Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

15 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്നായി 907 റൺസ്; 12 ട്വന്റിട്വന്റി മത്സരങ്ങളിൽ ഒരു സെഞ്ചുറിയും 5 അർദ്ധ സെഞ്ചുറികളും; 2019-ലെ വിജയ് ഹസാരേ ട്രോഫി മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിനുടമ; ദുബായ് ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിജയത്തിനു പിന്നിലെ മലയാളിത്തിളക്കം ദേവ്ദത്ത് പടിക്കൽ

15 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്നായി 907 റൺസ്; 12 ട്വന്റിട്വന്റി മത്സരങ്ങളിൽ ഒരു സെഞ്ചുറിയും 5 അർദ്ധ സെഞ്ചുറികളും; 2019-ലെ വിജയ് ഹസാരേ ട്രോഫി മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിനുടമ; ദുബായ് ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിജയത്തിനു പിന്നിലെ മലയാളിത്തിളക്കം ദേവ്ദത്ത് പടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ലപ്പുറം സ്വദേശികളായ ബബുനുവും അമ്പിളിയും ഹൈദരാബാദിൽ നിന്നും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയതു തന്നെ മകൻ ദേവ്ദത്തിന് ക്രിക്കറ്റിൽ കൂടുതൽ മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കുന്നതിനു വേണ്ടിയായിരുന്നു. 2011-ൽ കർണ്ണാടക ഇൻസ്റ്റിറ്റിയുട്ട് ഓഫ് ക്രിക്കറ്റിൽ പരിശീലനത്തിനു ചേർന്ന ദേവ്ദത്ത് 2014 - കർണ്ണാടക അണ്ടർ 16 ടീമിൽ അംഗമായി. അതേവർഷം തന്നെ കർണ്ണാടക അണ്ടർ 19 ടീമിലും അംഗമായി. 2017- ൽ കർണ്ണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്‌കേഴ്സിൽ അംഗമായതോടെയാണ് ദേവ്ദത്ത് ദേശീയ ക്രിക്കറ്റ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

2018 നവംബർ28 ന് രഞ്ജി ട്രോഫിയിൽ കർണ്ണാടകത്തിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിൽ ഈ പത്തൊമ്പതുകാരന്റെ അരങ്ങേറ്റം. 2019 സെപ്റ്റംബർ 26 ന് കർണ്ണാടകയെ പ്രതിനിധീകരിച്ചുകൊണ്ട് വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചുകൊണ്ട് ലിസ്റ്റ് എ മത്സരങ്ങളുടെയും ഭാഗഭാക്കായി ദേവ്ദത്ത്. ഇതിനിടയിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു വേണ്ടി കളിക്കുവാൻ കരാർ ഒപ്പിടുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്‌കോറിന് ഉടമയാണ് ഈ ഇടങ്കൈയൻ ബാറ്റ്സ്മാൻ. 11 ഇന്നിങ്സുകളിൽ നിന്നായി 609 റൺസ് സ്‌കോർ ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഇതിനെ തുടർന്ന് ഡി ബി ഡിയോഡർ ട്രോഫിയിൽ ഇന്ത്യാ എ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ദേവ്ദത്തിന് ലഭിച്ചു. നല്ലൊരു ഓഫ്സ്പിന്നർ കൂടിയായ ദേവ്ദത്ത് ബൗളിങ് രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ ഈ പുതിയ മലയാളി താരമായിരുന്നു ഇന്നലെ ദുബായിൽ നടന്ന ഐ പി എൽ ഉദ്ഘാടന മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഐ പി എല്ലിലെ തന്റെ കന്നി മത്സരത്തിൽ 42 ബോളുകളിൽ നിന്നായി 8 ബൗണ്ടറികൾ ഉൾപ്പടെ 56 റണ്ണുകളാണ് ദേവ്ദത്ത് വാരിക്കൂട്ടിയത്. റോയൽ ചലഞ്ചേഴ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 എന്ന സ്‌കോറിലെത്താൻ ഇത് സഹായിച്ചു. ഇത് പിന്തുടർന്ന് ഹൈദരാബാദ് സൺറൈസേഴ്സ് 19.4 ഓവറിൽ 153 റൺസിന് ഓളൗട്ട് ആവുകയായിരുന്നു.ആദ്യമത്സരത്തിൽ അങ്ങനെ 10 റണ്ണിന് റോയൽ ചലഞ്ചേഴ്സ് വിജയിച്ചു.

താരതമ്യേന ചെറിയ സ്‌കോറിനെ പിന്തുടർന്നെത്തിയ സൺറസേഴ്സ് ആരംഭത്തിൽ മികച്ച പ്രകടനമായിരുന്നു കാഴ്‌ച്ചവച്ചത്. 43 ബോളിൽ നിന്നും 61 റൺസെടുത്ത ജോണി ബാരിസ്റ്റോ സൺറൈസേഴ്സിനെ വിജയത്തിലെത്തിക്കും എന്നുവരെ എല്ലാവരും ചിന്തിച്ചിരുന്നു. എന്നാൽ യുവേന്ദ്ര ചഹാലിന്റെ അടുത്തടുത്ത ബോളുകളിൽ ബാരിസ്റ്റോയും വിജയ് ശങ്കറും ഔട്ട് ആയതോടെ സൺറസിന്റെ ബാറ്റിങ് നിര ആകെ തകരുകയാണുണ്ടായത്.

കന്നിയങ്കത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ദേവ്ദത്തിന് പിന്തുണയുമായി മറുവശത്തുണ്ടായിരുന്നത് ആസ്ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആയിരുന്നു. 27 ബോളുകളിൽ നിന്ന് 29 റൺസ് നേടിയ ആരോൺ ദേവ്ദത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നൽകി. ഇരുവരും ഒരുമിച്ച് ഓപ്പണിങ് കൂട്ടുകെട്ടിൽ 80 റൺസ് നേടി. ടി, നടരാജന്റെ ഒരു ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ച് ഹൈദരാബാദിനെ ഞെട്ടിച്ച ദേവ്ദത്ത്, ഡീപ് സ്‌ക്വയർ ലെഗിൽ ഫീൽഡർക്ക് മീതെ പന്തുയർത്തിക്കൊണ്ടാണ് അർദ്ധ സെഞ്ചുറി തികച്ചത്.

അടുത്തടുത്ത രണ്ടു പന്തുകളിലായി ദേവ്ദത്തും ഫിഞ്ചും ഔട്ട് ആയതോടെ റോയൽ ചലഞ്ചേഴ്സിന്റെ റൺ റേറ്റിൽ വലിയ കുറവുണ്ടായി. അടുത്ത അഞ്ച് ഓവറുകളിൽ നിന്നായി 30 റൺസ് മാത്രമാണ് സ്‌കോർ ചെയ്യാനായത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 13 പന്തുകളിൽ നിന്നും 14 റൺസ് എടുത്ത് പുറത്തായി.

അവസാന സമയത്തെത്തിയ ഡീ വില്ലീസാന് പിന്നെ റോയൽ ചലഞ്ചേഴ്സിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വില്ലീസ് തന്റെ 200 മത്തെ സിക്സറും ഇന്നലെ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP