Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ മുട്ടുമടക്കി; ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ; 214 റൺ വിജയ ലക്ഷ്യം മറികടന്നത് 34-ാം ഓവറിൽ; ഹേസൽവുഡിന് നാലു വിക്കറ്റ്

പാക്കിസ്ഥാൻ മുട്ടുമടക്കി; ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ; 214 റൺ വിജയ ലക്ഷ്യം മറികടന്നത് 34-ാം ഓവറിൽ; ഹേസൽവുഡിന് നാലു വിക്കറ്റ്

അഡ്‌ലെയ്ഡ്: ഇക്കുറിയും പടക്കം പൊട്ടിക്കാനാകാതെ പാക്കിസ്ഥാൻ ആരാധകനു നിരാശനായി മടങ്ങാം. ലോകകപ്പിൽ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിനു കളമൊരുങ്ങി. 26ന് സിഡ്‌നിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനൽ.

പാക്കിസ്ഥാൻ ഉയർത്തിയ 214 റൺ വിജയലക്ഷ്യം 33.5 ഓവറിൽ മറികടന്നാണ് ഇന്ത്യയുമായുള്ള സെമി ഫൈനൽ പോരാട്ടത്തിന് ഓസ്‌ട്രേലിയ അർഹത നേടിയത്. അർധ സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തും ഷെയ്ൻ വാട്‌സണുമാണ് ഓസീസ് ജയം എളുപ്പമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഒരു പന്തുശേഷിക്കെ 213 റണ്ണിന് പുറത്തായി. നാലുവിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് പാക്കിസ്ഥാനെ താരതമ്യേന കുറഞ്ഞ സ്‌കോറിന് പുറത്താക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചത്.

41 റൺ നേടിയ ഹാരിസ് സൊഹൈലും 34 റൺ നേടിയ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖുമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. ഓപ്പണർമാരായ അഹമ്മദ് ഷെഹ്‌സാദിനെയും സർഫ്രാസ് അഹമ്മദിനെയും തുടക്കത്തിലെ നഷ്ടപ്പെട്ട പാക്കിസ്ഥാനെ മൂന്നാം വിക്കറ്റിൽ മിസ്ബയും ഹാരിസ് സൊഹൈലും ചേർന്നാണു കരകയറ്റിയത്. ഇവർ 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മിസ്ബ വീണതിനു പിന്നാലെ പാക്കിസ്ഥാൻ മധ്യനിര തകർന്നടിഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റു നഷ്ടമായതോടെ പാക്കിസ്ഥാൻ സ്‌കോറിങ് മന്ദഗതിയിലായി. ഉമർ അക്മൽ 20നും സൊഹൈബ് മഖ്‌സൂദ് 29നും ഷാഹിദ് അഫ്രീദി 23നും പുറത്തായി. ഓസീസിനായി മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്‌സ്‌വെലും രണ്ടുവിക്കറ്റു വീതം വീഴ്‌ത്തി. ഫോക്‌നറും മിച്ചൽ ജോൺസണും ഓരോ വിക്കറ്റെടുത്തു.

ഹേസൽവുഡിന്റെ പന്തു വിക്കറ്റിൽ തട്ടിയിട്ടും ബെയിൽ വീഴാതിരുന്നത് മിസ്ബ ഉൾ ഹഖിന് ജീവൻ നീട്ടി നൽകിയെങ്കിലും കൂറ്റൻ സ്‌കോറിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് പന്ത് വിക്കറ്റിൽ തട്ടിയിട്ടും ബെയിൽ വീഴാതിരിക്കുന്നത്. നേരത്തെ പൂൾ ബിയിൽ യുഎഇയും അയർലൻഡും തമ്മിലുള്ള മത്സരത്തിലും സമാന സംഭവമുണ്ടായിരുന്നു.

ആദ്യ മൂന്നുവിക്കറ്റുകൾ വെറും 59 റണ്ണിനിടെ നഷ്ടമായ ഓസ്‌ട്രേലിയ പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു തോന്നിച്ച ഘട്ടത്തിലാണ് സ്മിത്തും വാട്‌സണും ഒത്തുചേർന്നത്. ഇരുവരും ചേർന്നുണ്ടാക്കിയ 89 റണ്ണിന്റെ കൂട്ടുകെട്ടാണ് അനായാസ ജയം ഓസീസിന് നൽകിയത്. സ്മിത്ത് 69 പന്തിൽ ഏഴു ഫോറുൾപ്പെടെ 65 റണ്ണെടുത്തു. വാട്‌സൺ 66 പന്തിൽ 7 ഫോറും ഉൾപ്പെടെ 64 റണ്ണെടുത്തു പുറത്താകാതെ നിന്നു.

നേരത്തെ ഓപ്പൺമാരായ ആരോൺ ഫിഞ്ച് രണ്ടു റണ്ണിനും ഡേവിഡ് വാർണർ 24 റണ്ണിനും പുറത്തായിരുന്നു. ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് എട്ടു റണ്ണിനും പുറത്തായി. ഗ്ലെൻ മാക്‌സ്‌വെൽ 29 പന്തിൽ രണ്ടു സിക്‌സും അഞ്ചു ഫോറും ഉൾപ്പെടെ 44 റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്നത്തെ രണ്ടു വിക്കറ്റോടെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെന്ന നേട്ടം മിച്ചൽ സ്റ്റാർക്കിനു സ്വന്തമായി. സ്റ്റാർക്കിന് 6 കളിയിൽ നിന്ന് 18 വിക്കറ്റായി. അത്രയും മത്സരത്തിൽ നിന്ന് 17 വിക്കറ്റുള്ള ഇന്ത്യൻ താരം മുഹമ്മദ് ഷാമിയാണ് രണ്ടാമത്.

കഴിഞ്ഞ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടു വിക്കറ്റു നേടുകയും പുറത്താകാതെ അർധ സെഞ്ച്വറി നേടുകയും ചെയ്ത യുവരാജ് സിങ്ങായിരുന്നു അന്നത്തെ മാൻ ഓഫ് ദ മാച്ച്. ഇക്കുറി ഇരു ടീമുകളും സെമി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഓസ്‌ട്രേലിയൻ മണ്ണിലാണ് കളി എന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP