Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലങ്കൻ ചിറക് വെട്ടി കിവീസ്; ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലണ്ടിന് ഉജ്ജ്വല വിജയം; ശ്രീലങ്കയെ ആതിഥേയർ തകർത്തത് 98 റൺസിന്

ലങ്കൻ ചിറക് വെട്ടി കിവീസ്; ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലണ്ടിന് ഉജ്ജ്വല വിജയം; ശ്രീലങ്കയെ ആതിഥേയർ തകർത്തത് 98 റൺസിന്

ക്രൈസ്റ്റ്ചർച്ച്: പതിനൊന്നാം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഓൾ റൗണ്ട് കരുത്തിൽ ആതിഥേയരായ ന്യൂസിലൻഡ് മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ 98 റൺസിന് തകർത്തു.

നിശ്ചിത 50 ഓവറിൽ കോറി ആൻഡേഴ്‌സൺ, ബ്രണ്ടൻ മക്കല്ലം, കെയ്ൻ വില്യംസൺ എന്നിവരുടെ മിന്നുന്ന അർധ സെഞ്ചുറികളുടെ മികവിൽ തകർത്തടിച്ച കിവീസ് 331 റൺസ് നേടി. വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 43.1 ഓവറിൽ 233 റൺസിന് പുറത്തായി. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ഗുപ്റ്റിലും മക്കല്ലവും ചേർന്ന് ന്യൂസിലൻഡിന് മികച്ച തുടക്കം നൽകി. ബ്രണ്ടൻ മക്കല്ലത്തിന്റെയും വില്യംസണിന്റെയും കോറി ആൻഡേഴ്‌സന്റെയും അർധസെഞ്ചുറിയുടെ കരുത്തിൽ കീവീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. മക്കല്ലം 65ഉം വില്യംസൺ 57ഉം ഗുപ്റ്റിൽ 49ഉം റൺസെടുത്തു. 75 റൺസെടുത്ത സി.ജെ. ആൻഡേഴ്‌സണാണ് ടോപ് സ്‌കോറർ.

49 പന്തിൽ 65 റൺസ് നേടി പുറത്തായ ന്യൂസിലൻഡ് ബാറ്റ്‌സ്മാൻ ബ്രണ്ടൻ മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ചുറിക്ക് ഉടമയായി. 10 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിവീസ് നായകന്റെ ഇന്നിങ്‌സ്. രാവിലത്തെ ഈർപ്പത്തിന്റെ ആനുകൂല്യം മുതലെടുക്കാനായി ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ വിക്കറ്റ് പോകാതെ പിടിച്ചു നിന്ന ആതിഥേയർ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചും വേഗമേറിയ ഔട്ട്ഫീൽഡും മികച്ച സ്‌കോറിനുള്ള അവസരമൊരുക്കി. നിർണായക ക്യാച്ചുകൾ കൈവിട്ടതും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താനാകാതെ പോയതും ശ്രീലങ്കയ്ക്കും വിനയാകയി.

ആറാമനായി ക്രീസിലെത്തിയ പുത്തൻ താരോദയം ആൻഡേഴ്‌സനാണ് ലങ്കയെ തകർത്തത്. 46 പന്തിൽ എട്ട് ഫോറും രണ്ടു സിക്‌സും ഉൾപ്പടെ 75 റൺസ് അടിച്ചുകൂട്ടിയ ആൻഡേഴ്‌സൺ ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് പുറത്തായത്. 19 പന്തിൽ 29 റൺസ് നേടി ലൂക്ക് റോഞ്ചി പുറത്താകാതെ നിന്നു. കൂറ്റൻ വിജയലക്ഷ്യമാണ് പിന്തുടർന്നതെങ്കിലും ലങ്ക സാവധാനമാണ് തുടങ്ങിയത്. ദിൽഷൻ-തിരിമാനെ സഖ്യം 67 റൺസ് നേടി. 24 റൺസ് നേടി ദിൽഷൻ പുറത്തായതോടെ സംഗക്കാര എത്തി. 60 പന്തിൽ 65 റൺസ് നേടി തിരിമാനെ മടങ്ങിയതോടെയാണ് ലങ്കയുടെ തകർച്ച തുടങ്ങിയത്. 46.1 ഓവറിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. തിരിമാന 65 ഉം, ദിൽഷൻ 24 ഉം, സംഗകാര 39 റൺസെടുത്തും പുറത്തായി. ജയവർധനക്ക് റണ്ണൊന്നും നേടാനായില്ല.

കിവീസ് നിരയിൽ ടിം സൗത്തി, ആദം മിലിൻ, കോറി ആൻഡേഴ്‌സൺ, ഡാനിയേൽ വെട്ടോറി, ട്രെൻഡ് ബോൾട്ട് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. മികച്ച ഓൾ റൗണ്ട് പ്രകടനം നടത്തിയ ആൻഡേഴ്‌സൺ ലോകകപ്പിലെ പ്രഥമ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ കിവീസ് തങ്ങളുടെ കരുത്ത് വ്യക്തമാക്കി. ഈ ടൂർണ്ണമെന്റിലെ കറുത്ത കുതിരകളായി കപ്പുയർത്താനുള്ള കരുത്തുണ്ടെന്ന് ബ്രണ്ടൺ മക്കുലവും ടീമും വിളിച്ചു പറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP