Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂന്നര പ്രതിഭകളെയെന്ന് ഭോഗ്‌ലെ; എല്ലാവരും കളംവിട്ടത് പ്രതിഭയോട് നീതി പുലർത്താതെ; മുഹമ്മദ് ആസിഫ് പല ബാറ്റ്‌സ്മാന്മാരെയും വിളപ്പിച്ച ബോളറെന്നും ഭോഗ്‌ലെ? ആരാണ് ആ 'അര' എന്ന് അറിയേണ്ടെ?

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂന്നര പ്രതിഭകളെയെന്ന് ഭോഗ്‌ലെ; എല്ലാവരും കളംവിട്ടത് പ്രതിഭയോട് നീതി പുലർത്താതെ; മുഹമ്മദ് ആസിഫ് പല ബാറ്റ്‌സ്മാന്മാരെയും വിളപ്പിച്ച ബോളറെന്നും ഭോഗ്‌ലെ? ആരാണ് ആ 'അര' എന്ന് അറിയേണ്ടെ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാലങ്ങളായി എണ്ണമറ്റ പ്രതിഭാ ധനരായ നിരവധി കളിക്കാരുള്ള ടീമാണ് പാക്കിസ്ഥാന്റേത്. പ്രതിഭാധനരായ താരങ്ങൾ അനവധിയുണ്ടായിട്ടും ലോക ക്രിക്കറ്റിൽ അതിന്റെ നേട്ടമുണ്ടാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല. നിരവധി ലോക താരങ്ങൾ പാക്കിസ്ഥാന്റെ ക്രിക്കറ്റ് താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവരെല്ലാവരും വിചാരിച്ചത്ര നേട്ടം ലോക ക്രിക്കറ്റിൽ ഉണ്ടാക്കാതിരുന്നതെന്നും പലരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്നാൽ പലരുടേയും നീതി പുലർത്താത്ത സമീപനമാണ് അവരെ ക്രിക്കറ്റ് ലോകത്ത് നിന്നും പടിയിറക്കിയതെന്നാണ് വിദഗ്ദാഭിപ്രായം.

പ്രതിഭകൾക്കു ജന്മം നൽകുന്ന കാര്യത്തിൽ 'ക്രിക്കറ്റിലെ ബ്രസീലാ' പാക്കിസ്ഥാനെന്ന് പാക്കിസ്ഥാന്റെ മുൻതാരം വസിം അക്രം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ തന്നെ ഷോയ്ബ് അക്തറും മറ്റൊരു 'പ്രതിഭാ കമന്റു'മായി രംഗത്തെത്തിയത്. വീരേന്ദർ സേവാഗിനേക്കാൾ പ്രതിഭയുള്ള താരമായിരുന്നു പാക്കിസ്ഥാന്റെ മുൻ ഓപ്പണർ ഇമ്രാൻ നിസാറെന്നായിരുന്നു അക്തറിന്റെ നിരീക്ഷണം. പക്ഷേ സേവാഗിന്റെയത്ര ബുദ്ധിയില്ലാതെ പോയതാണ് നിസാറിനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇമ്രാൻ നിസാറിനെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും പരാജയപ്പെട്ടെന്ന് അക്തർ അഭിപ്രായപ്പെട്ടിരുന്നു.

ഈ നിരീക്ഷണങ്ങൾക്കെല്ലാം പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിന് നഷ്ടമായ പ്രതിഭകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും ക്രിക്കറ്റ് ജേർണലിസ്റ്റുമായ ഹർഷ ഭോഗ്‌ലെ. മുൻ പാക്കിസ്ഥാൻ താരവും കമന്റേറ്ററുമായ റമീസ് രാജയുമായി യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് പാക്കിസ്ഥാന് നഷ്ടമായ 'മൂന്നര' പ്രതിഭകളെക്കുറിച്ച് ഭോഗ്‌ലെ സംസാരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിഭാധനരായ 'മൂന്നര' താരങ്ങളെയാണ് പാക്കിസ്ഥാനു നഷ്ടമായതെന്നാണ് ഭോഗ്‌ലെ പറഞ്ഞത്.

മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ, ഉമർ അക്മൽ എന്നിവരാണ് പാക്കിസ്ഥാന് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ ആ മൂന്ന് പ്രതിഭകളെന്നാണ് ഭോഗ്‌ലെ പറഞ്ഞത്.
ഇനി ആരാണ് ആ 'അര' പ്രതിഭയെന്നല്ലേ? പാക്കിസ്ഥാന്റെ ഓപ്പണറായ അഹമ്മദ് ഷെഹ്‌സാദാണ് ആ 'അര'. ചില മികച്ച പ്രകടനങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോട് പകുതി മാത്രം നീതി പുലർത്താനേ ഷെഹ്‌സാദിന് സാധിച്ചിട്ടുള്ളൂവെന്ന് ഭോഗ്‌ലെ അഭിപ്രായപ്പെട്ടു.

രാജ്യാന്തര ക്രിക്കറ്റിൽ തങ്ങൾ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറായി ഇപ്പോഴും പല ബാറ്റ്‌സ്മാന്മാരും കണക്കാക്കുന്നത് ആസിഫിനെയാണ്' . ഇക്കൂട്ടത്തിൽപ്പെടുന്ന രണ്ടാമൻ മുഹമ്മദ് ആമിറാണ്. ഒട്ടേറെ ടൂർണമെന്റുകളിൽ അദ്ദേഹം മികച്ച രീതിയിൽ ബോൾ ചെയ്തിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോടു നീതി പുലർത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂന്നാമൻ ഉമർ അക്മൽ ആണ്. ബാക്കിയുള്ള പകുതി അഹമ്മദ് ഷെഹ്‌സാദും' ഭോഗ്ലെ പറഞ്ഞു.

പാക്കിസ്ഥാൻ ക്രിക്കറ്റിന് വളരെയധികം പ്രതീക്ഷ നൽകി 2005ൽ അരങ്ങേറിയ മുഹമ്മദ് ആസിഫ് അഞ്ചു വർഷം കൊണ്ട് കളമൊഴിഞ്ഞുപോയി. ഇതിനിടെ കളിച്ചത് 23 ടെസ്റ്റും 38 ഏകദിനവും 11 ട്വന്റി20 മത്സരങ്ങളും മാത്രം. ടെസ്റ്റിൽ 106 വിക്കറ്റും ഏകദിനത്തിൽ 46 വിക്കറ്റും ട്വന്റി20യിൽ 13 വിക്കറ്റും വീഴ്‌ത്തി. പ്രതിഭയുള്ള താരമെങ്കിലും ഉത്തേജക, ഒത്തുകളി വിവാദങ്ങളിൽ കുടുങ്ങി അകാലത്തിൽ കരിയർ അവസാനിപ്പിക്കാനായിരുന്നു ആസിഫിന്റെ വിധി. സമാനമായ പാതകളിലൂടെ കടന്നുപോയവരാണ് മുഹമ്മദ് ആമിറും ഉമർ അക്മലും. ഒരാൾ ഒത്തുകളിക്ക് പിടിക്കപ്പെട്ട് ജയിൽ ശിക്ഷ പോലും അനുഭവിച്ചയാൾ. രണ്ടാമൻ ഇപ്പോൾ സമാനമായ കുറ്റത്തിന് വിലക്കപ്പെട്ടയാളും. പ്രതിഭയ്‌ക്കൊത്ത് കളിച്ചിരുന്നെങ്കിൽ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർ ആകേണ്ടിയിരുന്നയാളാണ് ആമിറെന്നാണ് വിദഗ്ധമതം. അക്മലും വളരെ പ്രതീക്ഷ നൽകിയ തുടക്കത്തിനുശേഷം വിവാദങ്ങളിൽ കുടുങ്ങുകയായിരുന്നു.

15-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഷെഹ്‌സാദ് പലപ്പോഴും റിക്കി പോണ്ടിങ്ങുമായി താരതമ്യപ്പെടുത്തപ്പെട്ട വ്യക്തിയാണ്. അണ്ടർ 19 ക്രിക്കറ്റിൽ മിന്നും താരമായിരുന്നെങ്കിലും സീനിയർ ടീമിലെത്തിയപ്പോൾ പ്രതിഭയോടു നീതിപുലർത്താനായില്ല. 13 ടെസ്റ്റും 81 ഏകദിനവും 50 ട്വന്റി20 മത്സരങ്ങളുമാണ് കളിച്ചത്. മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരവുമാണ്. പക്ഷേ 2017ലാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ പാക്കിസ്ഥാനായി ഏകദിനവും ടെസ്റ്റും കളിച്ചത്. 2019 ഒക്ടോബറിലായിരുന്നു അവസാന രാജ്യാന്തര ട്വന്റി20 മത്സരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP