Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെഗാ താരലേലത്തിൽ അൺസോൾഡ്; ബാംഗ്ലൂർ ടീമിലെത്തിയത് പകരക്കാരാനായി; എലിമിനേറ്ററിലെ മിന്നും സെഞ്ചുറി; ബിസിനസ് കുടുംബത്തിൽ നിന്നും ക്രിക്കറ്റ് ജീവശ്വാസമാക്കിയ രജത് പാട്ടിദാർ ആരാധകരുടെ കണ്ണിലുണ്ണി

മെഗാ താരലേലത്തിൽ അൺസോൾഡ്; ബാംഗ്ലൂർ ടീമിലെത്തിയത് പകരക്കാരാനായി; എലിമിനേറ്ററിലെ മിന്നും സെഞ്ചുറി; ബിസിനസ് കുടുംബത്തിൽ നിന്നും ക്രിക്കറ്റ് ജീവശ്വാസമാക്കിയ രജത് പാട്ടിദാർ ആരാധകരുടെ കണ്ണിലുണ്ണി

സ്പോർട്സ് ഡെസ്ക്

മുംബൈ: ലഖ്‌നൗവുമായുള്ള എലിമിനേറ്ററിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് നായകൻ ഡു പ്ലെസിസ് മടങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകർ ഒന്ന് ഞെട്ടി. ഭാഗ്യമായി ലഭിച്ച പ്ലേ ഓഫ് പ്രവേശനം കൈവിടുമോ എന്ന ഭയം. എന്നാൽ ക്രീസിലേക്ക് എത്തിയ രജത് മനോഹർ പാട്ടിദാർ എന്ന 28-കാരൻ അടുത്ത ഒന്നര മണിക്കൂറിനുള്ളിൽ ആ ക്രീസിൽ രചിച്ചത് വീരചരിതമായിരുന്നു. ജീവൻ കൊടുത്തും പോരാടുന്ന യോദ്ധാവിനെ പോലെ തന്റെ കയ്യിലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിച്ച് എതിരാളികളെ നേരിട്ടു. ഈഡൻ ഗാർഡൻസ് മൈതാനത്ത് നിറഞ്ഞാടി. ഇരുന്നൂറും കടന്ന് ബാംഗ്ലൂർ ഇന്നിങ്‌സിന് വിരാമമിടുമ്പോൾ ജയം ഏറെക്കുറെ ഉറപ്പാക്കിയിരുന്നു.

ടൂർണമെന്റിലെ ബാംഗ്ലൂരിന്റെ ആദ്യ സെഞ്ചുറി കുറിച്ച രജിത് പാട്ടിദാറായിരുന്നു ബാംഗ്ലൂരിന്റെ വിജയശിൽപി. ഒറ്റയ്ക്ക് ബാംഗ്ലൂരിനെ ചുമലിലേറ്റി കൂറ്റൻ സ്‌കോറിലേക്ക് എത്തിക്കാൻ 28 കാരന്റെ നെഞ്ചുറപ്പായിരുന്നു ആകെയുള്ള കൈമുതൽ. ആ ഇന്നിങ്‌സിന് തൊട്ടുമുമ്പ് വരെ പ്രതിഭ തിരിച്ചറിയാതിരുന്ന ആരാധകർ പിന്നീട് നെഞ്ചേറ്റുന്ന കാഴ്ച.

ബോളറായി ക്രിക്കറ്റ് ജീവിതം തുടങ്ങിയ പാട്ടിദാർ പിന്നീട് ബാറ്റിങ്ങിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ടൂർണമെന്റിലും തിളങ്ങിയ താരം 2021-ൽ ഐപിഎല്ലിലെത്തിയത്.

എന്നാൽ മെഗാ താരലേലത്തിൽ ആരും വാങ്ങിയില്ല, ഇതുവരെ ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല, ഒടുവിൽ ബാംഗ്ലൂർ ടീമിലെത്തിയതാകട്ടെ പകരക്കാരാനായും..പരിക്കേറ്റ ലുവ്‌നിത് സിസോദിയക്ക് പകരക്കാരനായാണ് ബാംഗ്ലൂർ ടീമിലെത്തിയത്.

രജത് പാട്ടിദാർ എന്ന 28-കാരനെ ഈ ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുമ്പ് ആർക്കും വേണ്ടായിരുന്നു. എന്നാൽ ലക്നൗവിനെതിരായ എലിമിനേറ്റർ മത്സരത്തിലൂടെ പാട്ടിദാർ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു.

നായകൻ ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ സൂപ്പർ താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ സെഞ്ചുറി പ്രകടനത്തിലൂടെ ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് പാട്ടിദാറായിരുന്നു. 54 പന്തിൽ നിന്ന് 112 റൺസ് നേടിയ താരം ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ അൺക്യാപ്പ്ഡ് താരവുമായി മാറി. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി 275 റൺസ് അടിച്ചെടുത്തു കഴിഞ്ഞു.

ക്ലാസും എലഗൻസും നിറഞ്ഞ സ്‌ട്രോക്ക് പ്ലേകളുമായി പാട്ടിദാർ സ്‌കോർ ഉയർത്തികൊണ്ടേയിരുന്നു. ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് ബാംഗ്ലൂരിന്റെ പ്രതീക്ഷകൾക്ക് ആയാൾ ജീവൻവെപ്പിച്ചു. അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചു. 207 റൺസിന് ബാംഗ്ലൂരിന്റെ മത്സരം അവസാനിക്കുമ്പോൾ 54 പന്തുകൾ നേരിട്ട് 112 റൺസോടെ പാട്ടിദാർ പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ അൺക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോൾ വാൽത്താട്ടി (2011), ദേവ്ദത്ത് പടിക്കൽ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഐപിഎൽ നോക്കൗട്ടിലെ ഒരു അൺക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറും രജത്തിന്റെ പേരിലായി.

രാജസ്ഥാനെതിരേയായിരുന്നു ഈ സീസണിലെ പാട്ടിദാറിന്റെ ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരേ അർധസെഞ്ചുറി നേടിയാണ് ബാംഗ്ലൂർ നിരയിലെ ശ്രദ്ധേയസാന്നിധ്യമാകുന്നത്. പിന്നീടുള്ള മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. എലിമിനേറ്ററിലെ ഗംഭീര പ്രകടനത്തിലൂടെ ബാംഗ്ലൂരിന്റെ കിരീടസ്വപ്നങ്ങൾക്ക് കൂടുതൽ മിഴിവേകുകയാണ് ഈ മധ്യപ്രദേശുകാരൻ.

മധ്യപ്രദേശ് ക്രിക്കറ്റ് ടീമിനായി അണ്ടർ-19, അണ്ടർ-22 മത്സരങ്ങൾ കളിച്ചാണ് രജിത് പാട്ടിദാർ കരിയർ തുടങ്ങുന്നത്. ഫസ്റ്റ് ക്ലാസ് മാച്ചിൽ അരങ്ങേറുന്നത് 2015-രഞ്ജി ട്രോഫിയിൽ ബറോഡയ്‌ക്കെതിരേയാണ്. ആദ്യ രണ്ട് ഇന്നിങ്‌സുകളിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെച്ചത്. വൈകാതെ മധ്യപ്രദേശ് ലിസ്റ്റ്-എ സ്‌ക്വാഡിൽ ഇടം നേടി. അവിടേയും അരങ്ങേറ്റത്തിൽ തന്നെ തിളങ്ങി.

എന്നാൽ ഈ നേട്ടം കണ്ട് പാട്ടിദാറിന്റെ കുടുംബം സന്തോഷിക്കുന്നത് ഒരൽപം കുറ്റബോധത്തോടെയാണ്. ഇൻഡോറിലെ പഴയ ബിസിനസുകാരാണ് താരത്തിന്റെ കുടുംബം. ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകളുടെ നിർമ്മാതാക്കളാണ് അവർ. അതുപോലെ പാട്ടിദാറും ബിസിനസിലേക്ക് വരണമെന്നായിരുന്നു അവരുടെ താത്പര്യവും ആഗ്രഹവും. പക്ഷേ അതു പറ്റില്ലെന്ന് തീർത്തുപറഞ്ഞ പാട്ടിദാർ തന്റെ ജീവശ്വാസമായ ക്രിക്കറ്റിന് പിന്നാലെ പോകുകയായിരുന്നു.

മധ്യ പ്രദേശിനായി രഞ്ജി ട്രോഫിയിൽ തിളങ്ങിയ താരം ഇതിനു മുമ്പും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും അന്നൊന്നും ആരും അത് അറിഞ്ഞില്ലെന്നും കൂട്ടുകാരനായ ഈശ്വർ പാണ്ഡെ പറയുന്നു.

'ഇതിന് മുമ്പും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ളയാളാണ് പാട്ടിദാർ. അന്ന് പക്ഷേ അതൊന്നും ടിവിയിൽ വന്നില്ല, അതുകൊണ്ട് ആരും അദ്ദേഹത്തേപ്പറ്റി അറിഞ്ഞുമില്ല. ഇപ്പോൾ അദ്ദേഹം വീണ്ടും മികച്ച കളി പുറത്തെടുത്തിരിക്കുന്നു. ബംഗാളിനെതിരായ രഞ്ജി ട്രോഫിയിൽ മുഹമ്മദ് ഷമി, അശോക് ഡിൻഡ എന്നിവർക്കെതിരേ ക്ലാസ് ഇന്നിങ്‌സാണ് കളിച്ചത്. പാട്ടിദാർ ഭാവിയിൽ മികച്ച കളി കളിക്കുമെന്ന് അന്നുമുതലേ തോന്നിയിരുന്നു'-പാണ്ഡെ പറഞ്ഞു. മധ്യപ്രദേശ് ക്രിക്കറ്റ് ടീമിൽപാട്ടിദാറിന്റെ സഹകളിക്കാരനായിരുന്നു പാണ്ഡെ.

രണ്ട് വർഷത്തിന് ശേഷമാണ് മധ്യപ്രദേശ് ട്വന്റി-20 ടീമിൽ അവസരം ലഭിക്കുന്നത്. അവിടെ നിന്നാണ് രജിത് പാട്ടിദാർ എന്ന ബാറ്ററുടെ കരിയർ ഉയരുന്നത്. 2017-18 സോണൽ ട്വന്റി-20 ലീഗുകളിലായിരുന്നു തുടക്കം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിന്റെ ടോപ്പ്‌സ്‌കോററും പാട്ടിദാറായിരുന്നു. 2018-19 രഞ്ജി ട്രോഫി സീസണിൽ മധ്യപ്രദേശിനായി 713 റൺസാണ് താരം അടിച്ചെടുത്തത്. 2019-ൽ ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ഇടംനേടി. വിജയ് ഹസാരേ ടൂർണമെന്റിലും ശ്രദ്ധയാർന്ന പ്രകടനമായിരുന്നു.

2021- ലെ ഐപിഎൽ ലേലത്തിലാണ് പാട്ടിദാറിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കുന്നത്. ആ സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി 71 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പക്ഷേ പകരക്കാരനായി വന്നതിന് ശേഷം ഇത്തവണ ഐപിഎല്ലിൽ 11 മത്സരങ്ങളിൽ നിന്നായി 275 റൺസാണ് പാട്ടിദാർ നേടിയത്.

പരിമിത ഓവർ മത്സരങ്ങളിലാണ് എന്നും രജത് പാട്ടിദാർ വേറിട്ട് നിൽക്കുന്നത്. നേർക്ക് വരുന്ന പന്തുകളെ മനോഹരമായി അതിർത്തികടത്തുക തന്നെയാണ് അയാളുടെ രീതി. അത് ഭംഗിയായി നിറവേറ്റുന്ന കാഴ്ചയാണ് ഈഡൻ ഗാർഡൻസിൽ കാണാനായത്. ഇനിയുള്ള രണ്ടാം ക്വാളിഫയറിലും ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആദ്യ ഐപിഎൽ കീരീടമെന്ന ബാംഗ്ലൂരിന്റെ സ്വപ്നങ്ങൾക്ക് ഈ മധ്യപ്രദേശുകാരൻ നിറം പകരുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP