Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ

'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ

സ്പോർട്സ് ഡെസ്ക്

ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി നേടി മിന്നും ഫോം വീണ്ടെടുത്തതോടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓപ്പണറുടെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ. 60 പന്തിൽ 140 റൺസുമായി രാജസ്ഥാന്റെ വിജയറൺ പൂർത്തിയാക്കിയാണ് യുവതാരം മിന്നുന്ന ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്. ഏഴ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് 30ന് അപ്പുറമുള്ള ഒരു സ്‌കോർ പോലും ജയ്സ്വാളിന് നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ നായകന് മുന്നിൽ തകർപ്പൻ ഇന്നിങ്‌സ് കാഴ്ചവച്ച് തന്റെ പ്രതിഭ ഒരിക്കൽ കൂടി ജയ്‌സ്വാൾ തെളിയിച്ചു കഴിഞ്ഞു.

ഫോമിലേക്ക് തിരിച്ചെത്തിയതിന് സഞ്ജുവിനോടും രാജസ്ഥാൻ ടീം മാനേജ്മെന്റിനോടും നന്ദി പറയുകയായാണ് ജയ്‌സ്വാൾ. മത്സരശേഷം താരം പറഞ്ഞതിങ്ങനെ... ''വളരെയധികം കടപ്പെട്ടിരിക്കുന്നു. തുടക്കം മുതൽ ഞാൻ ശരിക്കും ആസ്വദിച്ച് കളിച്ചു. പന്ത് നന്നായി നോക്കിയാണ് ഞാൻ കളിച്ചത്. ശരിയായ ഷോട്ടുകൾ കളിക്കുന്നുണ്ടെന്നും ഞാൻ ഉറപ്പാക്കി. എനിക്ക് കഴിയുന്നത് നന്നായി ചെയ്യാനാണ് ശ്രമിച്ചത്. ചില ദിവസങ്ങളിൽ അത് ശരിയാവും ചിലപ്പോഴത് മറിച്ചും സംഭവിക്കാം. ഞാൻ കൂടുതലൊന്നും ചിന്തിക്കുന്നില്ല. എന്നെ പിന്തുണച്ചവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകിയ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനും പ്രത്യേകിച്ച് സംഗക്കാര, സഞ്ജു എന്നിവരോടെല്ലാം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.'' ജയ്സ്വാൾ പറഞ്ഞുനിർത്തി.

ജയ്സ്വാളിന്റെ പ്രകടനത്തെ കുറിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സര ശേഷം സംസാരിച്ചു. ഒരു മികച്ച പ്രകടനം വന്നാൽ ജയ്സ്വാൾ ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജു മത്സരശേഷം വ്യക്തമാക്കി. സഞ്ജുവിന്റെ വാക്കുകൾ... ''ജയ്സ്വാളിന് ആരിൽ നിന്നും ഉപദേശം ലഭിക്കേണ്ട ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ആത്മവിശ്വാസമുള്ള താരമാണ് ജയ്സ്വാൾ. ഫോം കണ്ടെത്താൻ ഒരു മത്സരം ആവശ്യമായിരുന്നു. അത് ലഭിച്ചു.'' സഞ്ജു വ്യക്തമാക്കി.

രാജസ്ഥാന്റെ വിജയത്തെ കുറിച്ച് സഞ്ജു പറഞ്ഞതിങ്ങനെ... ''വിജയത്തിന്റെ ക്രഡിറ്റ് എല്ലാ താരങ്ങളും അർഹിക്കുന്നു. പവർപ്ലേയിൽ നന്നായി തുടങ്ങാൻ സാധിച്ചു. മധ്യ ഓവറുകളിൽ ഇടം കൈയന്മാർ അവിശ്വസനീയമായി ബാറ്റ് വീശി. എന്നാൽ ഞങ്ങൾ തിരിച്ചുവന്ന വഴിയാണ് ടീമിനെ കളി ജയിച്ചത്. വിക്കറ്റ് അൽപ്പം വരണ്ടതായിരുന്നു. എന്നാൽ ലൈറ്റിന് കീഴിൽ കാര്യങ്ങൾ മാറിമറിയും. രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുന്നതായിരുന്നു നല്ലത്.'' സഞ്ജു കൂട്ടിചേർത്തു.

മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയ്സ്വാളിന് പുറമെ സഞ്ജു 28 പന്തിൽ 38 റൺസുമായി പുറത്താവാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളിൽ 14 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP