Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീലങ്ക ഉയർത്തിയത് കുഞ്ഞൻ വിജയലക്ഷ്യം; തുടക്കത്തിൽ അടിപതറി ഓസ്‌ട്രേലിയ; രക്ഷകരായി അലക്‌സ് ക്യാരിയും മാർനസ് ലബുഷെയ്‌നും; ഒടുവിൽ നാല് വിക്കറ്റ് ജയം

ശ്രീലങ്ക ഉയർത്തിയത് കുഞ്ഞൻ വിജയലക്ഷ്യം; തുടക്കത്തിൽ അടിപതറി ഓസ്‌ട്രേലിയ; രക്ഷകരായി അലക്‌സ് ക്യാരിയും മാർനസ് ലബുഷെയ്‌നും; ഒടുവിൽ നാല് വിക്കറ്റ് ജയം

സ്പോർട്സ് ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തിൽ തുടക്കത്തിൽ പതറിയെങ്കിലും ഒടുവിൽ ഓസ്‌ട്രേലിയ വിജയതീരത്ത്. 161 റൺസ് വിജയലക്ഷ്യം തേടിയിറങ്ങി ഒരവസരത്തിൽ 19-3 എന്ന നിലയിൽ പതറിയ ശേഷമാണ് നാല് വിക്കറ്റ് ജയം നേടിയത്. 39.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ജയത്തിലെത്തി. അലക്‌സ് ക്യാരിയും മാർനസ് ലബുഷെയ്‌നുമാണ് ഓസീസിന് നിർണായകമായത്. നേരത്തെ ലങ്ക പരമ്പര ഉറപ്പിച്ചെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ 3-2ന് സീരീസ് അവസാനിപ്പിക്കാൻ സന്ദർശകർക്കായി.

കുഞ്ഞൻ വിജയലക്ഷ്യമാണ് ലങ്ക മുന്നോട്ടുവെച്ചതെങ്കിലും മറുപടി ബാറ്റിംഗിൽ ദയനീയമായിരുന്നു ഓസീസിന്റെ തുടക്കം. ആരോൺ ഫിഞ്ചിനെ അക്കൗണ്ട് തുറക്കും മുമ്പേ മഹീഷ് തീക്ഷ്‌ന പുറത്താക്കി. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ 8 പന്തിൽ 10 റൺസെടുത്തും അരങ്ങേറ്റക്കാരൻ ജോഷ് ഇൻഗ്ലിസ് 10 പന്തിൽ 5 റൺസെടുത്തും മടങ്ങി. ഇതോടെ ഓസീസ് 5.2 ഓവറിൽ 19-3 എന്ന സ്‌കോറിൽ പ്രതിരോധത്തിലായി. മാർനസ് ലബുഷെയ്‌നെ കൂട്ടുപിടിച്ചുള്ള മിച്ചൽ മാർഷിന്റെ ശ്രമവും വിജയിച്ചില്ല. 50 പന്തിൽ 24 റൺസെടുത്ത മാർഷിനെ പ്രമോദ് മദുഷൻ പുറത്താക്കി.

മാർനസ് ലബുഷെയ്ൻ-അലക്‌സ് ക്യാരി സഖ്യമാണ് ഓസീസിനെ കരകയറ്റിയത്. ലബുഷെയ്ൻ 58 പന്തിൽ 31 ഉം പിന്നാലെ ഗ്ലെൻ മാക്‌സ്വെൽ 17 പന്തിൽ 16ഉം റൺസെടുത്ത് ദനിത് വെല്ലലാഗെയ്ക്ക് കീഴടങ്ങി. എങ്കിലും കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി കങ്കാരുക്കളെ ജയത്തിലെത്തിച്ചു. ക്യാരി 65 പന്തിൽ 45* ഉം ഗ്രീൻ 26 പന്തിൽ 25* ഉം റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ബൗളിങ് കരുത്തുകൊണ്ട് ഓസ്‌ട്രേലിയ വരിഞ്ഞുമുറുക്കി. കൊളംബോയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 43.1 ഓവറിൽ വെറും 160 റൺസിൽ പുറത്തായി. 85 റൺസിന് എട്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ ഒൻപതാം വിക്കറ്റിൽ അപ്രതീക്ഷിത കൂട്ടുകെട്ട് കാഴ്ചവെച്ച ചാമിക കരുണരത്‌നെയും പ്രമോദ് മദുഷനുമാണ് വമ്പൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ചാമിക തകർപ്പൻ ഫിഫ്റ്റി(75 പന്തിൽ 75) നേടി. ഓസീസിനായി ഹേസൽവുഡും ക്യുനൊമാന്നും കമ്മിൻസും രണ്ട് വീതം വിക്കറ്റ് നേടി.

ഓസീസ് സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോൾ ലങ്ക പ്രതിരോധത്തിലായി. നാല് പന്തിൽ 2 റൺസെടുത്ത പാതും നിസങ്കയെയും 14 പന്തിൽ 8 റൺസ് നേടിയ ധനുഷ് ഗുണതിലകയേയും ഹേസൽവുഡ് ഡ്രസിങ് റൂമിലേക്ക് മടക്കി. 11 പന്തിൽ 6 റൺസുമായി ദിനേശ് ചാന്ദിമൽ, പാറ്റ് കമ്മിൻസിന്റെ പന്തിൽ ആരോൺ ഫിഞ്ചിന്റെ കൈകളിൽ അവസാനിച്ചു. ചരിത് അസലങ്കയെ 14ൽ നിൽക്കേ മാക്‌സ്വെല്ലും ക്യുനൊമാന്നും ചേർന്ന് റണ്ണൗട്ടാക്കി. മൂന്നാമനും വിക്കറ്റ് കീപ്പറുമായ കുശാൽ മെൻഡിസ് പൊരുതാൻ നോക്കിയെങ്കിലും ഏശിയില്ല. മാക്‌സി പുറത്താക്കുമ്പോൾ മെൻഡിസിനുണ്ടായിരുന്നത് 40 പന്തിൽ 26 റൺസ്.

ദനിത് വെല്ലലാഗെ(4 പന്തിൽ 2), ക്യാപ്റ്റൻ ദാഷുൻ ശനക(3 പന്തിൽ 1), ജെഫ്രി വാൻഡെർസെ(23 പന്തിൽ 4) എന്നിവരും മടങ്ങിയതോടെ ലങ്ക 24.2 ഓവറിൽ 85-8. എന്നാൽ എട്ടാമൻ ചാമിക കരുണരത്‌നെയും പത്താമൻ പ്രമോദ് മദുഷനും ചേർന്ന് 9-ാം വിക്കറ്റിൽ അപ്രതീക്ഷിത പോരാട്ടം നടത്തി. ഇരുവരും 25-ാം ഓവറിൽ നിന്ന് മത്സരം 42-ാം ഓവറിലേക്ക് നീട്ടി. 52 പന്ത് നേരിട്ട് 15 റൺസെടുത്ത പ്രമോദിനെ 42-ാം ഓവറിലെ ആദ്യ പന്തിൽ കാമറൂൺ ഗ്രീൻ റിട്ടേൺ ക്യാച്ചിൽ മടക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഒരു ഓവറിന്റെ ഇടവേളയിൽ കരുണരത്‌നെയെ(75 പന്തിൽ 75) കമ്മിൻസ് മടക്കിയതോടെ ലങ്കൻ ഇന്നിങ്‌സ് അവസാനിച്ചു. കരുണരത്‌നെയുടെ ആദ്യ ഏകദിന ഫിഫ്റ്റിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP