Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

വിദ്യാഭ്യാസത്തിൽ ബൗണ്ടറിക്ക് പുറത്ത്; ജീവിതത്തിന്റെ പിച്ചിൽ നിലയില്ലാ കയത്തിലും! മഴ താണ്ഡവമാടിയപ്പോൾ താമര ഭാഗത്തെ വീടിനെ രക്ഷിച്ചത് ഫയർഫോഴസും; 25 കൊല്ലം മുമ്പത്തെ ആ വാർത്തയിലെ പയ്യൻ ഇന്ന് കേരളാ ക്രിക്കറ്റിന്റെ പ്രായം കുറഞ്ഞ ചീഫ് സെലക്ടർ; ഇത് ജീവിതത്തിന്റെ പിച്ചിൽ തളരാത്ത പ്രശാന്തിന്റെ ഓൾറൗണ്ട് മികവിന്റെ ക്രിക്കറ്റ് കഥ

വിദ്യാഭ്യാസത്തിൽ ബൗണ്ടറിക്ക് പുറത്ത്; ജീവിതത്തിന്റെ പിച്ചിൽ നിലയില്ലാ കയത്തിലും! മഴ താണ്ഡവമാടിയപ്പോൾ താമര ഭാഗത്തെ വീടിനെ രക്ഷിച്ചത് ഫയർഫോഴസും; 25 കൊല്ലം മുമ്പത്തെ ആ വാർത്തയിലെ പയ്യൻ ഇന്ന് കേരളാ ക്രിക്കറ്റിന്റെ പ്രായം കുറഞ്ഞ ചീഫ് സെലക്ടർ; ഇത് ജീവിതത്തിന്റെ പിച്ചിൽ തളരാത്ത പ്രശാന്തിന്റെ ഓൾറൗണ്ട് മികവിന്റെ ക്രിക്കറ്റ് കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസത്തിൽ ബൗണ്ടറിക്ക് പുറത്ത്, ജീവിതത്തിന്റെ പിച്ചിൽ നിലയില്ലാ കയത്തിലും-പക്ഷേ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കേരളാ സ്പോർട്സ് കൗൺസിലിന്റെ റീജനൽ കോച്ചിങ് സെന്ററിൽ ആരു മറിയാതെ ഇന്ത്.യയുടെ സ്പിൻ പ്രതീക്ഷയ്ക്ക് ചിറക് നൽകുകയാണ് പി പ്രശാന്ത്-രണ്ട് പതിറ്റാണ്ടു മുമ്പ് മനോരമയിൽ പ്രദീപ് പിള്ള എഴുതിയ വാർത്ത. അക്ഷരാർത്ഥത്തിൽ അത് ശരിയായി. ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കിലും പ്രശാന്ത് ഐപിഎല്ലിൽ കളിച്ചു. ഇപ്പോൾ മറ്റൊരു നേട്ടം. കേരളാ രഞ്ജി ട്രോഫി ടീമിലന്റെ ചീഫ് സെലക്ടർ. ഈ നേട്ടത്തിൽ എത്തുന്ന ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയാണ് പ്രശാന്ത്.

ഇവനെ കുറിച്ച് സാക്ഷാൽ ഇഎഎസ് പ്രസന്ന പറഞ്ഞത് ഇങ്ങനെ- നല്ല ആം ബോൾ, നല്ല ലൂപ്പ്.... ശ്രമിച്ചാൽ ഇന്ത്യക്ക് കളിക്കും. പക്ഷേ കേരളാ ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് പറന്നു കയറാൻ പ്രശാന്തിന് ആയില്ല. അപ്പോഴും കേരളാ രഞ്ജി ട്രോഫി ടീമിലെ സാന്നിധ്യമായി. വീട്ടിലെ പരാധീനതകളെ പടവെട്ടിയായിരുന്നു ജൂനിയർ ക്രിക്കറ്റിൽ പ്രശാന്ത് മുന്നേറിയത്. കുമാരപുരം താമരഭാഗം ലെയിനിലെ വാട്ടിലായിരുന്നു കുട്ടിക്കാലം. കൊച്ചുവീട്ടിൽ മഴ ഒരിക്കൽ താണ്ഡവമായപ്പോൾ വെള്ളം കയറി. ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പു ചെയ്താണ് ആ വീടിനെ അന്ന് രക്ഷിച്ചത്. ഈ കഥയെല്ലാം വിവരിച്ചാണ് 25 കൊല്ലം മുമ്പ് പ്രദീപ് പിള്ള വാർത്ത നൽകിയത്.

കേരളാ രഞ്ജി ടോഫി ടീമിന്റെ സെലക്ടറായി പ്രശാന്ത് മാറുമ്പോൾ വയസ്സ് 37 മാത്രം. കമറുദ്ദീനും സൊറാബുമാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. ഈ നേട്ടത്തിനിടെയിലും തന്റെ പഴയ കാലം ഓർക്കുന്നുണ്ട് പ്രശാന്ത്. പ്രദീപ് പിള്ളയുടെ 25 കൊല്ലം മുമ്പത്തെ വാർത്ത ചർച്ചയാക്കുന്നതും പ്രശാന്തിന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ്. അച്ഛൻ മരിച്ചതും അമ്മ സ്‌കൂളിലെ ജീവനക്കാരിയായതും അതുകൊണ്ട് ലോൺ പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയുമെല്ലാം വിവരിക്കുന്ന വാർത്ത. വാർത്തയുടെ തലക്കെട്ടു പോലെ ജീവിതത്തിന്റെ പിച്ചിൽ തളരാതെ പ്രശാന്ത് മുമ്പോട്ട് പോയി. എല്ലാത്തിനും പിന്തുണയായി ഒപ്പം നിന്നത് കോച്ച് ബിജു ജോർജും.

മുപ്പത് ഫസ്റ്റക്ലാസ് മത്സം പ്രശാന്ത് കേരളത്തിന് വേണ്ടി കളിച്ചു. സെഞ്ച്വറി അടക്കം 831 റൺസ് നേടി. 59 വിക്കറ്റും വീഴ്‌ത്തി ഈ ഇടംകൈയൻ സ്പിൻ ബൗളർ. ഐപിഎല്ലിൽ കൊച്ചി ടസ്‌കേഴ്‌സിനും സൺറൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി ജേഴ്‌സി അണിഞ്ഞു. അടിച്ചു തകർക്കും ബാറ്റ്‌സ്മാനും വീക്കറ്റ് വീഴ്‌ത്തും ബൗളറുമായിരുന്നു പ്രശാന്ത്. ജൂനിയർ ക്രിക്കറ്റിൽ പി അനീഷും പ്രശാന്തും ചേർന്നുള്ള ബൗളിങ് കൂട്ടുകെട്ട് ഇന്ത്യയിലെ പല പ്രമുഖ ബാറ്റ്‌സ്മാന്മാരേയും വട്ടംകറക്കി. രഞ്ജി ട്രോഫിയിലും ഈ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഉണ്ടാക്കിയതെന്നതും വസ്തുതയാണ്. പക്ഷേ പല കാരണങ്ങൾ കൊണ്ടും കരിയറിന്റെ അവസാന കാലത്ത് പ്രശാന്തിന് അവസരങ്ങൾ നിഷേധിച്ചു.

പിന്നീട് കോച്ചിംഗിലായി ശ്രദ്ധ. ബിജു ജോർജ്ജിന്റെ സഹ പരിശീകനായ പ്രശാന്ത് കേരളത്തിന്റെ ജൂനിയർ കോച്ചുമാരിൽ പ്രധാനിയുമായി. പിന്നാലെയാണ് രഞ്ജി ട്രോഫി ടീമിനെ നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം കൈവരുന്നത്. തനിക്കൊപ്പമുള്ളവർ പലരും ഇപ്പോഴും പാഡണിയുന്നവരാണ്. അവരേയും കേരളത്തിന്റെ ഭാവിയേയും സമന്വയിപ്പിച്ച് ദേശീയ ക്രിക്കറ്റിൽ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് പ്രശാന്തിന് മുന്നിലെ പ്രധാന ദൗത്യം. ഇതിനിടെയിലും ആ പഴയ കാലം പ്രശാന്ത് മറക്കുന്നില്ല. അതാണ് പഴയ മനോരമ വാർത്ത മുഖപുസ്തകത്തിലെ പോസ്റ്റാകുന്നതും.

ദക്ഷിണ റെയിൽവേ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനാണ് പ്രശാന്ത്. രംഗനാഥന്റെ ക്രിക്കറ്റ് കളരിയിലൂടെയാണ് പ്രശാന്ത് കളിയിൽ സജീവമാകുന്നത്. പിന്നീട് ബിജു ജോർജ് മുഖ്യ പരിശീലകനായി. ഇതോടെ ഫാസ്റ്റ് ബൗളിങ് കൊതിച്ച പ്രശാന്ത് ഇടംകൈയൻ സ്പിന്നറായി. അടിച്ചു തകർക്കുന്ന ബാറ്റിങ് കിട്ടിയത് പഴയ ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെയാണ്. അതും കൈമുതലാക്കി കേരളത്തിലെ മികച്ച ഔൾറൗണ്ടർ എന്ന ഖ്യാതി ഒരു കാലത്ത് പ്രശാന്ത് സ്വന്തമാക്കിയിരുന്നു. മികച്ചൊരു ഫീൽഡറുമായിരുന്നു. അങ്ങനെ കേരളാ ക്രിക്കറ്റിലെ ഓൾറൗണ്ടറായി പ്രശാന്ത് അറിയപ്പെട്ടു.

അനന്തപത്മനാഭനും രാംപ്രകാശും ഉംറിയെന്ന സുരേഷ് കുമാറിന്റെയും സ്പിൻ പിന്തുടർച്ചയുമായാണ് പ്രശാന്തും അനീഷും കേരളാ രഞ്ജി ട്രോഫിയിലേക്ക് എത്തുന്നത്. പ്രതീക്ഷകൾക്കൊപ്പം അവരും മുന്നേറിയെന്നതാണ് വസ്തുത. കേരള ക്രിക്കറ്റ് ടീമിന്റെ അടുത്ത സീസണിലേക്കുള്ള സെലക്ഷൻ കമ്മിറ്റി തലവനായി പി.പ്രശാന്തിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ ആഴ്ചയാണ്. ദീപക് സി.എം ( ചെയർമാൻ), രാകേഷ് കെ.ജെ, നിയാസ്.എൻ എന്നിവരാണ് ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP