Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർണായക മത്സരത്തിൽ പുതുച്ചേരിയോടു സമനില വഴങ്ങി; രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്; എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് ക്വാർട്ടറിൽ

നിർണായക മത്സരത്തിൽ പുതുച്ചേരിയോടു സമനില വഴങ്ങി; രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്; എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് ക്വാർട്ടറിൽ

സ്പോർട്സ് ഡെസ്ക്

പുതുച്ചേരി: നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ പുതുച്ചേരിയോടു സമനില വഴങ്ങിയ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന പോരാട്ടം നാലാം ദിനത്തിൽ സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ കടന്നു. ഏഴു കളികളിൽനിന്ന് ഝാർഖണ്ഡിന് 23 പോയിന്റാണുള്ളത്. ഒന്നാമതുള്ള കർണാടക (35 പോയിന്റ്) നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 21 പോയിന്റുകളാണുള്ളത്.

ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ പുതുച്ചേരി മൂന്ന് പോയിന്റ് നേടി. പുതുച്ചേരി രണ്ടാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 279 റൺസാണെടുത്തത്. സെഞ്ചറിയുമായി ഓപ്പണർ ജെ.എസ്. പാണ്ഡെയും (212 പന്തിൽ 102), അർധ സെഞ്ചറി നേടി കൃഷ്ണ (83 പന്തിൽ 94)യും പുതുച്ചേരിക്കായി രണ്ടാം ഇന്നിങ്‌സിൽ തിളങ്ങി. പി.കെ. ദോഗ്രയും പുതുച്ചേരിക്കായി അർധ സെഞ്ചറി നേടി.

115 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു പുറത്തായി. രണ്ടാം ഇന്നിങ്‌സ് കൂടി ചേർക്കുമ്പോൾ പുതുച്ചേരിയുടെ ലീഡ് 364 റൺസാണ്. പുതുച്ചേരി ആദ്യ ഇന്നിങ്‌സിൽ 371 റൺസെടുത്തപ്പോൾ കേരളത്തിന് 286 റൺസെടുക്കാനേ സാധിച്ചുള്ളൂ.

നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി പുതുച്ചേരിയെ സമ്മർദ്ദത്തിലാക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷ ദോഗ്രയും പാണ്ഡെയും ചേർന്ന് തുടക്കത്തിലെ തല്ലിക്കൊഴിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയതോടെ അത്ഭുതജയം പ്രതീക്ഷിച്ച കേരളത്തിന്റെ പ്രതീക്ഷ മങ്ങി.

110 റൺസിന്റെ കൂട്ടുകെട്ടിനുശേഷം ടീം സ്‌കോർ 118ൽ നിൽക്കെ ദോഗ്രയെ(55) വീഴ്‌ത്തി സുരേഷ് കേരളത്തിന് ആശ്വാസ വിക്കറ്റ് സമ്മാനിച്ചു. പിച്ചിൽ നിന്ന് ബൗളർമാർക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ കേരളം പ്രതീക്ഷ കൈവിട്ടു.

ഇന്നലെ മൂന്ന് വിക്കറ്റിന് 111 റൺസ് എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ കേരളം 286 റൺസിന് ഓൾഔട്ടായതോടെയാണ് പുതുച്ചേരി 85 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്. 70 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ കേരളത്തിന് പുതുച്ചേരിക്കെതിരെ വമ്പൻ ജയം ആനിവാര്യമായിരുന്നു. ആറ് മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയിന്റ് ആയിരുന്നു പുതുച്ചേരിക്ക് എതിരായ മത്സരത്തിന് മുമ്പ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP