Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് സഞ്ജുവും കൂട്ടരും ഇന്ന് കളത്തിൽ; അഹമ്മദാബാദിലേക്ക് ടിക്കറ്റ് ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസും; അശ്വിൻ- ചെഹൽ കൂട്ടുകെട്ടിൽ പ്രതീക്ഷ വെച്ച് റോയൽസ്; സഞ്ജുവും ബട്ട്‌ലറും ഫോമിലെത്തിയാൽ ബാറ്റിംഗിലും ഉഷാർ; രസംകൊല്ലിയായി ഈഡൻ ഗാർഡനിൽ മഴ പെയ്യുമോയെന്ന് ആശങ്ക

ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് സഞ്ജുവും കൂട്ടരും ഇന്ന് കളത്തിൽ; അഹമ്മദാബാദിലേക്ക് ടിക്കറ്റ് ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസും; അശ്വിൻ- ചെഹൽ കൂട്ടുകെട്ടിൽ പ്രതീക്ഷ വെച്ച് റോയൽസ്; സഞ്ജുവും ബട്ട്‌ലറും ഫോമിലെത്തിയാൽ ബാറ്റിംഗിലും ഉഷാർ; രസംകൊല്ലിയായി ഈഡൻ ഗാർഡനിൽ മഴ പെയ്യുമോയെന്ന് ആശങ്ക

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഐപിഎൽ ക്വാളിഫയറിലെ ആദ്യ മത്സര ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡനിൽ. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ആദ്യ കളി. മത്സരം മഴ ഭീഷണിയിലാണ്. മഴ മാറി നിന്നാൽ മാത്രമേ ഇവിടെ കളി നടക്കുകയുള്ളൂ. ലീഗിലെ അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനോട് ഗുജറാത്ത് ടൈറ്റൻസ് 8 വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. അതേ സമയം അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 5 വിക്കറ്റിനു മറികടന്നാണു രാജസ്ഥാൻ പോയിന്റ് പട്ടികയിലെ 2ാം സ്ഥാനവും ഒന്നാം ക്വാളിഫയർ ബെർത്തും ഉറപ്പിച്ചത്.

ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റൻസ് ആണെങ്കിലും ക്വാളിഫയർ ഒന്നിൽ നേരിയ മുൻതൂക്കം രാജസ്ഥാൻ റോയൽസിന് ആകുമെന്ന അഭിപ്രായ പ്രകടനവുമായി മുൻ ന്യൂസീലൻഡ് നായകൻ ഡാനിയൽ വെട്ടോറി അടക്കമുള്ള വർ രംഗത്തുവന്നിരുന്നു. കാരണം ഗുജറാത്തിനേക്കാൾ മികച്ച ബൗളിങ് നിരയാണ് റോയൽസിന്. ടീമിലെ യുസ്വേന്ദ്ര ചെഹൽ രവിചന്ദ്രൻ അശ്വിൻ സ്പിൻ ദ്വയത്തിന്റെ സാന്നിധ്യമാണു രാജസ്ഥാനു നേരിയ മുൻതൂക്കം നൽകുക എന്നാണു വെട്ടോറിയുടെ പക്ഷം.

ഗുജറാത്ത് രാജസ്ഥാൻ മത്സരത്തിനു മുന്നോടിയായി വെട്ടോറി ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയോടു പ്രതികരിച്ചത് ഇങ്ങനെ, 'ഇരു ടീമുകളുടെയും ബോളിങ് നിര സന്തുലിതമാണ്. അശ്വിൻ ചെഹൽ സഖ്യത്തിന്റെ ബോളിങ് എനിക്ക് ഏറെ ഇഷ്ടമാണ്. മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം തന്നെ പുറത്തെടുക്കാൻ സഖ്യത്തിനു കഴിഞ്ഞേക്കും. ഇക്കാര്യം കൊണ്ടും ടീമിൽ ട്രെന്റ് ബോൾട്ട് ഉള്ളതുകൊണ്ടും രാജസ്ഥാനു നേരിയ മുൻതുക്കം ലഭിച്ചേക്കുമെന്നാണു കരുതുന്നത്. ഗുജറാത്തിന്റെ ബോളിങ്ങിനെ അൽപംപോലും വിലകുറച്ചു കാണുന്നുമില്ല.

ഹെറ്റ്മയർ കൂടി തിരിച്ചെത്തിയതോടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാണു രാജസ്ഥാൻ വിന്യസിക്കുക. സഞ്ജു സാംസണും ബട്ടലറും ഫോമിൽ എത്തിയാൽ റോയൽസിന് കാര്യങ്ങൾ എളുപ്പമാകും. ഗുജറാത്ത് നിരയിൽ ലോക്കി ഫെർഗൂസൻ ഉണ്ടാകുമെന്നാണു കരുതുന്നത്' വെട്ടോറിയുടെ വാക്കുകൾ. 14 കളിയിൽ 7.67 ഇക്കോണമി നിരക്കിൽ 26 വിക്കറ്റ് വീഴ്‌ത്തിയ യുസ്വേന്ദ്ര ചെഹലാണു സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ളത്. 14 കളിയിൽ 7.14 ഇക്കോണമി നിരക്കിൽ 11 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

അതേസമയം പ്ലേ ഓഫ് ആവേശത്തിനു മേൽ രസംകൊല്ലിയായി മഴ പെയ്തിറങ്ങിയതോടെ സീസണിലെ ഐപിഎൽ ജേതാക്കളെ നിശ്ചയിക്കുന്നത് ഒരുപക്ഷേ സൂപ്പർ ഓവർ ആയിരിക്കാം! മത്സരം നടത്താനാകാതെ വന്നാൽ ലീഗ് പോയിന്റ് പട്ടികയിലെ സ്ഥാന ക്രമത്തിൽത്തന്നെ വിജയികളെ നിശ്ചയിക്കും. പ്ലേ ഓഫ് ഘട്ടത്തിലെ 3 മത്സരങ്ങൾക്കും, ഫൈനലിനും ഈ ചട്ടങ്ങൾ ബാധകമായിരിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചതാണ് ഐപിഎൽ മത്സരങ്ങൾക്കു തിരിച്ചടിയാകുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കൊൽക്കത്തയിൽ നടക്കുന്ന ക്വാളിഫയർ1, എലിമിനേറ്റർ മത്സരങ്ങൾ, വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി അഹമ്മദാബാദിൽ നിശ്ചയിച്ചിരിക്കുന്ന ക്വാളിഫയർ2, ഫൈനൽ മത്സരങ്ങൾ എന്നിവ കടുത്ത മഴ ഭീഷണിയിലാണ്.

ചൊവ്വ ബുധൻ ദിവസങ്ങളിൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്ന ഈഡൻ ഗാർഡൻസ് സ്റ്റേഡിയം മഴയിൽ നനഞ്ഞു കുതിർന്നാണു കിടക്കുന്നത്. വരും ദിവസങ്ങളിലും ഇവിടെ മഴ കനക്കും എന്നാണു പ്രവചനം. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങൾക്ക്, സാധാരണ നിശ്ചയിച്ചിരിക്കുന്ന 200 മിനിറ്റിനു പുറമേ, 2 മണിക്കൂറുകൾ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ, പ്ലേ ഓഫ് മത്സരങ്ങൾ രാത്രി 9.40നു പോലും തുടങ്ങിയേക്കാൻ സാധ്യതയുണ്ട്. ഫൈനൽ മത്സരം തുടങ്ങാൻ രാത്രി 10.10 വരെ വൈകിയാലും 40 ഓവറും കളി നടക്കും. മത്സരം തുടങ്ങാൻ വൈകിയാൽ, ഇന്നിങ്‌സ് ബ്രേക്ക് 7 മിനിറ്റാക്കി ചുരുക്കും. എന്നാൽ സ്ട്രാറ്റജിക് ടൈം ഔട്ടുകൾക്കു മാറ്റം ഉണ്ടാകില്ല.

'ഒരു ടീമിന് 5 ഓവർ എന്ന നിലയിൽവരെ ചുരുക്കി മത്സരങ്ങൾ നടത്താനും സാധ്യതയുണ്ട്. എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ, ഒരു ടീമിന് കുറഞ്ഞത് 5 ഓവർ എന്ന ക്രമത്തിലെങ്കിലും നടത്താൻ കഴിയാതെ വന്നാൽ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. മെയ്‌ 29നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐപിഎൽ ഫൈനലിന് കാലാവസ്ഥ തിരിച്ചടിയായാൽ, റിസർവ് ദിവസമായ മെയ്‌ 30നു കളി നടത്തും. മെയ്‌ 29ന് ഏതു സ്‌കോറിലാണോ കളി അവസാനിപ്പിക്കേണ്ടി വന്നത്, അവിടെനിന്നാകും റിസർവ് ദിനത്തിൽ കളി പുനരാരംഭിക്കുക.

അതേ, സമയം ടോസ് പോലും ഇടാനാകാതെയാണു മെയ്‌ 29ലെ കളി ഉപേക്ഷിക്കുന്നത് എങ്കിൽ റിസർവ് ദിനം ടോസോടെയാകും മത്സരം തുടങ്ങുക. മഴമൂലം ഫൈനൽ വീണ്ടും തടസ്സപ്പെട്ടാൽ ഐപിഎൽ ചരിത്രത്തിൽത്തന്നെ ആദ്യമായി സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും. കുറഞ്ഞത് ഒരു ടീമിന് 5 ഓവർ എങ്കിലും ബാറ്റു ചെയ്യാൻ അവസരം നൽകി മത്സരം നടത്താൻ ശ്രമിക്കുന്നതായിരുന്നു മുൻ വർഷങ്ങളിലെ കീഴ്‌വഴക്കം. ഗ്രൗണ്ട് സജ്ജമാക്കാനായാൽ, പുലർച്ചെ 1.20 വരെ വൈകിയാലും സൂപ്പർ ഓവറിലൂടെ ഫൈനലിലെ വിജയികളെ നിശ്ചയിക്കാനാണു സംഘാടകരുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP