Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

അതിവേഗ സെഞ്ചുറിയുമായി വിഷ്ണു വിനോദ്; ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ മികച്ച കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളം

അതിവേഗ സെഞ്ചുറിയുമായി വിഷ്ണു വിനോദ്; ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ മികച്ച കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളം

സ്പോർട്സ് ഡെസ്ക്

ആളൂർ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഒഡീഷ 43.3 ഓവറിൽ 208ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള നിരയയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബൗളർ. ബേസിൽ തമ്പി, അഖിൽ സ്‌കറിയ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്.

ഉജ്ജ്വല സെഞ്ചറിയുമായി കളംനിറഞ്ഞ വിഷ്ണു വിനോദാണ് കേരളത്തെ ബാറ്റിങ് തകർച്ചയിൽനിന്ന് കരകയറ്റിയത്. മുൻനിര ബാറ്റർമാർ പൊരുതാനാവാതെ കൂടാരം കയറിയപ്പോൾ മധ്യനിരയിൽ വിഷ്ണുവിനൊപ്പം അഖിൽ സ്‌കറിയയും അബ്ദുൽ ബാസിത്തും പുറത്തെടുത്ത പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്തിയതിന്റെ ആഹ്ലാദത്തിനിടെയാണ് വിഷ്ണു സെഞ്ചുറിയുമായി ആരാധകരുടെ മനംകവർന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും വിഷ്ണു വിനോദ് കരകയറ്റുകയായിരുന്നു. ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 112 എന്ന നിലയിലായിരുന്ന കേരളത്തിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചാണ് വിഷ്ണു മടങ്ങിയത്. ആറാം വിക്കറ്റിൽ അഖിൽ സ്‌കറിയയ്‌ക്കൊപ്പം വിഷ്ണു വിനോദ് 98 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 85 പന്തിൽനിന്ന് 120 രൺസ് നേടിയാണ് താരം പുറത്തായത്. 8 സിക്‌സും 5 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്.

ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഒഡീഷയ്ക്ക് വേണ്ടി 92 റൺസെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാർ സിങ് (20), സുബ്രാൻഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. അനുരാഗ് സാരംഗി (0), ഗോവിന്ദ പോഡർ (7), രാജേഷ് ധുപർ (1), കാർത്തിക് ബിശ്വൽ (7), ദേബബ്രതാ പ്രധാൻ (1), രാജേഷ് മോഹന്തി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. വൈശാഖ് ചന്ദ്രൻ, അഖിൻ സത്താർ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

85 പന്തിൽ നിന്നും 120 റൺസുമായി മിന്നും സെഞ്ചുറി നേടിയ വിഷ്ണുവിന് പുറമെ അഖിൽ സ്‌കറിയ (34), അബ്ദുൾ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. സഞ്ജു സാംസണടക്കമുള്ള (21 പന്തിൽ 15) നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ അഞ്ചിന് 112 എന്ന നിലയിലായിരുന്നു കേരളം. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17), സച്ചിൻ ബേബി (2), ശ്രേയസ് ഗോപാൽ (13) എന്നിവർക്ക് തിളങ്ങാനായില്ല. സ്‌കോർബോർഡിൽ 27 റൺസുള്ളപ്പോഴാണ് അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമാകുന്നത്. രോഹൻ തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ഇരുവരേയും പ്രയാഷ് കുമാർ സിങ് പുറത്താക്കി.

ഇതോടെ 10.5 ഓവറിൽ കേരളം രണ്ടിന് 56 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ സഞ്ജുവും മടങ്ങി. രാജേഷ് മോഹന്തിക്കായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ സച്ചിൻ ബേബിക്ക് ഇന്ന് അതേ പ്രകടനം ആവർത്തിക്കാനായില്ല. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ശ്രേയസ് ഗോപാലിനാവട്ടെ അവസരം മുതലാക്കാനായില്ല. പിന്നീട് വിഷ്ണു നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കേരളത്തെ നയിച്ചത്. അഖിലിനൊപ്പം 98 റൺസ് കൂട്ടിചേർക്കാൻ വിഷ്ണുവായി. 58 പന്തിൽ 34 റൺസെടുത്ത അഖിലിനെ അഭിഷേക് മടക്കി.

42-ാം ഓവറിലാണ് താരം മടങ്ങിയത്. അധികം വൈകാതെ വിഷ്ണുവും പവലിയനിൽ തിരിച്ചെത്തി. 85 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്‌സും അഞ്ച് ഫോറും നേടി. തുടർന്ന് ബാസിത്തിന്റെ വെടിക്കെട്ട് കൂടിയായപ്പോൾ കേരളം സുരക്ഷിത തീരത്തെത്തി. 27 പന്തുകൾ നേരിട്ട ബാസിത് മൂന്ന് വീതം സിക്‌സും ഫോറും നേടി. വൈശാഖ് ചന്ദ്രൻ (4), ബേസിൽ തമ്പി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അഖിൻ സത്താർ (0) പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP