Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഹൈദരാബാദിന്റെ തോൽവിക്ക് പിന്നാലെ മുഖം തിരിച്ച് കണ്ണ് തുടച്ചു; നൊമ്പരം ഒളിപ്പിച്ച് കൊൽക്കത്തയ്ക്ക് കയ്യടി; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ചു; 'നിങ്ങളെയോർത്ത് അഭിമാനിക്കുന്നു' എന്ന സാന്ത്വന വാക്കുമായി കാവ്യ മാരൻ

ഹൈദരാബാദിന്റെ തോൽവിക്ക് പിന്നാലെ മുഖം തിരിച്ച് കണ്ണ് തുടച്ചു; നൊമ്പരം ഒളിപ്പിച്ച് കൊൽക്കത്തയ്ക്ക് കയ്യടി;  ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ചു; 'നിങ്ങളെയോർത്ത് അഭിമാനിക്കുന്നു' എന്ന സാന്ത്വന വാക്കുമായി കാവ്യ മാരൻ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ പതിനേഴാം പതിപ്പിന്റെ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് സൺറൈസേഴ്സ് ഹൈദരാബാദ് കിരീടം കൈവിട്ടതിന് പിന്നാലെ ഗാലറിയിൽ വിങ്ങിപ്പൊട്ടി ടീം ഉടമ കാവ്യ മാരൻ. ചെന്നൈയിലെ എംഎ ചിദംബംരം സ്റ്റേഡിയത്തിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്ത തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 113 റൺസിൽ എറിഞ്ഞിട്ട കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലേക്ക് എത്തുകയായിരുന്നു.

വെങ്കടേഷ് അയ്യറുടെ തകർപ്പൻ അർധസെഞ്ച്വറിയായിരുന്നു കലാശപ്പോരിൽ കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. മത്സരത്തിൽ 26 പന്ത് നേരിട്ട താരം പുറത്താകാതെ 52 റൺസ് നേടി. 11-ാം ഓവർ എറിയാൻ എത്തിയ ഷഹബാസ് അഹമ്മദിനെതിരെ സിംഗൾ ഓടിയെടുത്താണ് കെകെആർ വിജയറൺ പൂർത്തിയാക്കിയത്.

ഇതിന് പിന്നാലെ കൊൽക്കത്തയുടെ ഡഗ്ഔട്ടിൽ വിജയാഘോഷങ്ങളും തുടങ്ങിയിരുന്നു. എന്നാൽ, ആ കാഴ്ചയ്ക്കെല്ലാം നേർ വിപരീതമായിരുന്നു മറുവശത്ത് സൺറൈസേഴ്‌സിന്റെ ഡഗ്ഔട്ടിലും ആരാധകർ നിറഞ്ഞ ഗാലറിയിൽ ഉണ്ടായത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ തോൽവിയിൽ നിരാശയോടെ നിൽക്കുന്ന ടീം ഉടമ കാവ്യ മാരന്റെ ദൃശ്യങ്ങൾ ഇതിനിടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു.

മാധ്യമങ്ങൾ കാണാതിരിക്കാൻ തന്റെ സങ്കടം കാവ്യ അടക്കിപ്പിടിക്കുന്നതും മുഖം തിരിച്ച് കണ്ണുനീർ തുടയ്ക്കുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഷമത്തോടെ കെകെആറിനായി കാവ്യ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം.

പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഡ്രസിങ് റൂമിലെത്തി കാവ്യ മാരൻ താരങ്ങളെ അഭിനന്ദിക്കുന്നതിന്റെയും ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. മത്സരശേഷം ഡ്രസ്സിങ് റൂമിൽ എത്തി കാവ്യ താരങ്ങളോടും സപ്പോർട്ടിങ് സ്റ്റാഫിനോടും സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ട്വന്റി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദ് ടീമിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നതായും കാവ്യ പറഞ്ഞു. 'നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഡ്രസ്സിങ് റൂമിലേക്ക് വന്നാണ് ഞാനിത് പറയുന്നത്. ട്വന്റി20 ക്രിക്കറ്റിനെ തന്നെ നിങ്ങൾ പുനർനിർവചിച്ചു, എല്ലാവരും ടീമിനെ കുറിച്ച് സംസാരിക്കുന്നു. വലിയ നേട്ടമാണത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നമ്മുടെ ടീമിന്റെ കഴിവ് അറിയാവുന്നതു കൊണ്ടാണ് ഇത്തവണ ആരാധരുടെ വലിയ പിന്തുണ ലഭിച്ചത്' -കാവ്യ താരങ്ങളോട് പറഞ്ഞു.

നിരാശരായി ഇരിക്കരുത്. എല്ലാവരും നമ്മളെ കുറിച്ചാണ് സംസാരിക്കുന്നത്. ജയിച്ചതുകൊൽക്കത്തയാണെങ്കിലും, നമ്മുടെ കളിയാണ് ഇനിയുള്ള നാളുകളിൽ സംസാര വിഷയം. നമ്മൾ ഫൈനൽ കളിച്ചു, മറ്റു മത്സരങ്ങളെ പോലെയല്ല അതെന്നും നന്ദിയുണ്ടെന്നും പറഞ്ഞാണ് കാവ്യ ഡ്രസ്സിങ് റൂമിൽനിന്ന് മടങ്ങിയത്. ടീമിന്റെ മത്സരങ്ങളിൽ പ്രചോദനവുമായി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ. ഫൈനൽ തോൽവിക്കു പിന്നാലെ ഗാലറിയിൽ കരയുന്ന കാവ്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ചെന്നൈയിൽ കൊൽക്കത്തയ്ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയിൽ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ ഇത്തവണ തുടക്കം മുതൽ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും രാഹുൽ ത്രിപാഠിയും തുടക്കത്തിൽ മടങ്ങിയതോടെ കാവ്യയുടെ മുഖവും കനപ്പെട്ടു. പിന്നീട് 113 റൺസിന് ഹൈദരാബാദ് പുറത്തായപ്പോഴേക്കും കാവ്യ തോൽവി ഉറപ്പിച്ചിരുന്നു. ഒടുവിൽ 11-ാം ഓവറിൽ കൊൽക്കത്ത വിജയം സ്വന്തമാക്കിയപ്പോൾ കാവ്യക്ക് കണ്ണീർ ഒളിപ്പിക്കാനായില്ല. പൊട്ടിക്കരഞ്ഞ കാവ്യ ക്യാമറമയുടെ മുന്നിലെത്തുമ്പോഴെല്ലും സന്തോഷത്തോടെയിരിക്കാൻ ശ്രമിച്ചു. 

ദുഃഖം നിയന്ത്രിക്കാനാകാതെ കാവ്യ പൊട്ടിക്കരയുകയായിരുന്നു. മകളെ പിന്തുണക്കാൻ നിർമ്മാതാവും സൺടിവി ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനും ഗാലറിയിൽ ഉണ്ടായിരുന്നു. ടീമിന്റെ വിജയത്തിൽ വി.വി.ഐ.പി ഗാലറിയിൽ തുള്ളിച്ചാടുന്ന കാവ്യയും തോൽവിയിൽ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയും ഐ.പി.എല്ലിലെ സ്ഥിരം കാഴ്ചയായിന്നു. കൊൽക്കത്ത ടീം ഉടമകളിലൊരാളായ ഷാറൂഖ് ഖാൻ കുടുംബത്തോടൊപ്പമാണ് മത്സരം കാണാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP