Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

താരലേലത്തിൽ ടൈ ബ്രേക്കറിലൂടെ 2010ൽ മുംബൈയിലെത്തി; നീലക്കുപ്പായം അണിഞ്ഞത് 189 മത്സരങ്ങളിൽ; അഞ്ച് കിരീടങ്ങൾ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശതാരം; വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡ് ഇനി മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ

താരലേലത്തിൽ ടൈ ബ്രേക്കറിലൂടെ 2010ൽ മുംബൈയിലെത്തി; നീലക്കുപ്പായം അണിഞ്ഞത് 189 മത്സരങ്ങളിൽ; അഞ്ച് കിരീടങ്ങൾ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശതാരം; വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡ് ഇനി മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കെയ്‌റോൺ പൊള്ളാർഡ് ഐ.പി.എൽ കരിയർ അവസാനിപ്പിച്ചു. ഐ.പി.എൽ കണ്ട മികച്ച വിദേശ താരങ്ങളിലൊരാളായ പൊള്ളാർഡ്, 13 സീസണുകളിൽ മുംബൈയുടെ ജഴ്‌സിയണിഞ്ഞ ശേഷമാണ് കളി മതിയാക്കുന്നത്. എന്നാൽ, ബാറ്റിങ് പരിശീലകനെന്ന നിലയിൽ 35കാരൻ മുംബൈക്കൊപ്പം തുടരും.

ഐപിഎൽ പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് പൊള്ളാർഡിനെ മുംബൈ നിലനിർത്തിയേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാർഡിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തിൽ കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ മുംബൈ ഇന്ത്യൻസിൽ കളിക്കില്ലെങ്കിലും അടുത്ത സീസണിൽ അവരുടെ ബാറ്റിങ് പരിശീലകനായി താനുണ്ടാവുമെന്നും പൊള്ളാർഡ് വ്യക്തമാക്കി.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമായാണ് പൊള്ളാർഡ് 13 വർഷം നീണ്ട ഐപിഎൽ കരിയർ അവസാനിപ്പിക്കുന്നത് . 189 മത്സരങ്ങളാണ് ഐപിഎല്ലിൽ പൊള്ളാർഡ് കളിച്ചത്. കഴിഞ്ഞ 13 വർഷവും മുംബൈ മധ്യനിരയുടെ നെടുന്തൂണായും നിർണായക ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന മീഡിയം പേസറായും പൊള്ളാർഡുണ്ടായിരുന്നു.

മുംബൈ താരങ്ങളായിരുന്ന ക്രുനാൽ പാണ്ഡ്യയെയും ഹാർദ്ദിക് പാണ്ഡ്യയെയും മെന്റർ ചെയ്തത് പൊള്ളാർഡായിരുന്നു. കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പൊള്ളാർഡിന് കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ കുപ്പായത്തിൽ തിളങ്ങാനായിരുന്നില്ല. 11 മത്സരങ്ങളിൽ മുബൈക്കായി കളിച്ച പൊള്ളാർഡിന് 134 പന്തിൽ 144 റൺസെ നേടാനായുള്ളു. 25 റൺസായിരുന്നു ഉയർന്ന സ്‌കോർ.

2009ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ 2010ലാണ് പൊള്ളാർഡ് ഐപിഎല്ലിന്റെ ഭാഗമാകുന്നത്. നാലു ടീമുകൾ പൊള്ളാർഡിനായി ശക്തമായി മത്സരരംഗത്തുവന്നതോടെ ടൈ ബ്രേക്കറിലൂടെയാണ് പൊള്ളാർഡിനെ മുംബൈ ലേലത്തിൽ പിടിച്ചത്. പിന്നീട് ഒരിക്കലും മുബൈക്കല്ലാതെ മറ്റൊരു ടീമിനായും പൊള്ളാർഡ് കളിച്ചിട്ടില്ല.

മുംബൈ കുപ്പായത്തിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ പൊള്ളാർഡ് 189 മത്സരങ്ങളിൽ 147.32 പ്രഹരശേഷിയിൽ 3412 റൺസും 69 വിക്കറ്റും നേടി. കഴിഞ്ഞ രണ്ട് സീസണുകളിൽ രോഹിത് ശർമക്ക് കളിക്കാൻ കഴിയാത്ത മത്സരങ്ങളിൽ മുംബൈയെ നയിച്ചത് പൊള്ളാർഡായിരുന്നു. പൊളാർഡ് മുംബൈ വിടുകയാണെങ്കിൽ താരത്തെ ഏറ്റെടുക്കാൻ ഗുജറാത്ത് ടൈറ്റൻസ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ മുംബൈ വിട്ട് മറ്റൊരു ടീമിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയാണ് പൊളാർഡ് വിരമിക്കുന്നത്.

ഐ.പി.എല്ലിൽ ഒറ്റ ടീമിനായി 100 മത്സരങ്ങളിലെങ്കിലും കളത്തിലിറങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് പൊള്ളാർഡ്. വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു), സുനിൽ നരെയ്ൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്), ജസ്പ്രീത് ബുംറ, ലസിത് മലിംഗ (ഇരുവരും മുംബൈ ഇന്ത്യൻസ്) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

ഐപിഎൽ ലേലത്തിന് മുമ്പ് നിലനിർത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്ന കളിക്കാരുടെയും പട്ടിക നൽകാനുള്ള അവസാന തീയതി ഇന്നാണ്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈ കഴിഞ്ഞ സീസണിൽ പോയന്റ് പട്ടികയിൽ പത്താമതായാണ് ഫിനിഷ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP