Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയ്‌ക്കെതിരെ ചരിത്രംകുറിച്ച് ട്രവിസ് ഹെഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ; ഏകദിന ശൈലിയിൽ ഹെഡ് ആഞ്ഞടിച്ചതോടെ സമ്മർദ്ദത്തിലായി ഇന്ത്യ; ഓവലിൽ ഓസീസ് ശക്തമായ നിലയിൽ

ഇന്ത്യയ്‌ക്കെതിരെ ചരിത്രംകുറിച്ച് ട്രവിസ് ഹെഡ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റർ; ഏകദിന ശൈലിയിൽ ഹെഡ് ആഞ്ഞടിച്ചതോടെ സമ്മർദ്ദത്തിലായി ഇന്ത്യ; ഓവലിൽ ഓസീസ് ശക്തമായ നിലയിൽ

സ്പോർട്സ് ഡെസ്ക്

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യുടിസി) ഫൈനലിലിന്റെ ആദ്യ ദിനം സ്വന്തമാക്കി ഓസ്‌ട്രേലിയ. ബാറ്റർമാരുടെ മികവിൽ മികച്ച സ്‌കോറിലേക്കാണ് ഓസീസ് ചുവടുവെക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായി ഓസീസ് താരം ട്രാവിസ് ഹെഡ് ചരിത്രം രചിച്ചു. ഓവലിൽ നടന്ന ഡബ്ല്യുടിസി ഫൈനൽ 2023 ന്റെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് ഇന്ത്യയ്ക്കെതിരെ അദ്ദേഹം മൂന്നക്കം കടന്നത്.

മികച്ച ഫോമിലുള്ള ട്രവിസ് ഹെഡ് പതിവുപോലെ ആക്രമണശൈലിയിൽ തന്നെയാണ് ബാറ്റു വീശിയത്. ഇന്ത്യൻ പേസർമാരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയിലായിരുന്നു ഹെഡിന്റെ ബാറ്റിങ്. രണ്ടാം സെഷന്റെ തുടക്കത്തിൽ മുഹമ്മദ് ഷാമി മാർനസ് ലബുഷാഗ്‌നെയെ ക്ലീൻ ബോൾഡാക്കിയതോടെയാണ് ഹെഡ് ക്രീസിലെത്തിയത്. മധ്യനിരയിൽ സ്മിത്തിനൊപ്പം ചേർന്ന് ഇന്ത്യൻ പേസർമാർക്ക് എതിരെ ഹെഡ് ആഞ്ഞടിച്ചതോടെ രോഹിത് ശർമ്മയും കൂട്ടരും സമ്മർദ്ദത്തിലായി.

മികച്ച ഫ്‌ളിക്കുകളിലൂടെയും കട്ട് ഷോട്ടുകളിലൂടെയും ഹെഡ് ഇന്ത്യൻ ബോളർമാരെ അനായാസം നേരിട്ടു. ഷാർദുൽ താക്കൂറിന്റെ പന്ത് മികച്ച ബാക്ക്ഫൂട്ട് പഞ്ചിലൂടെ അതിർത്തിയിലേക്ക് കടത്തി അദ്ദേഹം തന്റെ 14-ാം ടെസ്റ്റ് ഫിഫ്റ്റി നേടി. സ്മിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ചായയ്ക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയയെ 3 വിക്കറ്റ് നഷ്ടത്തിൽ 170 എന്ന നിലയിൽ എത്തിച്ചു.

ഹെഡ് സെഞ്ചുറിയുമായി (105*) അർധ സെഞ്ചുറി പൂർത്തിയാക്കിയ സ്മിത്ത് (57*) മികച്ച പിന്തുണ നൽകി ഒപ്പമുണ്ട്. നേരത്തെ ഓപ്പണർമാരായ ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. കളിതുടങ്ങി നാലാം ഓവറിൽ തന്നെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്‌സ്വിങ്ങറിൽ ഉസ്മാൻ ഖവാജയെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തുകൾ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഖവാജ മടങ്ങിയത്.

പിന്നാലെ വാർണറും ലബുഷെയ്നും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിലയുറപ്പിച്ച വാർണറെ മടക്കി ശാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്തിന്റെ ലൈൻ മനസിലാക്കാതെ ബാറ്റ് വീശിയ വാർണറുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കൈയിലൊതുക്കുകയായിരുന്നു. 43 റൺസായിരുന്നു വാർണറുടെ സമ്പാദ്യം. തുടർന്ന് അഞ്ചു റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ലബുഷെയ്നിനെയും ഓസീസിന് നഷ്ടമായി. 26 റൺസെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്മിത്ത് - ട്രാവിസ് ഹെഡ് സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ ഓസീസ് സ്‌കോർ മുന്നോട്ടുനയിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ പിച്ചിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ടോസ് കിട്ടിയപ്പോൾ ബൗളിങ് തിരഞ്ഞെടുക്കാൻ തെല്ലും ആലോചിക്കേണ്ടിവന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഉമേഷ് യാദവും ശാർദുൽ താക്കൂറും പേസർമാരായി ഇന്ത്യൻ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനിൽ ഉൾപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP