Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

എന്നാലും ഇങ്ങനുണ്ടോ ഒരു തോൽവി..! മുംബൈ ഏകദിനത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ; ഇന്ത്യ ഉയർത്തിയ 255 റൺസ് എന്ന സ്‌കോർ ഓസീസ് മറികടന്നത് ഫിഞ്ചിന്റെയും വാർണറിന്റെയും സെഞ്ച്വറിയുടെ മികവിൽ; ഓസ്‌ട്രേലിയ ലക്ഷ്യം നേടിയത് 37.4 ഓവറിൽ

എന്നാലും ഇങ്ങനുണ്ടോ ഒരു തോൽവി..! മുംബൈ ഏകദിനത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ; ഇന്ത്യ ഉയർത്തിയ 255 റൺസ് എന്ന സ്‌കോർ ഓസീസ് മറികടന്നത് ഫിഞ്ചിന്റെയും വാർണറിന്റെയും സെഞ്ച്വറിയുടെ മികവിൽ; ഓസ്‌ട്രേലിയ ലക്ഷ്യം നേടിയത് 37.4 ഓവറിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിജയം മാത്രം ശീലിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഞെട്ടിച്ചുകൊണ്ടു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ തേരോട്ടം. മുംബൈ ഏകദിനത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തോൽപ്പിച്ചത്. 49.1 ഓവറിൽ 10 വിക്കറ്റ് കളഞ്ഞ് ഇന്ത്യ സ്വരുക്കൂട്ടിയ ഭേദപ്പെട്ട ടോട്ടലുമായി പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യയെ ഫിഞ്ചും വാർണറും ചേർന്ന് അടിച്ചുപരത്തി. ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ ഓസീസ് ലക്ഷ്യം കണ്ട മത്സരത്തിൽ ഇന്ത്യൻ പാളിച്ചകൾ എല്ലാം തുറന്നു കാണിക്കുന്നതായി. ടോസ് നേടി ആതിഥേയരെ ബാറ്റിങ്ങിനയച്ച ആസ്‌ട്രേലിയക്കു മുന്നിൽ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാനാകാതെയായിരുന്നു ഇന്ത്യയുടെ തോൽവി. സ്‌കോർ ഇന്ത്യ 49.1 ഓവറിൽ 255/10, ആസ്‌ട്രേലിയ 37.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 258.

ആദ്യം പന്തെടുത്ത മിച്ചെൽ സ്റ്റാർക്കും നന്നായി കൂട്ടുനൽകിയ പാറ്റ് കമ്മിൻസും തുടക്കത്തിലേ ഇന്ത്യയെ സമ്മർദത്തിലാക്കി. സ്റ്റാർക് എറിഞ്ഞ ആദ്യ ഓവറിൽ രണ്ടു ബൗണ്ടറികൾ പായിച്ച് വലിയ തുടക്കമിട്ട ഓപണർ രോഹിത് സ്‌കോർ ബോർഡിൽ 13 റൺസ് ആകുമ്പോഴേക്ക് 10 റൺസുമായി മടങ്ങിയത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായി. 22 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് തുടക്കം പതറിയ ശിഖർ ധവാനും വൺഡൗണായ കെ.എൽ. രാഹുലും പതിയെ രക്ഷാദൗത്യം ഏറ്റെടുത്ത് സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയതാണ് ഇന്ത്യൻ ചെറുത്തുനിൽപിന് ചെറുതായെങ്കിലും ജീവൻ നൽകിയത്.

Stories you may Like

ഒരു ഘട്ടത്തിൽ ഒരു വിക്കറ്റിന് 134 റൺസ് എന്ന മികച്ച സ്‌കോറിൽനിന്നായിരുന്നു ഇന്ത്യൻ വീഴ്ച. അർധ സെഞ്ച്വറിയുമായി ശിഖർ ധവാൻ (76) ഇന്ത്യൻ നിരയിൽ ടോപ് സ്‌കോററായപ്പോൾ മൂന്നാമനായ രാഹുൽ 47 റൺസുമായി മടങ്ങി. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ വെള്ളം കുടിപ്പിച്ച ആദം സാമ്പക്കു മുന്നിൽ ഇത്തവണയും കോഹ്‌ലി (16) വീണപ്പോൾ പിന്നീടെത്തിയ ശ്രേയസ് അയ്യരെ (നാല്) കമ്മിൻസ് മടക്കി. തകർച്ച പൂർണമായെന്നു തോന്നിച്ച ഘട്ടത്തിൽ മെച്ചപ്പെട്ട പ്രകടനവുമായി മധ്യനിരയിൽ ഋഷഭ് പന്തും (28) രവീന്ദ്ര ജദേജയും (25) വാലറ്റത്ത് ഷാർദുൽ ഠാകുർ (13), മുഹമ്മദ് ഷമി (10), കുൽദീപ് യാദവ് (17) എന്നിവരും പിടിച്ചുനിന്നതാണ് ഇന്ത്യൻ സ്‌കോർ 250 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപണർമാർക്കെതിരെ ഇന്ത്യൻ ബൗളിങ്ങിന്റെ നട്ടെല്ലായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പഠിച്ച പണി പലതും പയറ്റിയിട്ടും റൺറേറ്റ് കുറക്കാൻ പോലുമായില്ല. നന്നായി തല്ലുവാങ്ങിയ ഇരുവർക്കും പകരം ഇറക്കിയ ഷാർദുൽ ഠാകുർ അഞ്ച് ഓവറിൽ വഴങ്ങിയത് 43 റൺസ്. രണ്ടു തവണ പുറത്താകലിന്റെ വക്കിൽനിന്ന് ജീവൻ ലഭിച്ച വാർണറുടെ ബാറ്റിനായിരുന്നു ശൗര്യം കൂടുതൽ. തുടക്കം കുറിക്കാൻ ഫിഞ്ചിനെ വിട്ട് ഒരുവശത്ത് കാഴ്ചക്കാരന്റെ റോളിൽ നിന്ന വാർണർ പിന്നീട് കത്തിക്കയറുന്നതായിരുന്നു കാഴ്ച.

മൂന്ന് കൂറ്റൻ സിക്‌സറുകളും 17 ഫോറുമായി വാർണർ 128 റൺസ് എടുത്തപ്പോൾ രണ്ട് സിക്‌സും 13 ഫോറുമായി ഫിഞ്ച് കുറിച്ചത് 110 റൺസ്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും ചേർന്ന് കുറിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP