Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

മിച്ചൽ സ്റ്റാർക്കിനെ വിറപ്പിച്ച കരൺ ശർമ; വിൽ ജാക്‌സിന്റെയും പടിദാറിന്റെയും വീരോചിത പോരാട്ടം; കോലിയെ പുറത്താക്കിയ ഫുൾടോസ്; അവസാന പന്ത് വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് നാടകീയ ജയം; ബെംഗളുരുവിനെ കീഴടക്കിയത് ഒരു റൺസിന്

മിച്ചൽ സ്റ്റാർക്കിനെ വിറപ്പിച്ച കരൺ ശർമ; വിൽ ജാക്‌സിന്റെയും പടിദാറിന്റെയും വീരോചിത പോരാട്ടം; കോലിയെ പുറത്താക്കിയ ഫുൾടോസ്; അവസാന പന്ത് വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് നാടകീയ ജയം; ബെംഗളുരുവിനെ കീഴടക്കിയത് ഒരു റൺസിന്

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ കൊൽക്കത്തയ്ക്ക് ഒരു റണ്ണിന്റെ നാടകീയ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 20-ാം ഓവറിലെ അവസാന പന്തിൽ 221 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. അവസാന ഓവറിൽ ആർസിബിക്ക് വേണ്ടിയിരുന്ന 21 റൺസിലേക്ക് മിച്ചൽ സ്റ്റാർക്കിനെ മൂന്ന് സിക്സിന് തൂക്കി കരൺ ശർമ്മ ഞെട്ടിച്ചുവെങ്കിലും അഞ്ചാം പന്തിൽ റിട്ടേൺ ക്യാച്ചിൽ മടങ്ങി. ഇതോടെ അവസാന പന്തിൽ ആർസിബിക്ക് വേണ്ടിയിരുന്ന മൂന്ന് റൺസ് ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിനിടെ ലോക്കീ ഫെർഗ്യൂസൻ പാതിവഴിയിൽ റണ്ണൗട്ടായതോടെ കൊൽക്കത്ത ഒരു റണ്ണിന് വിജയിക്കുകയായിരുന്നു.

അവസാന ഓവറിൽ മൂന്ന് സിക്‌സറുകൾ പറത്തിയിട്ടും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രക്ഷിക്കാൻ കരൺ ശർമയ്ക്കു സാധിച്ചില്ല. അവസാന പന്തിൽ കളി കൈവിട്ട ആർസിബി സീസണിലെ ഏഴാം തോൽവിയാണു ഈഡൻ ഗാർഡൻസിൽ വഴങ്ങിയത്. ഒരു റൺ വിജയത്തോടെ അഞ്ചാം വിജയം നേടിയ കൊൽക്കത്ത പട്ടികയിൽ രണ്ടാമതെത്തി.

മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി വിൽ ജാക്‌സ് (32 പന്തിൽ 55), രജത് പട്ടീദാർ (23 പന്തിൽ 52) എന്നിവർ അർധ സെഞ്ചറി നേടി. ബാറ്റിങ് തുടങ്ങി അധികം വൈകുംമുൻപേ ബെംഗളൂരുവിന് വിരാട് കോലിയെയും (18) ക്യാപ്റ്റൻ ഡുപ്ലേസിയെയും (ഏഴ് റൺസ്) നഷ്ടമായിരുന്നു. എന്നാൽ അർധ സെഞ്ചറിയുമായി വിൽ ജാക്‌സും രജത് പട്ടീദാറും ആർസിബിയെ തോളിലേറ്റി. അഞ്ചു വീതം സിക്‌സുകളാണ് ഇരുവരും ചേർന്ന് ഈഡൻ ഗാർഡൻസിൽ അടിച്ചുകൂട്ടിയത്. 12ാം ഓവറിൽ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസ്സൽ കൊൽക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.

പിന്നാലെയെത്തിയ കാമറൂൺ ഗ്രീനും (ആറ്), മഹിപാൽ ലോംറോറും (നാല്) സ്പിന്നർ സുനിൽ നരെയ്‌നു മുന്നിൽ വീണു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തിൽ 24 റൺസെടുത്തു പുറത്തായി. ഏഴാം വിക്കറ്റും വീണതോടെ ദിനേഷ് കാർത്തിക്കിലായി ആർസിബിയുടെ പ്രതീക്ഷ. അവസാന രണ്ട് ഓവറിൽ 31 റൺസായിരുന്നു ബെംഗളൂരുവിനു ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ 19ാം ഓവറിൽ ആന്ദ്രെ റസ്സലിനെ ബൗണ്ടറി കടത്താനുള്ള കാർത്തിക്കിന്റെ ശ്രമം പാളി. 18 പന്തിൽ 25 റൺസെടുത്ത കാർത്തിക്കിനെ വിക്കറ്റ് കീപ്പർ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്ത് സിക്‌സർ പറത്തി കരൺ ശർമ ആരാധകർക്കു പ്രതീക്ഷ നൽകി. രണ്ടാം പന്തിൽ എഡ്ജായ പന്ത് പിടിച്ചെടുക്കുന്നതിനിടെ വിക്കറ്റ് കീപ്പർ സോൾട്ടിനു പിഴച്ചു. പന്ത് ഗ്രൗണ്ടിൽ ടച്ച് ഉണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് നൽകിയില്ല.

തൊട്ടടുത്ത പന്തും കരൺ ശർമ സ്റ്റാർക്കിനെ സിക്‌സർ പറത്തിയതോടെ ആരാധകർ ആവേശത്തിലായി. അഞ്ചാം പന്തിൽ സ്റ്റാർക്ക് ക്യാച്ചെടുത്ത് കരണിനെ പുറത്താക്കി. ഇതോടെ അവസാന പന്തിൽ ബെംഗളൂരുവിന് വേണ്ടത് മൂന്ന് റൺസ്. ലോക്കി ഫെർഗൂസൻ നേരിട്ട പന്തിൽ ഡബിൾ ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും റൺഔട്ടായി. കൊൽക്കത്തയ്ക്ക് ഒരു റൺ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. 36 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണു കൊൽക്കത്തയുടെ ടോപ് സ്‌കോറർ. മികച്ച തുടക്കം ലഭിച്ച കൊൽക്കത്ത പവർ പ്ലേയിൽ (ആറ് ഓവറുകൾ) 75 റൺസാണ് അടിച്ചെടുത്തത്. 14 പന്തുകളിൽ മൂന്ന് സിക്‌സറുകൾ അടക്കം ബൗണ്ടറി കടത്തി 48 റൺസെടുത്ത ഫിൽ സോൾട്ടാണ് തുടക്കത്തിൽ കൊൽക്കത്തയ്ക്ക് മേധാവിത്തം നൽകിയത്. സുനിൽ നരെയ്‌ന് തിളങ്ങാൻ സാധിച്ചില്ല. യഷ് ദയാലിന്റെ പന്ത് കാലിൽ കൊണ്ട് പരുക്കേറ്റ നരെയ്ൻ പത്ത് റൺസ് മാത്രമെടുത്തു പുറത്തായി. ദയാലിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്താണു മടക്കം.

അങ്ക്രിഷ് രഘുവംശി (മൂന്ന്), വെങ്കടേഷ് അയ്യർ (16) എന്നിവരും നിരാശപ്പെടുത്തിയതോടെ കൊൽക്കത്ത സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 8.5 ഓവറുകളിലാണ് കൊൽക്കത്ത നൂറു പിന്നിട്ടത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി ശ്രേയസ് അയ്യർ മധ്യ ഓവറുകളിൽ കൊൽക്കത്തയ്ക്കു കരുത്തായി. 16 പന്തുകൾ നേരിട്ട റിങ്കു സിങ് 24 റൺസെടുത്തു. അയ്യരുടെ പുറത്താകലിനു ശേഷം ആന്ദ്രെ റസ്സൽ രമൺദീപ് സഖ്യം കൈകോർത്തതോടെ കൊൽക്കത്ത 200 കടന്നു. ഒൻപതു പന്തുകളിൽ 24 റൺസുമായി രമൺദീപും, 20 പന്തിൽ 27 റൺസെടുത്ത് റസ്സലും പുറത്താകാതെനിന്നു. കൊൽക്കത്തയ്ക്കായി യാഷ് ദയാലും കാമറൂൺ ഗ്രീനും രണ്ടു വിക്കറ്റുവീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP