Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടുത്തുപറയേണ്ട ഘടകം ധോണിയുടെ ക്യാപ്റ്റൻസി തന്നെ; ഫീൽഡർമാരെ നിയോഗിക്കുന്ന രീതിയും ബൗളർമാരെ ഉപയോഗിച്ചതും എതിർടീമിലെ പുതിയ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുന്നതും സൂപ്പർ കൂൾ; ദുബായ് എഡിഷനിലെ ആദ്യ മത്സരത്തിൽ നിർണ്ണായകമായത് ഗെയ്ക്ക്വാദിന്റെ കൈയടക്കവും; ഐപിഎൽ വിലയിരുത്തലുമായി റെയ്ഫി വിൻസന്റ് ഗോമസ്

എടുത്തുപറയേണ്ട ഘടകം ധോണിയുടെ ക്യാപ്റ്റൻസി തന്നെ; ഫീൽഡർമാരെ നിയോഗിക്കുന്ന രീതിയും ബൗളർമാരെ ഉപയോഗിച്ചതും എതിർടീമിലെ പുതിയ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുന്നതും സൂപ്പർ കൂൾ; ദുബായ് എഡിഷനിലെ ആദ്യ മത്സരത്തിൽ നിർണ്ണായകമായത് ഗെയ്ക്ക്വാദിന്റെ കൈയടക്കവും; ഐപിഎൽ വിലയിരുത്തലുമായി റെയ്ഫി വിൻസന്റ് ഗോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐപിഎല്ലിലെ ദുബായ് എഡിഷനിലെ ആദ്യ മാച്ചോടുകൂടി ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് നിലവിൽ ഐപിഎല്ലിന്റെ ടോപ്പിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനാകട്ടെ വരുന്ന ഇന്നിങ്സുകൾ വളരെ നിർണായകവുമാണ്-ഇതാണ് റെയ്ഫി വിൻസന്റ് ഗോമസിന് പറയാനുള്ളത്. ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തെ മുൻ കേരളാ ക്യാപ്ടനും ഐപിഎൽ താരവുമായിരുന്ന റെയ്ഫി വിൻസന്റ് ഗോമസ് വിലയിരുത്തുന്നത് ഇങ്ങനെ

യുഎഇയിൽ ആരംഭിച്ച വിവോ ഐപിഎൽ ലീഗിലെ ആദ്യമൽസരം കഴിഞ്ഞിരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ആദ്യ മാച്ച് അവേശകരമായി തന്നെ അവസാനിക്കുമ്പോൾ മുൻ ഐപിഎൽ താരം റെയ്ഫി കളി വിലയിരുത്തുകയാണ്. പൃഥിരാജ് ഗെയ്ക്ക്വാദ് ഇന്ത്യൻ ടീമിന് തന്നെ പ്രതീക്ഷയാകുന്ന താരമെന്നാണ് റൈഫിയുടെ നിരീക്ഷണം. 23 റൺസിനിടെ സിഎസ്‌കെയുടെ നാല് വിക്കറ്റുകൾ വീണപ്പോൾ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം തെറ്റായിപ്പോയോ എന്നൊരു സംശയം പലർക്കും തോന്നിയിരുന്നു. പവർപ്ലേയിലാണ് അവരുടെ പ്രധാനപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത്.

പ്രത്യേകിച്ച് ഏറ്റവും ഫോമിൽ നിൽക്കുന്ന ഡൂപ്ലസീസ് അടക്കമുള്ളവർ. തുടർന്ന് സുരേഷ് റെയ്ന, അമ്പാടി റായ്ഡു മുതൽ സാക്ഷാൽ ധോണി വരെയുള്ളവർ പുറത്തുപോയപ്പോൾ ധോണി ആരാധകർ അടക്കമുള്ളവർ സിഎസ്‌കെയുടെ പരാജയം മുന്നിൽ കണ്ടു. എംഎസ് ധോണിയുടെ വിക്കറ്റ് പവർപ്ലേയിൽ നഷ്ടപ്പെടുന്ന കാഴ്‌ച്ച അത്യപൂർവമാണ്. എന്നാൽ അതിന് ശേഷം വന്ന ഗെയ്ക്ക്വാദും രവീന്ദ്ര ജഡേജയും ചേർന്നെടുത്ത 80+ പാർട്ണർഷിപ്പ് സിഎസ്‌കെയ്ക്ക് പുതുജീവൻ നൽകുകയായിരുന്നു. ടീമിന്റെ നിർണായക സാഹചര്യത്തിൽ രൂപപ്പെട്ട ആ പാട്ണർഷിപ്പിന്റെ മൂല്യം വിലമതിക്കാനാകാത്തതാണെന്നും റെയ്ഫി പറയുന്നു.

ദുബായ് സ്റ്റേഡിയത്തിലെ പുതിയ പിച്ചിലെ ആദ്യമാച്ചായിരുന്നു ഇന്നലത്തേത്. അതുകൊണ്ടുതന്നെ പിച്ചിൽ കുറച്ച് ഗ്രാസ് ബൈൻഡിങിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അത് ആ പിച്ചിൽ ഫാസ്റ്റ് ബൗളർമാർക്ക് ഒരു എക്സ്ട്രാ ബൗൺസ് കിട്ടാൻ സഹായിച്ചിരുന്നു. ആ പിച്ചിൽ പിടിച്ചുനിൽക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് സീനിയർ ബാറ്റ്സ്മാന്മാർ പോലും ആദ്യമേ തന്നെ ഔട്ടായതെന്നാണ് റൈഫിയുടെ നിരീക്ഷണം. അവിടെയാണ് നമ്മൾ ഗെയ്ക്ക്വാദിന്റെയും രവീന്ദ്ര ജഡേജയുടെയും പാട്ണർഷിപ്പിന്റെ പ്രസക്തി തിരിച്ചറിയുന്നത്. ബോൾട്ട് അടക്കമുള്ള ബൗളർമാരെ അതീവ കൈഒതുക്കത്തോടെയാണ് ഗെയ്ക്ക്വാദ് നേരിട്ടത്. ഇന്നലത്തെ സിഎസ്‌കെയുടെ ബാറ്റിങിലെ ഏറ്റവും ഹൈലൈറ്റ് ഗെയ്ക്ക്വാദിന്റെ ഇന്നിങ്സ് തന്നെയാണെന്ന് റെയ്ഫി വിലയിരുത്തുന്നു.

എല്ലാ മാച്ചുകളിലും മുംബൈ ഇന്ത്യൻസിന് അതിന്റെ ട്രാക്കിലേയ്ക്ക് എത്താൻ അൽപം സമയം പിടിക്കാറുണ്ട്. ആദ്യകളികളിൽ തോൽക്കുന്നത് മുംബൈ ഇന്ത്യൻസിന് പതിവാണ്. എന്നാൽ ഇനി അങ്ങനെ പോയാൽ അവർക്ക് പ്ലേഓഫിൽ കയറാൻ പറ്റാതെപോകും. ഹാർദിക് പാണ്ഡയുടെയും രോഹിത് ശർമയുടെയും അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞിട്ട് തന്നെയാകാം ധോണി ടോസ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചതും. മുംബൈ ഇന്ത്യൻസിലെ കളിക്കാരുടെ പരിചയക്കുറവ് മുതലെടുക്കുക എന്ന തന്ത്രമാണ് ധോണി സ്വീകരിച്ചത്.

ഇന്നലത്തെ മാച്ചിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം എംഎസ് ധോണിയുടെ ക്യാപ്റ്റൻസി തന്നെയാണ്. ഫീൽഡർമാരെ നിയോഗിക്കുന്ന രീതി, ബൗളർമാരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി, എതിർടീമിലെ പുതിയ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുന്ന രീതി ഒക്കെ ഉദാഹരണങ്ങളാണ്. ധോണിക്ക് ഓരോ സാഹചര്യത്തിലും ഉപയോഗിക്കാനുള്ള റിസോഴ്സുകൾ സിഎസ്‌കെയിൽ റെഡിയാണ്. ദീപക് ചഹർ തുടങ്ങിവയ്ക്കുന്നു, ശർദ്ദിവ് ഠാക്കൂർ മിഡിൽ ഓവറുകളിൽ എറിയുന്നു. അവസാനം ബ്രാവോ വന്ന് ഫിനിഷ് ചെയ്യുന്നത് വരെ ധോണിയുടെ മിക്ച്ച പ്ലാനിങിന് ഉദാഹരണങ്ങളാണ്. ആ പ്ലാനിങ് തന്നെയാണ് ഇന്നലെ മുംബൈ ഇന്ത്യൻസിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്.

ബ്രാവോയുടെ അവസാന ഓവറുകളിലെ ബൗളിങ് എടുത്തുപറയേണ്ട കാര്യമാണ്. കുറച്ചുകാലമായി ബൗളിങിൽ നിന്നും വിട്ടുനിൽക്കുന്ന ബ്രാവോ ഇപ്പോൾ കൂടുതൽ ടൈറ്റ് ചെയ്ത് ബൗൾ ചെയ്യുന്നത് സിഎസ്‌കെയ്ക്ക് ആശ്വാസമാണ്. അവസാന ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് എടുത്ത ബ്രാവോയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന അദ്ദേഹത്തിലെ പ്രതിഭയെ ട്വന്റി ട്വന്റി മൽസരങ്ങളിൽ നന്നായി പ്രയോജനപ്പെടുത്താൻ സാധിക്കും.

ഈയൊരു മാച്ചോടുകൂടി ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് നിലവിൽ ഐപിഎല്ലിന്റെ ടോപ്പിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനാകട്ടെ വരുന്ന ഇന്നിങ്സുകൾ വളരെ നിർണായകവുമാണ്- റെയ്ഫി പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP