Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ ശ്രേയസ്; അവസാനം വരെ വീരോചിതമായി പൊരുതിയ സഞ്ജു; ഇരുവരുടെയും പോരാട്ടം വിഫലം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം ഒൻപത് റൺസിന്

ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ ശ്രേയസ്; അവസാനം വരെ വീരോചിതമായി പൊരുതിയ സഞ്ജു; ഇരുവരുടെയും പോരാട്ടം വിഫലം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം ഒൻപത് റൺസിന്

സ്പോർട്സ് ഡെസ്ക്

ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ മിന്നുന്ന അർദ്ധ സെഞ്ചുറിയുമായി സഞ്ജു സാംസണും (63 പന്തിൽ പുറത്താകാതെ 86) ശ്രേയസ് അയ്യരും (37 പന്തിൽ 50) വീരോചിതമായി പൊരുതിയെങ്കിലും ഇന്ത്യക്ക് തോൽവി.

ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 250 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലർ (75*), ഹെന്റിച്ച് ക്ലാസൻ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

സഞ്ജുവിനും ശ്രേയസിനും പുറമെ ഷാർദുൽ ഠാക്കൂർ (33) മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തിൽ സഞ്ജുവിന്റെ ഉയർന്ന സ്‌കോറാണ് ലഖ്നൗവിൽ പിറന്നത്. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1 - 0).

മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. 63 പന്തിൽ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 86 റൺസോടെ പുറത്താകാതെ നിന്ന സഞ്ജു അവസാന ഓവർ വരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഒമ്പത് റൺസിന്റെ തോൽവി വഴങ്ങി. നിർണായക ഘട്ടത്തിൽ സഞ്ജുവിന് സ്ട്രൈക്ക് കൈമാറാതിരുന്ന ആവേശ് ഖാനെയും പന്തുകൾ നഷ്ടപ്പെടുത്തിയ ഋതുരാജ് ഗെയ്ക്വാദിനെയും വേണമെങ്കിൽ ആരാധകർക്ക് പഴിക്കാം. ഇന്ത്യൻ ടീമിൽ സ്ഥിരമായ ഒരിടം താൻ അർഹിക്കുന്നു എന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

250 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ശുഭ്മാൻ ഗിൽ (3) മടങ്ങി. പിന്നാലെ ശിഖർ ധവാനും (4) പുറത്തായി. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദിനും ഇഷാൻ കിഷനും പക്ഷേ ആവശ്യമായ റൺറേറ്റിൽ സ്‌കോർ ഉയർത്താനായില്ല. അരങ്ങേറ്റ ഏകദിനം കളിച്ച ഗെയ്ക്വാദിന് 42 പന്തിൽ നിന്ന് ഒരു ബൗണ്ടറിയടക്കം നേടാനായത് 19 റൺസ് മാത്രം. 37 പന്തിൽ നിന്ന് 20 റൺസ് മാത്രമെടുത്ത ഇഷാൻ കിഷൻ 18-ാം ഓവറിൽ മടങ്ങിയതോടെ ഇന്ത്യ നാലിന് 51 റൺസെന്ന നിലയിലായി.

തുടർന്ന് ശ്രേയസ് അയ്യരും സഞ്ജുവും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാൽ 27-ാം ഓവറിൽ ശ്രേയസിനെ മടക്കി ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ശാർദുൽ താക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു 93 റൺസ് ചേർത്തതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ 31 പന്തിൽ 33 റൺസെടുത്ത ശാർദുലിനെയും എൻഗിഡി മടക്കിയതോടെ ഇന്ത്യയും സഞ്ജുവും പ്രതിരോധത്തിലായി.

പിന്നീടെത്തിയ കുൽദീപ് യാദവിനും (0), ആവേശ് ഖാനും (3) കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നിർണായക ഘട്ടത്തിൽ സഞ്ജുവിന് സ്ട്രൈക്കും ലഭിക്കാതിരുന്നതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു. എന്നിട്ടും തബ്രിസ് ഷംസിയെറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 30 റൺസ് വേണമെന്നിരിക്കെ സഞ്ജു 20 റൺസ് അടിച്ചെടുക്കുകയും ചെയ്തു. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയ എൻഗിഡിയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. റബാദ രണ്ടു വിക്കറ്റെടുത്തു.

ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ജന്നെമൻ മലാൻ- ഡി കോക്ക് സഖ്യം 49 റൺസ് കൂട്ടിചേർത്തു. എന്നാൽ മലാനെ, ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഠാക്കൂർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തെംബ ബവൂമ (8), എയ്ഡൻ മാർക്രം (0) എന്നിവർ പെട്ടന്ന് മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. എന്നാൽ ക്ലാസനൊപ്പം നിന്ന ഡി കോക്ക് പെട്ടന്നുള്ള തകർച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റൺസ് കൂട്ടിചേർത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്.

പിന്നീടാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് ഉയർത്തയ കൂട്ടുകെട്ടുണ്ടാക്കിയത്. ക്ലാസനൊപ്പം ക്രീസിൽ ഡേവിഡ് വന്നതോടെ സ്‌കോർ വേഗത്തിൽ ഉയർന്നു. ഇരുവരും 139 റൺസ് കൂട്ടിചേർത്തു. 65 പന്തിൽ നിന്നാണ് ക്ലാസൻ 74 റൺസെടുത്തത്. ആറ് ഫോറും രണ്ട് സിക്സും ഇന്നിഗ്സിൽ ഉൾപ്പെടുന്നു. മില്ലർ 63 പന്തുകൾ നേരിട്ടു. മൂന്ന് സിക്സും അഞ്ച് ഫോറും ഇന്നിംഗിൽ ഇണ്ടായിരുന്നു. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവുകളും ഇരുവർക്കും തുണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP