Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

'സൺറൈസേഴ്‌സ് കളിക്കുമ്പോൾ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെൻഷൻ ആകുന്നു'; രജനീകാന്തിനെ അനുസരിച്ച് മികച്ച താരങ്ങളെ ടീമിലെത്തിച്ചു; കോടികളെറിഞ്ഞ് സ്വന്തമാക്കിയ കമിൻസും സംഘവും നൽകുന്നത് വിജയച്ചിരി; ഹൈദരാബാദിന് മുന്നിൽ ഇനി രാജസ്ഥാൻ മാത്രം

'സൺറൈസേഴ്‌സ് കളിക്കുമ്പോൾ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെൻഷൻ ആകുന്നു'; രജനീകാന്തിനെ അനുസരിച്ച് മികച്ച താരങ്ങളെ ടീമിലെത്തിച്ചു; കോടികളെറിഞ്ഞ് സ്വന്തമാക്കിയ കമിൻസും സംഘവും നൽകുന്നത് വിജയച്ചിരി; ഹൈദരാബാദിന് മുന്നിൽ ഇനി രാജസ്ഥാൻ മാത്രം

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലിൽ റൺമലകൾ ഉയർത്തി എതിരാളികളെ ഞെട്ടിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനുമെതിരെ പടുകൂറ്റൻ സ്‌കോറുകൾ ഉയർത്തിയാണ് സൺറൈസേഴ്‌സ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും തിരികൊളുത്തുന്ന ബാറ്റിങ് വെടിക്കെട്ടിന് ആവേശം പകർന്ന് ക്ലാസനടങ്ങുന്ന മധ്യനിര മുന്നേറുമ്പോൾ പിറക്കുന്നത് റെക്കോർഡ് സ്‌കോറുകളാണ്. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

ഐപിഎൽ കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നുവെങ്കിൽ ഇത്തവണ പകുതി മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ഓറഞ്ച് പട പോയന്റ് പട്ടികയിൽ രണ്ടാമതാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഇപ്പോൾ ഹൈദരാബാദിന് മുന്നിലുള്ള ഏക ടീം. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഡിസംബറിൽ നടന്ന താരലേലത്തിൽ വൻതുക മുടക്കി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചപ്പോൾ ആരാധകർ പോലും കരുതിയത് ഹൈദരാബാദ് ഇവരെയെല്ലാം പ്ലേയിങ് ഇലവനിൽ എങ്ങനെ കളിപ്പിക്കുമെന്നതായിരുന്നു.

എന്നാൽ ഇത്തവണ ടീമിലെത്തിയ വമ്പന്മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുമ്പോൾ അതിന് കാരണക്കാരനായ തമിഴ്‌നാടിന്റെ തലൈവരായ സൂപ്പർ സ്റ്റാർ രജനീകാന്തിനോടുകൂടിയുള്ള നന്ദിയാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഒരു സിനിമാ ചടങ്ങിൽ സൂപ്പർ താരം രജനീകാന്ത് സൺറൈസേഴ്‌സ് ടീം ഉടമയായ കലാനിധിമാരനോട് ഒരു കാര്യം പരസ്യമായി അഭ്യർത്ഥിച്ചിരുന്നു.

''ഐപിഎലിൽ സൺറൈസേഴ്‌സ് കളിക്കുമ്പോൾ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെൻഷൻ ആകുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കൂ'' എന്നായിരുന്നു രജനീകാന്തിന്റെ അഭ്യർത്ഥന. അടുത്ത ഐപിഎൽ സീസണിലെങ്കിലും സൺറൈസേഴ്‌സ് കുറച്ചു നല്ല കളിക്കാരെ ടീമിലെടുക്കണമെന്നും ഹൈദരാബാദ് തോൽക്കുമ്പോൾ കലാനിധി മാരന്റെ മകളായ കാവ്യയുടെ മുഖത്തെ സങ്കടം കാണാനാവുന്നില്ലെന്നും ആയിരുന്നു അന്ന് തലൈവർ കലാനിധിമാരനയെും കാവ്യയെയും സദസിലിരുത്തി മൈക്കിലൂടെ പറഞ്ഞത്. അത് കേട്ട് ഇരുവരും ചിരിച്ചെങ്കിലും തലൈവരുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച കലാനിധിമാരൻ താരലേലത്തിൽ ട്രാവിസ് ഹെഡ്, പാറ്റ് കമിൻസ്, വാനിന്ദു ഹസരങ്ക എന്നീ വമ്പന്മാരെ ടീമിലെത്തിച്ചു.

ട്വന്റി 20യിൽ ദേശീയ ടീമിനായി പോലും അത്ര മികച്ച റെക്കോർഡില്ലെങ്കിലും പാറ്റ് കമിൻസിനായി 20.5 കോടി രൂപ മുടക്കിയത് കണ്ട് ആരാധകർ പോലും അന്ന് അമ്പരന്നു. ട്രാവിസ് ഹെഡിനായി വാരിയെറിഞ്ഞത് 6.8 കോടി രൂപയായിരുന്നു. വൻതുക കൊടുത്ത് ടീമിലെത്തിച്ച കമിൻസിനെ നായകനാക്കിയ ഹൈദരാബാദ് സീസണിൽ അടിച്ചു തകർക്കുമ്പോൽ ഹൈദരാബാദ് ആരാധകർ ശരിക്കും നന്ദി പറയേണ്ടത് തലൈവർ രജനീകാന്തിനോടാണ്. ഹൈദരാബാദ് മിന്നും പ്രകടനം തുടരുമ്പോൾ രജനീകാന്തിന്റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ഏകദിന ലോകകപ്പ് ജയിച്ച കമിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സൺറൈസേഴ്‌സ് റെക്കോർഡ് സ്‌കോറുകളുമായാണ് 2024 സീസണിൽ മുന്നേറുന്നത്. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദ് അഞ്ചും ജയിച്ചു. പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഉള്ളത്. ഹൈദരാബാദിനു മുന്നിൽ ഇനി രാജസ്ഥാൻ റോയൽസ് മാത്രം.

ശനിയാഴ്ച നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 67 റൺസിനാണ് ഹൈദരാബാദ് തോൽപിച്ചുവിട്ടത്. വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്‌സ് 199 റൺസിൽ അവസാനിക്കുകയായിരുന്നു. സ്‌കോർ: സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 7ന് 266, ഡൽഹി ക്യാപിറ്റൽസ് 19.1 ഓവറിൽ 199ന് പുറത്ത്.

ഹൈദരാബാദിന്റെ ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡാണു കളിയിലെ താരം. 32 പന്തുകൾ നേരിട്ട താരം 89 റൺസെടുത്താണു പുറത്തായത്. ആറു സിക്‌സുകളും 11 ബൗണ്ടറികളും താരം ബൗണ്ടറി കടത്തി. അഭിഷേക് ശർമ (12 പന്തിൽ 46), ഷഹബാസ് അഹമ്മദ് (29 പന്തിൽ 59), നിതീഷ് കുമാർ റെഡ്ഡി (27 പന്തിൽ 37) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. മറുപടി ബാറ്റിങ്ങിൽ ജേക്ക് ഫ്രേസറും (18 പന്തിൽ 65), അഭിഷേക് പൊറേലും (22 പന്തിൽ 42) തിളങ്ങിയിട്ടും ഡൽഹിക്കു വിജയത്തിലെത്താൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP