Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

വാംഖഡെയിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി രോഹിത്; ലോകകപ്പിൽ ഏറ്റവുമധികം സിക്സടിച്ച് പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ നായകൻ; ഒട്ടേറെ റെക്കോഡുകൾ; 29 പന്തിൽ 47 റൺസെടുത്ത് മടക്കം; ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 150 റൺസ്

വാംഖഡെയിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി രോഹിത്; ലോകകപ്പിൽ ഏറ്റവുമധികം സിക്സടിച്ച് പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ നായകൻ; ഒട്ടേറെ റെക്കോഡുകൾ; 29 പന്തിൽ 47 റൺസെടുത്ത് മടക്കം; ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 150 റൺസ്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. 2023 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ന്യൂസീലൻഡിനെതിരേ മൂന്ന് സിക്സ് നേടിയതോടെ താരം റെക്കോഡ് ബുക്കിലിടം നേടി. ലോകകപ്പിൽ ഒരു സീസണിൽ ഏറ്റവുമധികം സിക്സടിച്ച താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. 29 പന്തിൽ 47 റൺസെടുത്ത രോഹിത് ആണ് പുറത്തായത്.

ട്രെന്റ് ബോൾട്ടിന്റെ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയാണ് രോഹിത് റെക്കോഡ് കുറിച്ചത്. ഇതോടെ താരത്തിന്റെ ലോകകപ്പ് സിക്സുകളുടെ എണ്ണം 50 ആയി ഉയർന്നു. വെറും 27 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടെ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് പഴങ്കഥയായി. ഗെയ്ലിന് 34 ഇന്നിങ്സുകളിൽ നിന്ന് 49 സിക്സുകളാണ് നേടാനായത്. ടൂർണമെന്റിൽ ഏറ്റവുമധികം സിക്സടിച്ച താരവും ലോകകപ്പിൽ ഏറ്റവുമധികം സിക്സടിച്ച നായകനും രോഹിത്താണ്.

ന്യൂസിലൻഡിനെിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് രോഹിത് സമ്മാനിച്ചത്. ആദ്യ പത്തോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 150  റൺസെന്ന നിലയിലാണ്. 58 പന്തിൽ 75 റൺസോടെ ശുഭ്മാൻ ഗില്ലും 34 പന്തിൽ 25 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിൽ തന്നെ രോഹിത് രണ്ട് ബൗണ്ടറിയടിച്ച് 10 റൺസ് നേടി. ടിം സൗത്തിയുടെ തൊട്ടടുത്ത ഓവറിൽ ഗില്ലും ഇരട്ട ബൗണ്ടറി നേടി. ബോൾട്ടിന്റെ മൂന്നാം ഓവറിലായിരുന്നു മത്സരത്തിൽ രോഹിത്തിന്റെ ആദ്യ സിക്‌സ്.

സൗത്തിയെറിഞ്ഞ നാലാം ഓവറിലും സിക്‌സും ഫോറും നേടിയ രോഹിത് ബോൾട്ടിന്റെ അടുത്ത ഓവറിലും സിക്‌സടിച്ച് ലോകകപ്പിലെ സിക്‌സർ നേട്ടത്തിൽ ലോക റെക്കോർഡിട്ടു. ലോകകപ്പിൽ 27 മത്സരങ്ങളിൽ 50 സിക്‌സുകൾ തികച്ച രോഹിത് 49 സിക്‌സുകൾ നേടിയിരുന്ന ക്രിസ് ഗെയ്ലിനെയാണ് മറികടന്നത്. 43 സിക്‌സുകളുമായി ഗ്ലെൻ മാക്‌സ്വെൽ രോഹിത്തിന് പിന്നിലുണ്ട്.

എ ബി ഡിവില്ലിയേഴ്‌സ്(37), ഡേവിഡ് വാർണർ(37) എന്നിവരാണ് ലോകകപ്പിലെ സിക്‌സർ നേട്ടത്തിൽ രോഹിത്തിന് പിന്നിലുള്ളവർ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ഇന്ന് സ്വന്തമാക്കി. 2015 ലോകകപ്പിൽ 26 സിക്‌സ് അടിച്ച ഗെയ്ലിനെ തന്നെയാണ് ഈ ലോ കകപ്പിൽ 28 സിക്‌സുമായി രോഹിത് മറികടന്നത്. ഓയിൻ മോർഗൻ(22) ഈ ലോകകപ്പിൽ ഗ്ലെൻ മാക്‌സ്വെൽ(22), എ ബി ഡിവില്ലിയേഴ്‌സ്(21), ഈ ലോകകപ്പിൽ ക്വിന്റൺ ഡീ കോക്ക്(21) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.

ആദ്യ അഞ്ചോവറിൽ 47 റൺസടിച്ച ഇന്ത്യ ബൗളിങ് മാറ്റമായി മിച്ചൽ സാന്റ്‌നർ എത്തിയപ്പോഴും വെറുതെ വിട്ടില്ല. സാന്റ്‌നറെ സിക്‌സ് അടിച്ച് വരവേറ്റ രോഹിത്തിന് പക്ഷെ ഒമ്പതാം ഓവറിൽ സൗത്തിയുടെ സ്ലോ ബോളിൽ പിഴച്ചു. സിക്‌സ് അടിക്കാനായി ഫ്രണ്ട് ഫൂട്ടിൽ ഇറങ്ങി ഷോട്ട് കളിച്ച രോഹിത് മിഡോഫിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ മനോഹര ക്യാച്ചിൽ പുറത്തായി.

നാലു ഫോറും നാലു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രോഹിത് പുറത്തായശേഷമെത്തിയ കോലി തുടക്കത്തിൽ തന്നെ ടിം സൗത്തിയുടെ ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചു. റിവ്യു എടുത്തെങ്കിലും പന്ത് കോലിയുടെ ബാറ്റിലുരസിയതിനാൽ ഔട്ടാകാതെ രക്ഷപ്പെട്ടു.

പവർ പ്ലേയിലെ ആദ്യ പത്തോവറിൽ 84 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. പതിമൂന്നാം ഓവറിൽ ലോക്കി ഫെർഗൂസനെ സിക്‌സിനും ഫോറിനും പറത്തിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ 100 കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP