Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഷാൻ കിഷനും ശ്രേയസ് അയ്യരും 'പടിക്ക് പുറത്ത്'; മൂന്ന് ഫോർമാറ്റിലും മിന്നിച്ച ജയ്‌സ്വാൾ നേരിട്ട് ബി ഗ്രേഡിൽ; പുജാരയും ധവാനും ഉമേഷും ഹൂഡയും കരാറിൽ നിന്നും പുറത്ത്; ധ്രുവ് ജുറെലും സർഫറാസും ശിവം ദുബെയുമടക്കം യുവനിര ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലേക്ക്

ഇഷാൻ കിഷനും ശ്രേയസ് അയ്യരും 'പടിക്ക് പുറത്ത്'; മൂന്ന് ഫോർമാറ്റിലും മിന്നിച്ച ജയ്‌സ്വാൾ നേരിട്ട് ബി ഗ്രേഡിൽ; പുജാരയും ധവാനും ഉമേഷും ഹൂഡയും കരാറിൽ നിന്നും പുറത്ത്; ധ്രുവ് ജുറെലും സർഫറാസും ശിവം ദുബെയുമടക്കം യുവനിര ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലേക്ക്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇരട്ട ഡബിൾ സെഞ്ചുറിയിലൂടെ ഇന്ത്യൻ ബാറ്റിങ് നിരയിൽ സ്ഥാനം ഉറപ്പിച്ച യശസ്വി ജയ്സ്വാളടക്കം യുവതാരങ്ങൾ ബിസിസിഐയുടെ പുതിയ സെൻട്രൽ കോൺട്രാക്ടിൽ ഇടംപിടിച്ചപ്പോൾ ഇഷാൻ കിഷനും ശ്രേയസ് അയ്യരുമടക്കം പ്രമുഖർ പടിക്ക് പുറത്തേക്ക്. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബിസിസഐയുടെ ചട്ടം ലംഘിച്ചതാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്.

ഇഷനും ശ്രേയസിനും പുറമെ മുതിർന്ന താരം ചേതേശ്വർ പുജാര, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ദീപക് ഹൂഡ, ശിഖർ ധവാൻ എന്നീ താരങ്ങളെയും വാർഷിക കരാറിൽ നിന്നും ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം ട്വന്റി 20 ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച റിങ്കു സിങ്, തിലക് വർമ്മ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, ആവേശ് ഖാൻ, ടെസ്റ്റ് ടീമിൽ ഇടംനേടിയ രജത് പട്ടീദാർ എന്നീ താരങ്ങളെ കരാറിൽ ഉൾപ്പെടുത്തി.

അതേ സമയം ടെസ്റ്റ് ടീമിൽ അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്‌സിലും അർധ സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച സർഫറാസ് ഖാനും റാഞ്ചി ടെസ്റ്റിൽ ഇന്ത്യൻ ജയത്തിൽ നിർണായകമായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലും കരാറിൽ ഇടംപിടിക്കുമെന്നാണ് വിവരം. ധരംശാലയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കുന്നതോടെ ഇരുവരെയും കരാറിൽ ഉൾപ്പെടുത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ബിസിസിഐയുടെ നിർദ്ദേശം ലംഘിച്ചതോടെ ഇഷാനാണ് ഏറ്റവുമാദ്യം കുരുക്കിലായത്. പൂർണ ഫിറ്റായിട്ടും ഐപിഎൽ ലക്ഷ്യമിട്ട് രഞ്ജി ട്രോഫിയിൽ ഒരു മൽസരം പോലും കളിക്കാൻ തയ്യാറാവാതെ താരം മാറി നിൽക്കുകയായിരുന്നു. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരടക്കം പിന്നീട് രഞ്ജി കളിക്കേണ്ടത് നിർബന്ധമാണെന്നു പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടും ഇഷാൻ ഇതെല്ലാം തള്ളിക്കളയുകയായിരുന്നു.

ശ്രേയസാവട്ടെ തനിക്കു പരിക്കുണ്ടെന്നു പറഞ്ഞാണ് രഞ്ജി ട്രോഫിയിൽ നിന്നും വിട്ടുനിന്നത്. പക്ഷെ ശ്രേയസിനു യാതൊരു പരിക്കുമില്ലെന്നു ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയെ മെയിൽ മുഖേന അറിയിച്ചതോടെ കള്ളം പൊളിയുകയായിരുന്നു.

ഇതോടെ ഇഷാനോടൊപ്പം ശ്രേയസും ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു. രഞ്ജി കളിക്കാത്തവരെ ഇനി മുഖ്യ കരാറിൽ ഉൾപ്പെടുത്തേണ്ടെന്നാണ് ബിസിസിഐയുടെ പുതിയ തീരുമാനം. ഇതേ തുടർന്നാണ് ശ്രേയസിനെയും ഇഷാനെയും പുറത്താക്കുന്നത്.

യുവതാരം യശസ്വി ജയ്സ്വാളും റാഞ്ചി ടെസ്റ്റിൽ കളിയിലെ താരമായി മാറിയ ധ്രുവ് ജുറെലുമടക്കം യുവനിര ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ എത്തിയതോടെ മുതിർന്ന ഒട്ടേറെ താരങ്ങൾ ഒഴിവാക്കപ്പെടുന്നത്. ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ പൂതിയ താരോദയങ്ങളായിരിക്കുകയാണ് ജയ്സ്വാളും ധ്രുവ് ജുറെലും സർഫറാസ് ഖാനും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റെക്കോർഡ് റൺവേട്ടയുമായി മുന്നിൽ നിൽക്കുന്ന യശസ്വിക്കോ കളിച്ച രണ്ടാം ടെസ്റ്റിൽ തന്നെ കളിയിലെ താരമായ ധ്രുവ് ജുറെലിനോ ഇതുവരെ ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടില്ലായിരുന്നു. നിലവിൽ യശസ്വിക്കും ധ്രുവ് ജുറെലിനും സർഫറാസ് ഖാനും ആകാശ് ദീപിനുമെല്ലാം ഓരോ ടെസ്റ്റ് മത്സരങ്ങൾക്കും 15 ലക്ഷം രൂപ വീതമാണ് മാച്ച് ഫീയായി മാത്രമാണ് ലഭിച്ചത്. ഏകദിനത്തിന് ആറ് ലക്ഷവും ട്വന്റി 20ക്ക് മൂന്ന് ലക്ഷവുമാണ് ബിസിസിഐ മാച്ച് ഫീ ആയി നൽകുന്നത്.

ബിസിസഐയുടെ സെൻട്രൽ കോൺട്രാക്ട് ലഭിച്ച താരങ്ങൾക്ക് വർഷാവർഷം ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും മാച്ച് ഫീസിന് പുറമെ നിശ്ചിത തുക ബിസിസിഐ പ്രതിഫലമായി നൽകും. എന്നാൽ യശസ്വിയും ജുറെലും സർഫറാസും ആകാശ് ദീപുമൊന്നും ഇതുവരെ സെൻട്രൽ കോൺട്രാക്ടിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ബിസിസിഐയുടെ വാർഷിക കരാർ തുക ഇവർക്കാർക്കും ലഭിച്ചിരുന്നില്ല.

നാലു വിഭാഗങ്ങളിലായാണ് ബിസിസിഐ വർഷാവർഷം 25-30 കളിക്കാർക്ക് സെൻട്രൽ കോൺട്രാക്ട് നൽകുക. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാരെ തരംതിരിച്ചിരിക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ ഓരോ സീസണിലും മാറ്റം വരും. ചിലർ ബിയിൽ നിന്ന് എയിലേക്ക് തിരിച്ചോ പോവും. ചിലർ കരാറിൽ നിന്ന് തന്നെ പുറത്താവും.

കാര്യമായ പ്രകടനം ഒന്നും പറയാനില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ് ബിസിസിഐ സി ഗ്രേഡ് കരാൽ തുടരും. ഈ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉമേഷ് യാദവ്, ശിഖർ ധവാൻ, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചാഹൽ, ദീപക് ഹൂഡ എന്നിവരെ ഒഴിവാക്കിയപ്പോൾ കുൽദീപ് യാദവ്, വാഷിങ്ട് സുന്ദർ, അർഷ്ദീപ് സിങ്, കെ എസ് ഭരത് ഷാർദ്ദുൽ ഠാക്കൂർ എന്നിവരെ നിലനിർത്തി. ഈ വിഭാഗത്തിലുള്ളവർക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും ഒരു വർഷം കരാർ പ്രകാരം ഒരു കോടി രൂപ ബിസിസിഐ പ്രതിഫലമായി നൽകും.

മൂന്ന് കോടി രൂപയാണ് ബി ഗ്രേഡ് കരാർ ലഭിക്കുന്ന താരങ്ങൾക്ക് ഓരോ വർഷവും ബിസിസിഐ നൽകുക. സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നീ താരങ്ങളാകും ഇനി ബി ഗ്രേഡിൽ ഉണ്ടാകുക. കെഎൽ രാഹുൽ, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ എന്നീ താരങ്ങൾ ബി ഗ്രേഡിൽ നിന്നും എ ഗ്രേഡിലേക്ക് മാറിയപ്പോൾ ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കി.

എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടിയാണ് വാർഷിക പ്രതിഫലമായി ലഭിക്കുക. ഹാർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരാണ് എ ഗ്രേഡ് കരാറുള്ളവർ.

മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്നവർക്ക് മാത്രമാണ് ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാർ ലഭിക്കുക. നിലവിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് മാത്രമാണ് എ പ്ലസ് കരാറുള്ളത്.

ട്വന്റി 20 സ്പെഷ്യലിസ്റ്റും ഫിനിഷിങിൽ ടീമിന്റെ പുതിയ തുറുപ്പുചീട്ടുമായ റിങ്കു സിങാണ് ബിസിസിഐയുടെ മുഖ്യ കരാറിൽ ഇടം പിടിച്ച യുവതാരങ്ങളിൽ ഒരാൾ. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം. വളരെ കുറച്ചു മൽസരങ്ങൾ കൊണ്ടു തന്നെ റിങ്കു ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. ടി20ക്കു ശേഷം ഏകദിനത്തിലും അദ്ദേഹം അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.

ജൂണിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സ്ഥാനമുറപ്പാക്കിക്കഴിഞ്ഞ താരമാണ് റിങ്കു. അധികം വൈകാതെ മൂന്നു ഫോർമാറ്റുകളിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി റിങ്കുവിനെ വളർത്തിക്കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. ഇന്ത്യക്കു വേണ്ടി 15 ടി20കളിൽ നിന്നും രണ്ടു ഫിഫ്റ്റികളടക്കം റിങ്കു നേടിയത് 356 റൺസാണ്. ഏകദിനത്തിൽ രണ്ടു കളിയിൽ നിന്നും 55 റൺസും താരം സ്‌കോർ ചെയ്തു.

വാർഷിക കരാറുകളുടെ പട്ടിക:
ഗ്രേഡ് എ+
രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് എ
ആർ അശ്വിൻ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.
ഗ്രേഡ് ബി
സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യശസ്വി ജയ്സ്വാൾ.
ഗ്രേഡ് സി
റിങ്കു സിങ്, തിലക് വർമ്മ, റുതുരാജ് ഗെയ്ക്വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP