Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഓസ്‌ട്രേലിയയെ കടത്തിവെട്ടി; ടീം ഇന്ത്യയ്ക്ക് ഇനി ഇംഗ്ലീഷ് പരീക്ഷ; അജിങ്ക്യാ രഹാനെയുടെ മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയെ പുകഴ്‌ത്തി ക്രിക്കറ്റ് ലോകം; ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര അഗ്നി പരീക്ഷണമാകുക വിരാട് കോലിക്ക്‌

ഓസ്‌ട്രേലിയയെ കടത്തിവെട്ടി;  ടീം ഇന്ത്യയ്ക്ക് ഇനി ഇംഗ്ലീഷ് പരീക്ഷ; അജിങ്ക്യാ രഹാനെയുടെ മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയെ പുകഴ്‌ത്തി ക്രിക്കറ്റ് ലോകം; ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര അഗ്നി പരീക്ഷണമാകുക വിരാട് കോലിക്ക്‌

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2 -1 സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓരോ താരങ്ങളുടേയും പേരെടുത്ത് അഭിനന്ദിച്ചാണ് ക്രിക്കറ്റ് ലോകം പ്രശംസകൾകൊണ്ട് മൂടുന്നത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതാകട്ടെ അജിങ്ക്യാ രഹാനെയുടെ മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയും. ഫീൽഡിലെ ശാന്തമായ പ്രകൃതം, മത്സരത്തിന് വഴിത്തിരിവുണ്ടാക്കുന്ന നിർണായക തീരുമാനങ്ങൾ, ബാറ്റിംഗിലടക്കം മുന്നിൽ നിന്ന ടീമിനെ നയിക്കാനുള്ള വൈഭവം എന്നുവേണ്ട ഓരോ മത്സരത്തിന്റെയും ഗതിമാറ്റിയ രഹാനെയുടെ നായക മികവ് എടുത്ത് പറഞ്ഞാണ് പ്രശംസകൾ.

ഓസ്‌ട്രേലിയൻ മണ്ണിലെ ചരിത്ര ജയം ടീം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. എന്നാൽ സമ്മർദ്ദവും അതോടൊപ്പമുണ്ട്. ഇന്ത്യ ഇനി നേരിടുന്നത് കരുത്തുറ്റ ഇംഗ്ലണ്ട് നിരയെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ നിരയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ വീരോചിത പോരാട്ടം കാഴ്‌ച്ചവച്ച താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഒപ്പം കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ നായകൻ വിരാട് കൊലിയും ടീമിൽ തിരിച്ചെത്തുന്നു

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ സമ്മർദം ആർക്കായിരിക്കും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. നായകൻ വിരാട് കോലി തന്നെ. കാരണം മറ്റൊന്നുമല്ല കോലി ഇനി വിലയിരുത്തപ്പെടുക മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയിലൂടെ ഓസിസിനെതിരെ പരമ്പര നേടിയ അജിങ്ക്യാ രഹാനെയോടാകും എന്നത് തന്നെ. പരമ്പരയിലെ രഹാനെയുടെ നായക മികവിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ വിരാട് കോലിയുടെ നായകത്വം ചോദ്യം ചെയ്യപ്പെടുകയാണ്. അഡ്‌ലെയ്ഡിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായ ഇന്ത്യ മൂന്ന് ദിവസത്തിനുള്ളിൽ ഓസിസിനെതിരെ ദയനീയ തോൽവി എറ്റുവാങ്ങിയതിന് പിന്നാലെയാണ് നായകൻ വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയത്. മെൽബണിൽ പകരക്കാരനായ നായകൻ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തിൽ ഉയർത്തെഴുനേറ്റ ഇന്ത്യ പരമ്പര പേരിൽ കുറിച്ചാണ് നാട്ടിൽ മടങ്ങിയെത്തിയത്.

32 വർഷത്തിനിടെ ഒരു ടീമിനും കീഴടക്കാനാവാതെ ഓസ്ട്രേലിയ അജയ്യത നിലനിൽത്തി ബ്രിസ്ബെയ്നിൽ നേടിയ ചരിത്രജയം തന്നെയാണ് പരമ്പരയെ അവിസ്മരണീയമാക്കുന്നത്. അഡ്‌ലെയ്ഡിൽ ദയനീയ തോൽവി എറ്റുവാങ്ങിയ ശേഷം മെൽബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ ജയത്തോടെ ഒപ്പമെത്തിയ ഇന്ത്യ സിഡ്‌നിയിൽ ജയത്തോളം പോന്ന സമനില പിടിച്ചാണ് പരമ്പര നേട്ടത്തിലേക്ക് മുന്നേറിയത്..

 

അജിങ്ക്യ രഹാനെയെ ക്യാപ്റ്റനായി നിലനിർത്തുന്നത് പരിഗണിക്കുമെന്ന് കരുതിയിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു. കോഹ്ലിയെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നത് ഇന്ത്യയെ കൂടുതൽ അപകടകരമാക്കും, രഹാനെയുടെ അവിശ്വസനീയമായ നായക മികവ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്നുമാണ് മൈക്കൽ വോൺ തുറന്നുപറഞ്ഞത്.

അജിങ്ക്യ രഹാനെ ടെസ്റ്റുടീമിന്റെ നായകനായും വൈറ്റ് ബോൾ ഗെയിമുകൾക്ക് വിരാട് കോഹ്ലിയും തുടരട്ടെ എന്നാണ് മുതിർന്ന പത്രപ്രവർത്തകനും കോഹ്ലി ജീവചരിത്രകാരനുമായ വിജയ് ലോകപള്ളിയുടെ അഭിപ്രായം. 'ടീമിന് നേട്ടമുണ്ടാകും, വിരാട് എതിരാളികളെ തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

കോഹ്ലി നാട്ടിലേക്ക് മടങ്ങുകയും ടീമിൽ പരിക്കുകൾ വർദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യ പ്രതിബന്ധങ്ങളെ അതിജീവിച്ച് പരമ്പര ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ തുറന്നു സമ്മതിക്കുന്നു. ഈ വിജയത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി വിശേഷിപ്പിച്ചത്.

1968 ൽ ന്യൂസിലൻഡിനെതിരായ ആദ്യ വിദേശ ടെസ്റ്റ് വിജയത്തിലേക്ക് ഇതിഹാസ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡി ഇന്ത്യയെ നയിച്ചു. വിദേശ മണ്ണിൽ ആദ്യ പരമ്പര നേട്ടം 3-1 നായിരുന്നു. പിന്നീട് സൗരവ് ഗാംഗുലിയും, മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയുമടക്കം മികച്ച വിജയങ്ങൾ വിദേശ മണ്ണിൽ നേടി. ലോകത്തെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി ഇന്ത്യ മാറി. എന്നാൽ ഏറ്റവും മികച്ച പരമ്പര നേട്ടങ്ങളിലൊന്നായാണ് ഓസ്‌ട്രേലിയൻ മണ്ണിലെ നേട്ടത്തെ ഏവരും ഓർമിക്കപ്പെടുക എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ആഷസ് പരമ്പരയേക്കാൾ വീറും വാശിയും നിറഞ്ഞ, ചോരപൊടിയുന്ന, വംശീയത അടക്കമുള്ള വിവാദങ്ങൾ നിറഞ്ഞ  ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ പിന്നിടുന്നത്. ഒരു പക്ഷേ ആഷസിനേക്കാൾ ഒരു പടി മുന്നിലാണ് ഗവാസ്‌കർ ബോർഡർ പരമ്പരയെന്ന് ക്രിക്കറ്റ് ലോകം നാളെ വിലയിരുത്തിയാലും അതിൽ അതിശയമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP