Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്കു വിരലിനു പരുക്ക്; നെറ്റ്‌സിൽ പരിശീലനം തുടരാതെ മടങ്ങിപ്പോയി; പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചേക്കും; ഇന്ത്യക്കായി പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്കു വിരലിനു പരുക്ക്; നെറ്റ്‌സിൽ പരിശീലനം തുടരാതെ മടങ്ങിപ്പോയി; പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചേക്കും; ഇന്ത്യക്കായി പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്‌സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിനു പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോയി. ഇതോടെയാണ് താരത്തിന്റെ പരുക്കു സംബന്ധിച്ച് ആശങ്ക ഉയർന്നത്.

രോഹിത് ശർമയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശർമ ബാൻഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്. എങ്കിലും നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. യുവതാരം ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമയാണ്.

പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം സംബന്ധിച്ച് ടീം മാനേജ്മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും നിർണായക മത്സരത്തിൽ രോഹിത് കളിച്ചേക്കുമെന്ന് തന്നെയാണ് വിവരം.

മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ''ഓവലിലെ പിച്ചും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും മത്സരത്തിനായി തയാറായിരിക്കണം. ആരൊക്കെ കളിക്കുമെന്ന കാര്യം ബുധനാഴ്ചയാണു തീരുമാനിക്കുക.'' രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിർണായകമാകുമെന്ന് രോഹിത് ശർമ പറഞ്ഞു. ''ബാറ്റർമാർക്ക് എന്നും വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ടു തന്നെ നല്ല തയ്യാറെടുപ്പ് വേണം. വലിയ ഇന്നിങ്‌സുകൾ കളിക്കാൻ ബാറ്റർമാർ ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വിക്കറ്റ് നഷ്ടപ്പെടാൻ കാരണമാകും. ഓവലിലേത് മികച്ച ബാറ്റിങ് വിക്കറ്റാണെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ ബാറ്റിങ് ദുഷ്‌കരമാകാൻ സാധ്യതയുണ്ട്'' രോഹിത് പറഞ്ഞു.

ഒന്നോ രണ്ടോ ഐസിസി ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞാൽ ക്യാപ്റ്റൻ എന്ന നിലയിൽ അത് ഗംഭീരമാകും എന്നാണ് രോഹിത്തിന്റെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും മത്സരങ്ങൾ ജയിക്കാനുമുള്ള ദൗത്യമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാനാണ് അഗ്രഹിക്കുന്നത് എന്നും ഹിറ്റ്മാൻ കൂട്ടിച്ചേർത്തു.

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ബുധനാഴ്ച ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഓവലിൽ ഇറങ്ങാനിരിക്കേയാണ് രോഹിത് ശർമ്മയുടെ വാക്കുകൾ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പുറമെ ഈ വർഷം ഏകദിന ലോകകപ്പും 2024ൽ ട്വന്റി 20 ലോകകപ്പും ടീം ഇന്ത്യക്ക് മുന്നിലുണ്ട്.

ഏകദിന ലോകകപ്പിൽ ഹിറ്റ്മാനായിരിക്കും ടീം ഇന്ത്യയെ നയിക്കുക എന്നുറപ്പാണെങ്കിലും അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ ക്യാപ്റ്റനാവാൻ രോഹിത്തിന് സാധ്യതകൾ വിരളമാണ്. ടി20യിൽ രോഹിത്തിന് അപ്പുറത്തേക്ക് ക്യാപ്റ്റൻസിയെ കുറിച്ച് ബിസിസിഐ ഇതിനകം ചിന്തിച്ച് തുടങ്ങിയതിനാലാണിത്. 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യത്തെ ഐസിസി കിരീടം നേടാനാണ് ഇന്ത്യൻ ടീം ഓവലിൽ കലാശപ്പോരിന് ഇറങ്ങുന്നത്.

ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാംവട്ടവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇറങ്ങാൻ കാത്തിരിക്കേ ആരാധകർ കിടീട പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP