Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ജുവിന് തുണയായത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറി; രഞ്ജി ട്രോഫി കളിച്ചതും പരിഗണിച്ചു; ഇഷാൻ കിഷനെയും ശ്രേയസിനെയും വിമർശിച്ച് മദൻ ലാൽ; താരങ്ങളുടെ അച്ചടക്കം നിർണായകമെന്ന് മുൻ താരം

സഞ്ജുവിന് തുണയായത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറി; രഞ്ജി ട്രോഫി കളിച്ചതും പരിഗണിച്ചു; ഇഷാൻ കിഷനെയും ശ്രേയസിനെയും വിമർശിച്ച് മദൻ ലാൽ; താരങ്ങളുടെ അച്ചടക്കം നിർണായകമെന്ന് മുൻ താരം

സ്പോർട്സ് ഡെസ്ക്

മുംബൈ: ബിസിസിഐ വാർഷിക കരാറിൽ യുവതാരങ്ങളടക്കം മുപ്പത് ഇന്ത്യൻ താരങ്ങളാണ് ഉൾപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാതെ മുങ്ങിനടന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കോൺട്രാക്റ്റിൽ നിന്നൊഴിവാക്കിയിരുന്നു. ഇരുവരും ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങളാണ്. എന്നാൽ അച്ചടക്ക നടപടിയെന്നോണം ഇരുവരേയും കരാറിൽ നിന്നൊഴിവാക്കുകയായിരുന്നു.

ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കിൽ താരങ്ങൾ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണം എന്ന നിർദ്ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങൾക്ക് നൽകിയിരുന്നു. ഇതൊന്നും അനുസരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇരുവരുടെയും പുറത്താകൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. നല്ല തീരുമാനമെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയും തിരുമാനത്തെ പിന്തുണച്ചിരുന്നു. എന്നാൽ താരങ്ങൾ അച്ചടക്കം പാലിക്കുന്നുണ്ടോയെന്ന് ബിസിസിഐ കർശനമായും നിരീക്ഷിക്കണമെന്നാണ് മുൻ താരം മദൻ ലാൽ അഭിപ്രായപ്പെട്ടത്.

''ബിസിസിഐ അവരോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ പറഞ്ഞാൽ പോയി കളിക്കണമായിരുന്നു. കളിയേക്കാൾ വലുത് ആരുമില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് നിർബന്ധമാക്കിയതിന്റെ ക്രെഡിറ്റ് ബിസിസിഐക്ക് നൽകണം. ഐപിഎൽ കാരണം ഇന്നത്തെ താരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ നിസാരമായി കാണുന്നു. തീർച്ചയായും ഓരോ കളിക്കാരനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം.'' മദൻ ലാൽ പറഞ്ഞു.

''അവർ ഫിറ്റാണെങ്കിൽ അവർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണം. ഫിറ്റ്നസ് ആണ് പ്രധാനം. എന്നാൽ ഐപിഎല്ലിലെ നല്ല സീസൺ എപ്പോഴും ഗുണം ചെയ്യും. അവരുടെ കഴിവിൽ സംശയമില്ല. എന്നാൽ താരങ്ങൾ അച്ചടക്കമുള്ളവരാണെന്ന് ബിസിസിഐ ഉറപ്പാക്കുന്നത് നല്ല കാര്യമാണ്.'' മദൻലാൽ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് പുറത്തുപോയ കിഷൻ ഡിസംബർ മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല. രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. ഇതുതന്നെയാണ് ബിസിസിഐ ചൊടിപ്പിച്ചത്. ശ്രേയസ് ഒടുവിൽ രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്ക് വേണ്ടി കളിക്കാമെന്നേറ്റിരുന്നു.

അതേ സമയം മലയാളി താരം സഞ്ജു സാംസണ് കോൺട്രാക്റ്റിൽ ഇടം ലഭിച്ചതും ചർച്ചയായി. ഏകദിനത്തിൽ മാത്രം കളിക്കുന്ന സഞ്ജുവിന് എങ്ങനെ കോൺട്രാക്റ്റ് ലഭിച്ചുവെന്ന് ചോദിക്കുന്നവരുണ്ട്. സഞ്ജുവിനെ രക്ഷിച്ചത് ഒരേയൊരു ഇന്നിങ്സാണ്. കഴിഞ്ഞ വർഷം ബോളണ്ട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ആദ്യ ഏകദിന സെഞ്ചുറിയാണ് സഞ്ജുവിന് കരാറൊരുക്കിയത്.

മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു 114 പന്തിൽ നിന്ന് 108 റൺസാണ് അടിച്ചെടുത്തത്. ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ 78 റൺസിന് ജയിക്കുകയും ചെയ്തു. മാത്രമല്ല, സഞ്ജു രഞ്ജി ട്രോഫി കളിച്ചതും ഗുണം ചെയ്തു. ആഭ്യന്തര ക്രിക്കറ്റും കളിച്ചതോടെ സഞ്ജുവിനെ ഒഴിവാക്കാതെ തരമില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP