Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

വിരാട് കോലി അന്ന് പറഞ്ഞ 'രോഹിത്തിന്റെ മറവി' വീണ്ടും; ഇത്തവണ ഹോട്ടലിൽ മറന്നുവച്ചത് പാസ്പോർട്ട്; ബസിലെ കാത്തിരിപ്പിന് കാരണക്കാരനായ ഇന്ത്യൻ നായകനെ കളിയാക്കി സഹതാരങ്ങൾ; വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

വിരാട് കോലി അന്ന് പറഞ്ഞ 'രോഹിത്തിന്റെ മറവി' വീണ്ടും; ഇത്തവണ ഹോട്ടലിൽ മറന്നുവച്ചത് പാസ്പോർട്ട്; ബസിലെ കാത്തിരിപ്പിന് കാരണക്കാരനായ ഇന്ത്യൻ നായകനെ കളിയാക്കി സഹതാരങ്ങൾ; വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

സ്പോർട്സ് ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞഅ ചരിത്രവിജയം സ്വന്തമാക്കിയത് ആഘോഷിച്ചശേഷം ഇന്ത്യയിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലേക്ക് ടീം ബസിൽ പോവാനിരുന്ന താരങ്ങളെ കാത്തു നിർത്തി ക്യാപ്റ്റൻ രോഹിത് ശർമയുടെ 'വിഖ്യാത മറവി' വീണ്ടും. ബസിലെ കാത്തിരിപ്പിന് കാരണക്കാരനായത് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശർമയായിരുന്നു. റൂമിൽ മറന്നുവെച്ച പാസ്‌പോർട്ട് ഹോട്ടൽ ജീവനക്കാരൻ കൊണ്ടുത്തരാൻ വേണ്ടിയുള്ള നിൽപ്പായിരുന്നു ആ ദൃശ്യങ്ങളിൽ.

കൊളംബോയിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ടീം ബസിൽ കയിറയശേഷമാണ് രോഹിത് ശർമ പാസ്‌പോർട്ട് മറന്നുവെച്ച കാര്യം ഓർത്തത്. ക്യാപ്റ്റന്റെ മറവിക്ക് ടീം അംഗങ്ങൾ ബസിലിരുന്ന് ആർത്തുവിളിക്കുകയും രോഹിത്തിനെ കളിയാക്കുകയും ചെയ്തു. ഒടുവിൽ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സപ്പോർട്ട് സ്റ്റാഫ് അംഗമാണ് റൂമിലെത്തി വീണ്ടും പാസ്‌പോർട്ട് എടുത്തുകൊണ്ടുവന്ന് ക്യാപ്റ്റന് നൽകിയത്.

2017ൽ കോഹ്ലി നൽകിയ അഭിമുഖത്തിൽ രോഹിത് ശർമ പാസ്പോർട്ടും ഐപാഡും പോലും മറന്നുവയ്ക്കുന്ന ഒരാളാണെന്ന് പറഞ്ഞപ്പോൾ പലരും അവിശ്വസിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അവിശ്വാസികൾക്കും ഉത്തരം ലഭിച്ചിരിക്കുകയാണ്. ആരാധകരെല്ലാം വളരെ രസകരമായാണ് സംഭവത്തോട് പ്രതികരിക്കുന്നത്. 'ക്യാപ്റ്റന്റെ മറവി' സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

ഇന്ത്യയെന്ന ലോകോത്തര ക്രിക്കറ്റ് ടീമിലെ മറവിക്കാരൻ ആര്? എന്നായിരുന്നു അഭിമുഖത്തിൽ വിരാട് കോഹ്ലിയോട് അവതാരകൻ അന്ന് ചോദിച്ചത്. തെല്ലൊന്ന് ആലോചിക്കുക കൂടി ചെയ്യാതെയായിരുന്നു താരത്തിന്റെ മറുപടി, രോഹിത് ശർമ. തന്റെ സഹതാരത്തെ പോലെ ഒരു മറവിക്കാരനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നായിരുന്നു കോഹ്ലി അന്ന് പറഞ്ഞത്. അതെന്താവും കോഹ്ലി അങ്ങനെ പറഞ്ഞതെന്ന് സാമൂഹ്യമാധ്യമങ്ങളെല്ലാം ചർച്ച ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അതിന്റെ ഉത്തരം ആരാധകർക്ക് കൃത്യമായി ലഭിച്ചത്.

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്തശേഷം ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ രോഹിത് പറഞ്ഞിരുന്നു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും പേസർമാർക്കാണെന്നും വ്യക്തമായ ധാരണയോടെയാണ് അവർ പന്തെറിയുന്നതെന്നും രോഹിത് പറഞ്ഞു.

ടൂർണമെന്റിൽ ഓരോ മത്സരങ്ങളിലും വ്യത്യസ്തരായ താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നുവെന്നും രോഹിത് വ്യക്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മുൻനിര തകർന്നപ്പോൾ ഹാർദ്ദിക്കും കിഷനും അവസരത്തിനൊത്തുയർന്നു. പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ കോലിയും രാഹുലുമായിരുന്നു തിളങ്ങിയത്. അതുപോലെ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഗില്ലും മികവ് കാട്ടി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും അതിനുശേഷം നടക്കുന്ന ഏകദിന ലോകകപ്പുമാണ് ഇനി ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.

ഏഷ്യാ കപ്പിൽ വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീം കീരിടം നേടുന്നത്. ഇന്നലെ കൊളംബോയിൽ നടന്ന ഫൈനലിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറിൽ വെറും 50 റൺസിന് ഓൾ ഔട്ടായി. 21 റൺസ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാർദ്ദിക് പാണ്ഡ്യയും ചേർന്നാണ് എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗിൽ 6.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 27 റൺസുമായി ശുഭ്മാൻ ഗില്ലും 23 റൺസോടെ ഇഷാൻ കിഷനും പുറത്താകാതെ നിന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP