Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂഡയും സഞ്ജുവും കസറിയിട്ടും ഇന്ത്യയുടെ ജയം തലനാരിഴയ്ക്ക്; തകർത്തടിച്ച അയർലന്റിനെ പിടിച്ചു കെട്ടിയത് അവസാന നിമിഷത്തിൽ: നാല് റൺസ് ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

ഹൂഡയും സഞ്ജുവും കസറിയിട്ടും ഇന്ത്യയുടെ ജയം തലനാരിഴയ്ക്ക്; തകർത്തടിച്ച അയർലന്റിനെ പിടിച്ചു കെട്ടിയത് അവസാന നിമിഷത്തിൽ: നാല് റൺസ് ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ബാറ്റിങ് കഴിഞ്ഞ് 225 റൺസുമായി കളം വിടുമ്പോൾ അയർലന്റിനെ നിഷ്പ്രയാസം തോൽപ്പിക്കാമെന്ന മനക്കോട്ടയുമായാണ് ടീം ഇന്ത്യ സന്തോഷം പങ്കുവെച്ചത്. എന്നാൽ അയർലന്റ് ടീം കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ ബോളർമാർ ഒന്നു പതറി. ഒരു നിമിഷയും ഹൂഡയും സഞ്ജുവും പടുത്തുയർത്തിയ സ്‌കോർ വെറുതെ ആയി പോകുമൊ എന്ന് പോലും തോന്നി. 225 റൺസ് നേടിയ ഇന്ത്യയെ അതേ നാണയത്തിൽ തിരിച്ചടിച്ച് അയർലന്റ് അക്ഷരാർത്ഥത്തിൽ വിറപ്പിക്കുക ആയിരുന്നു. ഒരു വേള വിജയം ആർക്കെന്ന് പറയാനാവാത്ത അവസ്ഥ.

ഒടുവിൽ നാല് റൺസിന്റെ തലനാരിഴ ജയത്തോടെ ഇന്ത്യ രക്ഷപ്പെട്ടു. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 7ന് 225. അയർലൻഡ് 20 ഓവറിൽ 5ന് 221. 2 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ (20)ന് സ്വന്തമാക്കി. ആകെ 446 റൺസാണ് മത്സരത്തിൽ പിറന്നത്.

ദേശീയ ജഴ്‌സിയിൽ മികച്ച പ്രകടനത്തിനായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച സഞ്ജുവിന്റെയും (42 പന്തിൽ 77) അതിനെക്കാൾ പ്രഹരശേഷിയുള്ള സെഞ്ചറി കുറിച്ച ദീപക് ഹൂഡയുടെയും (57 പന്തിൽ 104) സൂപ്പർ ഇന്നിങ്‌സുകളുടെ കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 225 റൺസ് നേടിയത്.

ട്വന്റി20യിൽ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം ഹൂഡ സ്വന്തമാക്കിയപ്പോൾ ട്വന്റി20യിലെ മികച്ച ഇന്ത്യൻ ബാറ്റിങ് കൂട്ടുകെട്ട് ഹൂഡയുടെയും സഞ്ജുവിന്റെയും പേരിലായി; 176 റൺസ്. ഇരുവരും രാജ്യന്തര ട്വന്റി20യിൽ ആദ്യ അർധ സെഞ്ചറി നേടിയതും ഇന്നലെയാണ്. ഋതുരാജ് ഗെയ്ക്വാദിനെ പുറത്തിരുത്തിയതോടെ ഓപ്പണറായി അവസരം ലഭിച്ചിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ ഫോറടിച്ചാണ് തുടങ്ങിയത്.

അനായാസ ജയം മോഹിച്ചു ബോളിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ അയർലൻഡ് ഓപ്പണർമാർ തുടക്കം മുതൽ ആഞ്ഞടിച്ചു. ആദ്യ 5 ഓവറിൽ അവർ വിക്കറ്റു നഷ്ടമില്ലാതെ 72 റൺസെടുത്തു. ആറാം ഓവറിൽ രവി ബിഷ്‌ണോയ് പോൾ സ്റ്റെർലിങ്ങിനെ പുറത്താക്കി (40). തൊട്ടടുത്ത ഓവറിൽ ഹർഷൽ പട്ടേൽ ക്യാപ്റ്റൻ ആൻഡി ബാൽബിർനിയുടെ വിക്കറ്റെടുത്തു (60). എന്നിട്ടും അയർലൻഡ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല. അവസാന 5 ഓവറിൽ 62, 3 ഓവറിൽ 38 എന്നിങ്ങനെ അയർലൻഡ് വിജയലക്ഷ്യം ചുരുക്കി. 18ാം ഓവറിൽ 7 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് കളിയുടെ ഗതി തിരിച്ചത്. ഉംറാൻ മാലിക്കെറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു വിജയലക്ഷ്യം. അയർലൻഡിന് നേടാനായത് 12 റൺസും. ഹൂഡയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ടോസിലെ ഭാഗ്യം ഇന്ത്യയെ തുടക്കത്തിൽ തുണച്ചില്ല. ഇന്നിങ്സിലെ ആദ്യ പന്ത് നേരിട്ട സഞ്ജു ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറിലും സഞ്ജു ബൗണ്ടറി നേടി. എന്നാൽ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തിൽ 3 റൺസെടുത്ത കിഷനെ മാർക്ക് അഡെയർ വീഴ്‌ത്തി. എന്നാൽ കിഷൻ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ കഴിഞ്ഞ മത്സരത്തിൽ നിർത്തിയേടത്തു നിന്ന് തുടങ്ങി. സഞ്ജുവും മോശമാക്കിയില്ല.

പവർ പ്ലേ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്ത ഇന്ത്യയെ സഞ്ജുവും ഹൂഡയും ചേർന്ന് 11-ാം ഓവറിൽ 100 കടത്തി. 27 പന്തിൽ അർധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോൾ 10 റൺസിലെത്തിയിരുന്നു സഞ്ജു. എന്നാൽ സഞ്ജുവിന് മുമ്പെ ഹൂഡ അർധസെഞ്ചുറി തികച്ച് മുന്നേറി. പത്താം ഓവറിൽ ഹൂഡ അർധസെഞ്ചുറിയിലെത്തിയപ്പോൾ പതിമൂന്നാം ഓവറിലാണ് സഞ്ജു ടി20 കരിയറിൽ തന്റെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. സഞ്ജു അർധസെഞ്ചുറിയിലെത്തുമ്പോൾ ഹൂഡ 80 റൺസിലെത്തിയിരുന്നു. 31 പന്തിൽ എട്ട് ഫോറും ഒരു സിക്സും പറത്തിയാണ് സഞ്ജു അർധസെഞ്ചുറിയിലെത്തിയത്.

രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡക്കൊപ്പം 176 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറിൽ മാർക്ക് അഡയറിനെ സിക്സിന് പറത്തിയതിന് പിന്നാലെ യോർക്കറിൽ ക്ലീൻ ബൗൾഡായി പുറത്തായി. 42 പന്തിൽ 77 റൺസെടുത്ത സഞ്ജു നാല് സിക്സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 176 റൺസ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. സഞ്ജു പുറത്തായശേഷം 55 പന്തിൽ സെഞ്ചുറി തികച്ച ഹൂഡ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി. രോഹിത് ശർമയും കെ എൽ രാഹുലും സുരേഷ് റെയ്നയുമാണ് ഹൂഡക്ക് മുമ്പ് ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP