Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഐതിഹാസിക ജയം ഒരുക്കിയ മിന്നും താരം; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് ഇതിഹാസം കെവിൻ ഒബ്രിയൻ; വിരാമമിടുന്നത് 16 വർഷം നീണ്ട കരിയറിന്

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഐതിഹാസിക ജയം ഒരുക്കിയ മിന്നും താരം; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് ഇതിഹാസം കെവിൻ ഒബ്രിയൻ; വിരാമമിടുന്നത് 16 വർഷം നീണ്ട കരിയറിന്

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് ഇതിഹാസ ഓൾറൗണ്ടർ കെവിൻ ഒബ്രിയൻ. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കുന്നതായി  അറിയിച്ചത്. 2006ൽ തുടങ്ങിയ കരിയറിനാണ് നീണ്ട 16 വർഷങ്ങൾക്കുശേഷം 37കാരനായ ഒബ്രിയൻ തിരശീലയിടുന്നത്.

2021-ൽ യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി അയർലൻഡിനായി കളിച്ചത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം കൂടിയാണ്  കെവിൻ.

2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ ചരിത്രത്തിൽ ഇടംപിടിച്ച മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയർലൻഡ് ടീമിലും കെവിൻ ഉണ്ടായിരുന്നു. പിന്നാലെ 2011 ലോകകപ്പിൽ ഇംഗ്ലണ്ട് ഉയർത്തിയ 328 റൺസ് ചേസ് ചെയ്ത് അയർലൻഡ് ചരിത്രമെഴുതിയ മത്സരത്തിൽ  വിജയത്തിന് ചുക്കാൻ പിടിച്ചതും കെവിനായിരുന്നു.

ബംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 328 റൺസടിച്ചെങ്കിലും 63 പന്തിൽ 113 റൺസടിച്ച ഒബ്രീനിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഐറിഷ് പട മൂന്ന് വിക്കറ്റിന്റെ ഐതിഹാസിക ജയം സ്വന്തമാക്കി. ലോകകപ്പിലെ ഒരു ഐറിഷ് താരത്തിന്റെ ഏറ്റവും മികച്ച പ്രകനങ്ങളിലൊന്നായി ഇപ്പോഴും ഇത് വിലയിരുത്തപ്പെടുന്നു.

ഏകദിന ലോകകപ്പിൽ സെഞ്ചുറി നേടിയ നാല് ക്രിക്കറ്റർമാരിൽ ഒരാളും കെവിനാണ്. വില്യം പോർട്ടർഫീൽഡ്, എഡ് ജോയ്സ്, പോൾ സ്റ്റെർലിങ് എന്നിവരാണ് മറ്റ് താരങ്ങൾ. 152 ഏകദിന മത്സരങ്ങൾ കളിച്ച കെവിൻ രണ്ട് സെഞ്ചുറിയും 18 അർധ സെഞ്ചുറികളുമടക്കം 3619 റൺസ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്‌ത്തി.

109 ട്വന്റി 20 മത്സരങ്ങൾ ഐറിഷ് ടീമിനായി കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളുമടക്കം 1973 റൺസ് നേടി. 58 വിക്കറ്റുകളാണ് ട്വന്റി 20-യിലെ സമ്പാദ്യം. കരിയറിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. 2018ൽ ടെസ്റ്റ് പദവി ലഭിച്ച അയർലൻഡിനായി പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് കളിച്ച ടീമിലും ഒബ്രിയൻ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP