Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശ്വാസം കാത്ത് അശ്വിൻ, തകർത്തടിച്ച് ജെയ്‌സ്വാളും; ചെന്നൈയെ തകർത്ത് റോയലായി രാജസ്ഥാൻ പ്ലേ ഓഫിൽ; സുപ്പർ കിങ്ങ്‌സിനെ തോൽപ്പിച്ചത് അഞ്ചുവിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പ്ലേഓഫിൽ എതിരാളി ഗുജറാത്ത്

വിശ്വാസം കാത്ത് അശ്വിൻ, തകർത്തടിച്ച് ജെയ്‌സ്വാളും; ചെന്നൈയെ തകർത്ത് റോയലായി രാജസ്ഥാൻ പ്ലേ ഓഫിൽ; സുപ്പർ കിങ്ങ്‌സിനെ തോൽപ്പിച്ചത് അഞ്ചുവിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെ പ്ലേഓഫിൽ എതിരാളി ഗുജറാത്ത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പാക്കി. ലീഘ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാൻ ഇടക്കൊന്ന് പതറിയെങ്കിലും അശ്വിന്റെ പോരാട്ടവീര്യത്തിൽ അവസാന ഓവറിൽ രണ്ട് പന്ത് ബാക്കി നിർത്തി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

സ്‌കോർ: ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസ്; രാജസ്ഥാൻ റോയൽസ് 19.4 ഓവറിൽ 5 വിക്കറ്റിന് 151 റൺസ്

151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറിനെ രണ്ടാം ഓവറിൽ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന യശസ്വി ജെയ്സ്വാളും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാൻ സ്‌കോർ ചലിപ്പിച്ചു. ഇരുവരും പവർപ്ലേ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലെടുത്ത് റൺസ് നേടി. ജയ്സ്വാളായിരുന്നു കൂട്ടത്തിൽ ആക്രമണകാരി.

എന്നാൽ പിന്നീട് ചെന്നൈ ബോളർമാർ മധ്യ ഓവറുകളിൽ പിടിമുറുക്കി. കരുതലോടെ കളിച്ച സഞ്ജുവിനെയും (15) ദേവദത്ത് പടിക്കലിനെയും (3) പെട്ടെന്ന് നഷ്ടമായി. അർദ്ധസെഞ്ചറി നേടിയ യശസ്വി (59) കൂടുതൽ റൺസ് നേടാനുള്ള ശ്രമത്തിൽ പ്രശാന്ത് സോളങ്കിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർക്കും അധികം റൺസ് കണ്ടെത്താനായില്ല (6). ഇതോടെ രാജസ്ഥാൻ നില പരുങ്ങലിലായി. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലാതിരുന്ന ആർ.അശ്വിൻ ഒരറ്റത്ത് സിക്സറുകൾ പായിച്ചുകൊണ്ടിരുന്നു. റിയാൻ പരാഗിനെ കാഴ്ചക്കാരനായി അശ്വിൻ രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അശ്വിന്റെ സമയോചിതമായ ഇന്നിങ്സാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസെടുത്തു. 93 റൺസ് നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയുടെ ബാറ്റിങ്ങ് പ്രകടനമാണ് ചെന്നൈയ്ക്ക് തുണയായത്. മൊയീൻ ഒഴികെ ചെന്നൈ ബാറ്റർമാർക്ക് കാര്യമായി തിളങ്ങാനായില്ല. പിച്ചിന്റെ വേഗത്തിനൊത്ത് പൊരുത്തപ്പെടാനാവാതെ ബാറ്റർമാർക്ക് താളം തെറ്റുന്ന കാഴ്ചയാണ് ബ്രാബോൺ സ്റ്റേഡിയത്തിൽ കാണാനായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്സിന് തുടക്കത്തിൽ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ (2) നഷ്ടമായി. മൂന്നാമതെത്തിയ മൊയീൻ അലി പതർച്ചയില്ലാതെ പവർപ്ലേ ഓവറുകളിൽ ബാറ്റു വീശിയതോടെ ചെന്നൈ സ്‌കോറിങ് കുതിച്ചുയർന്നു. എന്നാൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി രാജസ്ഥാൻ ബോളർമാർ ടീമിനെ മത്സരത്തിൽ തിരികെയെത്തിച്ചു. ഇതോടെ റൺ നിരക്ക് താഴ്ന്നു. എൻ ജഗദീശൻ (1), അമ്പാട്ടി റായുഡു (3) എന്നിവർ .വേഗത്തിൽ മടങ്ങി. അവസാന ഓവറുകളിലും കാര്യമായ റൺ ഉയർച്ച ഇല്ലാതായതോടെ ചെന്നൈ ടോട്ടൽ 150 റൺസിൽ ഒതുങ്ങി.രാജസ്ഥാൻ ടീമിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ യുസ്വേന്ദ്ര ചെഹൽ, ഓബദ് മക്കോയ് എന്നിവർ തിളങ്ങി.

ചെന്നൈ നിരയിൽ ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായുഡു ടീമിൽ തിരിച്ചെത്തി. രാജസ്ഥാൻ നിരയിൽ ജിമ്മി നീഷമിന് പകരം കൂറ്റനടിക്കാരൻ ഷിംറോൺ ഹെറ്റ്മയർ ടീമിലെത്തി. ചെന്നൈ നിരയിൽ അടുത്ത സീസണിലും കളിച്ചേക്കുമെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ടോസ് വേളയിൽ സൂചന നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP