Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഗ്രഹിച്ചത് അത്‌ലറ്റാകാൻ; വഴി തെറ്റി 12-ാം വയസ്സിലെത്തിയത് ക്രിക്കറ്റ് സെലക്ഷൻ ഗ്രൗണ്ടിൽ; അതിവേഗതയിൽ പന്തെറിഞ്ഞ് ജില്ലാ ടീമിൽ; ഗോഡ് ഫാദറില്ലാതെ മഗ്രാത്തിന്റെ ശിഷ്യനുമായി; കഴിഞ്ഞ സീസണിൽ അണ്ടർ 19 ക്രിക്കറ്റിൽ നേടിയത് നാല് കളികളിൽ 18 വിക്കറ്റ്; ചിക്കൻപോക്‌സ് വില്ലനായപ്പോൾ ഇത്തവണ പുറത്തിരിക്കലും; മുന്നിൽ പോയ വണ്ടി വെട്ടിത്തിരിച്ചപ്പോൾ പൊലിഞ്ഞത് ഭാവി കേരളാ ക്രിക്കറ്റിന്റെ 'അതി വേഗതക്കാരൻ'; വിടവാങ്ങുന്നത് ഇന്ത്യൻ കുപ്പായത്തിലേക്ക് പന്തെറിഞ്ഞ നിർമ്മൽ ജെയ്‌മോൻ

ആഗ്രഹിച്ചത് അത്‌ലറ്റാകാൻ; വഴി തെറ്റി 12-ാം വയസ്സിലെത്തിയത് ക്രിക്കറ്റ് സെലക്ഷൻ ഗ്രൗണ്ടിൽ; അതിവേഗതയിൽ പന്തെറിഞ്ഞ് ജില്ലാ ടീമിൽ; ഗോഡ് ഫാദറില്ലാതെ മഗ്രാത്തിന്റെ ശിഷ്യനുമായി; കഴിഞ്ഞ സീസണിൽ അണ്ടർ 19 ക്രിക്കറ്റിൽ നേടിയത് നാല് കളികളിൽ 18 വിക്കറ്റ്; ചിക്കൻപോക്‌സ് വില്ലനായപ്പോൾ ഇത്തവണ പുറത്തിരിക്കലും; മുന്നിൽ പോയ വണ്ടി വെട്ടിത്തിരിച്ചപ്പോൾ പൊലിഞ്ഞത് ഭാവി കേരളാ ക്രിക്കറ്റിന്റെ 'അതി വേഗതക്കാരൻ'; വിടവാങ്ങുന്നത് ഇന്ത്യൻ കുപ്പായത്തിലേക്ക് പന്തെറിഞ്ഞ നിർമ്മൽ ജെയ്‌മോൻ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളാ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായിരുന്നു നിർമൽ ജെയ്‌മോൻ. അണ്ടർ 19 ബി ടീമിലെ ഗ്ലെൻ മഗ്രാത്ത്. നാല് കളികളിൽ നിന്ന് 18 വിക്കറ്റ് നേടി ദേശീയ ജൂനിയർ ടീമിന്റെ പടി വാതിക്കൽ എത്തിയ ഇടുക്കിക്കാരൻ. കേരളാ ക്രിക്കറ്റിൽ ഇടുക്കിയുടെ മുത്തായിരുന്നു ഈ പത്തൊമ്പതുകാരൻ. ബൈക്ക് അപകടത്തിൽ ഈ പ്രതിഭ വിടവാങ്ങുമ്പോൾ കേരളാ ക്രിക്കറ്റും ദുഃഖത്തിലാണ്. നിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ വിധി അനുവദിച്ചില്ല.ആദരാഞ്ജലികൾ-ഇതാണ് കേരളാ ക്രിക്കറ്റ് ഈ വിയോഗത്തെ രേഖപ്പെടുത്തുന്ന വാക്കുകൾ.

19 വയസ്സിൽ താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൽ അംഗമായ നിർമൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. കേരള കോൺഗ്രസ് (ജോസ്) വിഭാഗം കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി കട്ടപ്പന വലിയപാറ വള്ളോമാലിൽ ജയ്മോന്റെ മകനാണ്.
ഫാസ്റ്റ് ബോളറാണ് നിർമൽ. അപകടത്തിൽ പരിക്കേറ്റ സഹയാത്രികനായ തൊടുപുഴ സ്വദേശി അനന്തുവിനെ പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 8.30ന് മുട്ടം കുരുശുപള്ളിക്കവലയിലാണ് അപകടം. തൊടുപുഴ മണക്കാട് എൻഎസ്എസ് എച്ച്എസ്എസിലാണ് നിർമൽ പ്ലസ്ടു പഠിച്ചത്. പ്ലസ്ടുവിന്റെ ഒരു വിഷയത്തിന്റെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി സുഹൃത്തിനോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം. മുന്നിൽ പോയ ബൈക്ക് യാത്രികൻ പെട്ടെന്ന് സിഗ്‌നൽ ഇടാതെ വലതു വശത്തേക്ക് തിരിച്ചപ്പോൾ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇതോടെ നിർമൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ നിർമലിനെ മുട്ടത്തെയും പിന്നീട് തൊടുപുഴയിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പന വള്ളോമാലിൽ വലിയപാറ സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്‌ച്ച കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും. മീഡിയം പേസ് ബൗളറായ നിർമൽ കഴിഞ്ഞ വർഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അണ്ടർ-19 ബി ടീമിൽ ഇടം നേടിയിരുന്നു.

ഓസ്ട്രേലിയയുടെ പേസ് ബൗളറായിരുന്ന ഗ്ലെൻ മഗ്രാത്തിന് കീഴിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനവും നേടി. കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിന്റെ അണ്ടർ-19 ടീമംഗമാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നിർമ്മൽ കാഴ്ച വച്ചത്. കൂച്ച് ബീഹാർ ട്രോഫിയിലാണ് നാല് കളികളിൽ നിന്ന് 18 വിക്കറ്റ് നേടിയത്. എന്നാൽ ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ. ചിക്കൻപോക്‌സ് കാരണം പുറത്തിരിക്കേണ്ടി വന്നു.

12-ാം വയസ്സിലാണ് നിർമ്മൽ ക്രിക്കറ്റിനെ പ്രണയിക്കാൻ തുടങ്ങിയത്. മനസ്സിലെ ലക്ഷ്യം അത്‌ലറ്റിക്‌സായിരുന്നു. അതിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനെത്തിയ നിർമ്മൽ എങ്ങനെയോ വഴി തെറ്റി ക്രിക്കറ്റ് സെലക്ഷൻ സ്ഥലത്ത് എത്തുകയായിരുന്നു. അങ്ങനെ ആ ഗ്രൗണ്ടിൽ പന്തെറിഞ്ഞു. ബൗളിങ്ങ് മികവിൽ ജില്ലാ ടീമിൽ എത്തി. പിന്നീട് വേഗതയിലൂടെ ജൂനിയർ ക്രിക്കറ്റിലെ മിന്നും താരമായി. അങ്ങനെ ഭാവിയുടെ പ്രതീക്ഷയും. ഇതിനിടെയാണ് ഏവരേയും നൊമ്പരപ്പെടുത്തി അപകടം എത്തുന്നത്.

ടിനു യോഹന്നാനും ശ്രീശാന്തും ഇന്ത്യൻ ക്രിക്കറ്റിലെ കേരളത്തിന്റെ മുഖങ്ങളായി. പിന്നീട് പല പേരുകളും ചർച്ചകളിലെത്തി. എന്നാൽ അവർക്കൊന്നും ഇന്ത്യൻ ടീമിൽ സ്ഥിരം മുഖങ്ങളാകാൻ കഴിഞ്ഞിരുന്നില്ല. നിർമ്മൽ ശ്രീയുടേയും ടിനുവിന്റേയും വഴിയേ ഇന്ത്യൻ ടീമിലെത്തുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ കേരളാ ക്രിക്കറ്റിലെ ഭാവി താരമാണ് ഓർമ്മയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP