Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

ഹാർദിക് വളരെയധികം ചിരിക്കുന്നുണ്ട്; സന്തോഷത്തോടെയെന്ന് അഭിനയിക്കുകയാണ്; ആരാധകരുടെ രോഷ പ്രകടനം ബാധിക്കുന്നു; ക്യാപ്റ്റനെന്ന നിലയിൽ മോശം പ്രകടനമെന്ന് കെവിൻ പീറ്റേഴ്‌സൻ; ഇനിയെങ്കിലും പിന്തുണക്കൂവെന്ന് ആരാധകരോട് പൊള്ളാർഡ്

ഹാർദിക് വളരെയധികം ചിരിക്കുന്നുണ്ട്; സന്തോഷത്തോടെയെന്ന് അഭിനയിക്കുകയാണ്; ആരാധകരുടെ രോഷ പ്രകടനം ബാധിക്കുന്നു; ക്യാപ്റ്റനെന്ന നിലയിൽ മോശം പ്രകടനമെന്ന് കെവിൻ പീറ്റേഴ്‌സൻ; ഇനിയെങ്കിലും പിന്തുണക്കൂവെന്ന് ആരാധകരോട് പൊള്ളാർഡ്

സ്പോർട്സ് ഡെസ്ക്

മുംബൈ: ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം നിരാശജനകമെന്നും പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കപ്പെടണമെന്നും ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൻ. ചെന്നൈയ്‌ക്കെതിരെ മികച്ച ക്യാപ്റ്റൻസിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്‌സൻ പറഞ്ഞു. ''അഞ്ച് മണിക്കൂർ മുൻപ് ടീം മീറ്റിങ്ങിലുള്ള പ്ലാൻ എയുമായാണ് ക്യാപ്റ്റൻ കളിക്കാനിറങ്ങുന്നത്. എന്നാൽ ആവശ്യമുള്ളപ്പോൾ പോലും പ്ലാൻ ബിയിലേക്കു പോകാൻ ക്യാപ്റ്റൻ തയാറാകുന്നില്ല.''

''പേസ് ബോളർമാർ 20 റൺസൊക്കെ വഴങ്ങുമ്പോൾ സ്പിന്നർമാർക്കു പന്തു നൽകാതിരിക്കുന്നത് എങ്ങനെയാണ്? പന്തെറിയാൻ സാധിക്കുന്ന സ്പിന്നർമാർ ഇവിടെയുണ്ട്. നിങ്ങൾ മത്സരത്തിന്റെ ഗതി മാറ്റണമായിരുന്നു.'' പീറ്റേഴ്‌സൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ആരാധകരുടെ രോഷ പ്രകടനം ഹാർദിക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പീറ്റേഴ്‌സൻ വ്യക്തമാക്കി. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കുകയാണു വേണ്ടതെന്നും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ പറഞ്ഞു.

''ടോസ് ഇടാൻ എത്തുമ്പോഴൊക്കെ ഹാർദിക് വളരെയധികം ചിരിക്കുന്നുണ്ട്. സന്തോഷത്തോടെയുണ്ടെന്ന് അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന് സന്തോഷമില്ല, അത് എനിക്ക് അറിയാം. പാണ്ഡ്യയ്ക്ക് എന്താണു സംഭവിക്കുന്നത്? ഗ്രൗണ്ടിലെ പ്രതിഷേധമെല്ലാം നമ്മൾ കേൾക്കുന്നതാണ്. പാണ്ഡ്യയെ ധോണി ഗാലറിയിലേക്ക് അടിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്. അതു നിങ്ങളെ വേദനിപ്പിക്കും.''

''പാണ്ഡ്യയ്ക്കും വികാരങ്ങളുണ്ട്. അദ്ദേഹമൊരു ഇന്ത്യൻ താരമാണ്. ഇങ്ങനെയല്ല അദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രതിഷേധങ്ങൾ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ട്. പ്രശ്‌നത്തിനു പരിഹാരം കാണണം.'' പീറ്റേഴ്‌സൻ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്‌ക്കെതിരെ ഗാലറിയിൽനിന്ന് ആരാധകരുടെ പരിഹാസം ഉയർന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തിൽ വെറും രണ്ട് റൺസാണു നേടിയത്. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്.

അതേ സമയം ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യക്ക് പിന്തുണയുമായി ബാറ്റിങ് കോച്ച് കെയ്‌റോൺ പൊള്ളാർഡ് രംഗത്ത് വന്നു. തോൽവിയുടെ പേരിൽ ഏതെങ്കിലും ഒരു കളിക്കാരനെ കുറ്റപ്പെടുത്തുന്നത് കേട്ട് മടുത്തുവെന്നും ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്നും ചെന്നൈക്കെതിരായ തോൽവിക്ക് ശേഷം പൊള്ളാർഡ് പറഞ്ഞു.

ഏതെങ്കിലും വ്യക്തികളെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് കേട്ട് ഞാൻ മടുത്തു.ആത്യന്തികമായി ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണ്. അവൻ അടുത്ത ആറാഴ്ച കഴിഞ്ഞാൽ രാജ്യത്തിനായി കളിക്കേണ്ടവനാണ്.അവിടെ അവനുവേണ്ടി എല്ലാവരും കൈയടിക്കും. അവൻ മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കും. അതുപോലെ ഇപ്പോൾ ആരെയും തെരഞ്ഞെുപിടിച്ച് കുറ്റപ്പെടുത്താതെ അവനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

എന്നാൽ മാത്രമെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾ റൗണ്ടറിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാനാവു. അവന് ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും ഫീൽഡ് ചെയ്യാനും കഴിയും.അത് തന്നെയാണ് അവന്റെ ഏറ്റവും വലിയ സവിശേഷതയെന്നും പൊള്ളാർഡ് മത്സരശേഷം പറഞ്ഞു.

ചെന്നൈക്കെതിരായ മത്സരത്തിൽ നിർണായക ടോസ് ജയിച്ചിട്ടും ക്യാപ്റ്റനെന്ന നിലയിൽ ഗ്രൗണ്ടിൽ ഹാർദ്ദിക് എടുത്ത പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടിരുന്നു. മധ്യ ഓവറുകളിൽ സ്പിന്നർമാരെക്കൊണ്ട് പന്തെറിയിക്കാതിരുന്നതും ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറിൽ ധോണിയുടെ പ്രഹരമേറ്റുവാങ്ങിയതും ബാറ്റിംഗിനിറങ്ങി നിരാശപ്പെടുത്തിയതുമെല്ലാം ഹാർദ്ദിക്കിനെതിരായ വിമർശനത്തിന് കാരണമായിരുന്നു.

മുൻ നായകൻ രോഹിത് ശർമ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ചെന്നൈയോട് 20 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. ചെന്നൈ ഇന്നിങ്‌സിലെ അവസാന നാലു പന്തുകളിൽ ധോണി ഹാർദ്ദിക്കിനെതിരെ മൂന്ന് സിക്‌സ് അടക്കം 20 റൺസ് നേടിയത് മത്സരത്തിൽ നിർണായകമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP