചാം പന്ത് നോബോൾ ആയിരുന്നോ എന്ന ചോദ്യം ഉയർത്തിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകർ രംഗത്തെത്തുന്നത്. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചിലർ പങ്കുവയ്ക്കുകയും ചെയ്തു.

പന്തെറിയുമ്പോൾ സ്റ്റോയ്നിസിന്റെ കാൽ, വര കടന്നിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. ഫീൽഡ് അമ്പയർ ഇത് ശ്രദ്ധിക്കുകയോ തേർഡ് അമ്പയർ ഇക്കാര്യം ഒന്നുകൂടി പരിശോധിക്കാൻ തയ്യാറാകുകയോ ചെയ്തില്ലയെന്നും നിരവധി പേർ കുറ്റപ്പെടുത്തി

സ്റ്റോയ്നിസ് ബോൾ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേ സമയം, മത്സരത്തിന്റെ നിർണായക ഘട്ടത്തിലുണ്ടായ സംഭവത്തിൽ ബൗളർ വര മറികടന്നാണോ ബോൾ ചെയ്തതെന്നു പരിശോധിക്കാൻ പോലും കൂട്ടാക്കാത്ത അമ്പയറിങ്ങിനെ ചോദ്യം ചെയ്യുകയാണ് മറ്റുചിലർ.

ശ്രേയസ് അയ്യരുടെ അർദ്ധ സെഞ്ച്വറിക്കും റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. ലഖ്നൗ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. ഇതോടെ കൊൽക്കത്ത ഐപിഎൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP