Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോയൽ ചലഞ്ചേഴ്‌സിനെ തകർത്തെറിഞ്ഞ് കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങിലും ബോളിങിലും നിറം മങ്ങിയ ബാംഗ്ലൂരിന് മേൽ പഞ്ചാബ് നേടിയത് 97 റൺസിന്റെ വിജയം: ബാറ്റിങിൽ വെടിക്കെട്ടു നടത്തി കെ.എൽ രാഹുൽ

റോയൽ ചലഞ്ചേഴ്‌സിനെ തകർത്തെറിഞ്ഞ് കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങിലും ബോളിങിലും നിറം മങ്ങിയ ബാംഗ്ലൂരിന് മേൽ പഞ്ചാബ് നേടിയത് 97 റൺസിന്റെ വിജയം: ബാറ്റിങിൽ വെടിക്കെട്ടു നടത്തി കെ.എൽ രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഐ.പി.എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ കിങ്സ് ഇലവൻ പഞ്ചാബിന് 97 റൺസിന്റെ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കളത്തിലിറങ്ങിയ ബാംഗ്ലൂരിന്റെ പോരാട്ടം 17 ഓവറിൽ 109 റൺസിൽ അവസാനിച്ചു. ആദ്യ മത്സരം ഭാഗ്യക്കേടിന് ഡൽഹിയോടു തോറ്റ പഞ്ചാബിന് ഗംഭീര തിരിച്ചിവരവായി മാറി ഈ വിജയം.

ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു നാലു റൺസിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റൻ വിരാട് കോലി (1) എന്നിവർ വന്നപാടെ മടങ്ങിയപ്പോൾ 2.4 ഓവറിൽ നാല് റൺസിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂർ വീണു. പിന്നീട് ആരോൺ ഫിഞ്ചും എ ബി ഡിവില്ലിയേഴ്സും ചേർന്ന് സ്‌കോർ 53-ൽ എത്തിച്ചു. 20 റൺസുമായി തട്ടിയും മുട്ടിയും കളി മുന്നോട്ട് കൊണ്ടു പോയ ഫിഞ്ചിനെ രവി ബിഷ്ണോയ് മടക്കി. 28 റൺസെടുത്ത ഡിവില്ലിയേഴ്സിനെ മുരുകൻ അശ്വിനും പുറത്താക്കി.

27 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്നി (6), ചാഹൽ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പഞ്ചാബിനായി രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ എന്നിവർ മൂന്നു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്.

69 പന്തിൽ 132 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് പഞ്ചാബിനെ കൂറ്റൻ സ്‌കോറിലെത്തിയത്. ബാറ്റിങിലെന്ന പോലെ ബോളിങിലും ബാംഗ്ലൂരിന് തിളങ്ങാനായില്ല. ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. രാഹുൽ തകർത്തടിച്ചതോടെ മറ്റു പഞ്ചാബ് താരങ്ങൾ മറുവശത്ത് കാഴ്‌ച്ചക്കാരായി. മായങ്ക് അഗർവാൾ (20 പന്തിൽ 26), നിക്കോളാസ് പുരാൻ (18 പന്തിൽ 17), ഗ്ലെൻ മാക്‌സ്വെൽ (5), കരുൺ നായർ (എട്ടു പന്തിൽ പുറത്താകാതെ 15)എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ പ്രകടനം. ഒന്നാം വിക്കറ്റിൽ രാഹുൽ മായങ്ക് സഖ്യവും രണ്ടാം വിക്കറ്റിൽ രാഹുൽ പുരാൻ സഖ്യവും 57 റൺസ് വീതമെടുത്തു. മാക്‌സ്വെൽ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ കരുൺ നായരെ കൂട്ടുപിടിച്ച് രാഹുൽ 78 റൺസ് കൂട്ടുകെട്ടും ഉയർത്തി.

വെറും 28 പന്തിൽനിന്നാണ് രാഹുൽകരുൺ സഖ്യം 78 റൺസ് ചേർത്തത്. ഇതിൽ കരുണിന്റെ സംഭാവന 15 റൺസ് മാത്രം. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്‌ത്തി. 62 പന്തിൽ നിന്ന് സെഞ്ചുറി തികച്ച രാഹുൽ 69 പന്തുകൾ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റൺസോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലിൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോർ എന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കറെയാണ് ഇക്കാര്യത്തിൽ രാഹുൽ മറികടന്നത്. രാഹുലിനെ ക്യാച്ചെടുത്തു പുറത്താക്കാൻ രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടു തവണയും ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി അവ പാഴാക്കി. രാഹുൽ 83, 89 റൺസുകൾ നേടി നിൽക്കുമ്പോഴായിരുന്നു ഇത്.

അഞ്ച് റൺസ് മാത്രമെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 62 പന്തിൽനിന്ന് രാഹുൽ സെഞ്ചുറി തികച്ചു. 2020 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് രാഹുൽ നേടിയത്. അവസാന ഓവറുകളിൽ രാഹുൽ തുടർച്ചയായി സിക്‌സറുകൾ പറത്തി. കരുൺ നായരും ബൗണ്ടറികൾ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോർ 200 പിന്നിട്ടു. എട്ട് പന്തിൽ 15 റൺസെടുത്ത കരുൺ നായർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടു വിക്കറ്റും ചെഹൽ ഒരു വിക്കറ്റും സ്വന്തമാക്കി.

ബാംഗ്ലൂർ നിരയിൽ യൂസ്വേന്ദ്ര ചാഹലാണ് ബൗളിങ്ങിൽ മികച്ചുനിന്നത്. നേരത്തെ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം ടോസ് നേടുന്ന ക്യാപ്റ്റൻ ബൗൾ ചെയ്യാൻ തീരുമാനിക്കുന്ന പതിവ് തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP