Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെടിക്കെട്ടിന് തുടക്കമിടാൻ രോഹിത്തിനൊപ്പം കാമറൂൺ ഗ്രീൻ; പിന്നാലെ ഇഷാനും സൂര്യകുമാറും; ഫിനിഷിങ് മികവുമായി ടിം ഡേവിഡും; ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് പടയും ശക്തം; ആറാം കിരീടത്തിനായി യുവനിരയുടെ കരുത്തുമായി മുംബൈ ഇന്ത്യൻസ്

വെടിക്കെട്ടിന് തുടക്കമിടാൻ രോഹിത്തിനൊപ്പം കാമറൂൺ ഗ്രീൻ; പിന്നാലെ ഇഷാനും സൂര്യകുമാറും; ഫിനിഷിങ് മികവുമായി ടിം ഡേവിഡും; ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് പടയും ശക്തം; ആറാം കിരീടത്തിനായി യുവനിരയുടെ കരുത്തുമായി മുംബൈ ഇന്ത്യൻസ്

സ്പോർട്സ് ഡെസ്ക്

മുംബൈ: കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സർവ സന്നാഹം ഒരുക്കി പോരാട്ടത്തിന് ഒരുങ്ങുകയാണ് ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടം നേടിയ മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം പതിപ്പിന് മാർച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ ആറാം കിരീടം ലക്ഷ്യമിട്ടാണ് നായകൻ രോഹിത് ശർമ്മയും കൂട്ടരും ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ നാണം കെട്ട തോൽവിക്ക് കിരീടം കൊണ്ട് ആരാധകരെ ആവേശത്തിലാഴ്‌ത്താനാണ് മുംബൈ ഇന്ത്യൻസ് തയ്യാറെടുക്കുന്നത്. അതിനായി കരുത്തുറ്റ യുവനിരയുമാണ് ഇത്തവണ ടീം എത്തുന്നത്.

22 വയസിൽ താഴെ പ്രായമുള്ള ഏഴോളം യുവ കളിക്കാരാണ് ഇത്തവണ മുംബൈ നിരയിലുള്ളത്. ടീമിന്റെ ശരാശരി പ്രായം 26 വയസാണ്. ടീമിലെ ചെറുപ്പത്തിന്റെ കരുത്ത് കളത്തിലും കാട്ടിയാൽ കപ്പും കൊണ്ട് മുംബൈയിലേക്ക് മടങ്ങാം. പേസ് നിരയിൽ ജോഫ്ര ആർച്ചർ വരുമ്പോൾ ഓപ്പണിംഗിൽ രോഹിത്തിനൊപ്പം ഇത്തവണ ഓപ്പണിംഗിന് ഇറങ്ങുന്നത് ആരായിരിക്കുമെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു.

സൂചനകൾ പ്രകാരം രോഹിത് ശർമ്മയ്ക്കൊപ്പം ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഓപ്പണറായേക്കും. മുമ്പ് ഇന്ത്യക്കെതിരെ ഇന്ത്യയിൽ വച്ച് ഓപ്പണറായി ഇറങ്ങിയ ഗ്രീൻ ഞെട്ടിച്ചിരുന്നു. അതിനാൽ മിനി താരലേലത്തിൽ ഇരുപത്തിമൂന്നുകാരനായ ഗ്രീനിനെ 17.50 കോടി രൂപയ്ക്കാണ് മുബൈ ഇന്ത്യൻസ് ചൂണ്ടിയത്.

ഇന്ത്യക്കെതിരെ ഇന്ത്യയിൽ വച്ച് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ രണ്ട് അർധ സെഞ്ചുറികൾ സഹിതം 118 റൺസ് നേടിയ ഗ്രീനിന്റെ ആക്രമണ ബാറ്റിങ് വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതോടൊപ്പം ഗ്രീനിന്റെ ബൗളിംഗും ടീമിന് നിർണായകമാണ്. എന്നാൽ ബൗളിങ് ഓപ്ഷനുകൾ ഏറെയുള്ളതിനാൽ ഗ്രീനിന്റെ വർക്ക്ലോഡ് ക്രമീകരണം മുംബൈക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

ഇങ്ങനെ വന്നാൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാകും മൂന്നാം നമ്പറിൽ. നാലാമനായി ലോക ടി20 റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരൻ സൂര്യകുമാർ യാദവായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന് ശേഷം വരിക തിലക് വർമ്മയും ടിം ഡേവിഡുമായിരിക്കും. ടിമ്മിന്റെ ഫിനിഷിങ് മികവ് മുംബൈക്ക് ഈ സീസണിലും നിർണായകമാണ്. സ്‌ട്രൈക്ക് റേറ്റാണ് ടിം ഡേവിഡിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

തിലക് വർമ്മ ടീം ഇന്ത്യയുടെ ഭാവി പദ്ധതികളിലുള്ള താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ 397 റൺസ് നേടിയിരുന്നു. രമൻന്ദീപ് സിംഗാണ് മറ്റൊരു നിർണായക താരം. എന്നാൽ കഴിഞ്ഞ സീസണിനേക്കാൾ മികച്ച പ്രകടനം രമൻദീപിന് പുറത്തെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ സീസണിൽ കളിക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മുംബൈ ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചത്. ഇത്തവണ മുംബൈയുടെ കുന്തമുന ആർച്ചർ തന്നെയാണ്. കിറോൺ പൊള്ളാർഡിന് പകരമായി ഇത്തവണ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മുംബൈയ്‌ക്കൊപ്പം എത്തി.

ലോക ട്വന്റി20 ഒന്നാം റാങ്ക് ബാറ്റർ സൂര്യകുമാർ യാദവും ഇഷാൻ കിഷനും നായകൻ രോഹിത്തിനൊപ്പം ചേരുന്നതോടെ സുശക്തമാണ് മുംബൈയുടെ ബാറ്റിങ് നിര. ട്വന്റി20യിൽ 138.81 സ്‌ട്രൈക്ക് റേറ്റുള്ള മലയാളി താരം വിഷ്ണു വിനോദ് ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളും നീലപ്പടയ്ക്ക് കരുത്താകും.

മുംബൈയുടെ ബോളിങ് ആക്രമണത്തിന് നേതൃത്വം നൽകിയിരുന്ന ജസ്പ്രീത് ബുമ്ര, ജൈ റിച്ചഡ്‌സൻ എന്നീ പേസർമാർ പരുക്കുമൂലം ഇത്തവണ കളത്തിലിറങ്ങാത്തത് ടീമിന് മൊത്തത്തിൽ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഇരുവർക്കും പകരക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതും മുംബൈ ക്യാമ്പിന് തലവേദനയാകും. രാഹുൽ ചാഹർ ടീം വിട്ടതിനു ശേഷം മികച്ച സ്പിന്നർ ഇല്ലാത്തതും ബോളിങ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

മുരുഗൻ അശ്വിൻ, മയാങ്ക് മാർക്കണ്ടെ എന്നീ സ്പിന്നർമാരെ കഴിഞ്ഞ സീസണിൽ പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഇത്തവണയും സ്പിൻനിര ശക്തമല്ല എന്നത് എതിരാളികൾക്ക് മുൻപിൽ ടീമിന്റെ ദൗർബല്യമായി കാണേണ്ടി വരും. പ്രായം മുപ്പത്തിനാല് കഴിഞ്ഞെങ്കിലും പീയുഷ് ചൗളയാകും മുംബൈയുടെ സ്പീൻ ആക്രമണത്തിന് ചുക്കാൻ പിടിക്കുക.

മാർക്ക് ബൗച്ചർ പ്രധാന പരിശീലകനായ ടീമിൽ 20 വയസുകാരൻ തിലക് വർമ്മയാണ് ടീമിലെ ബേബി. 35 കാരനായ നായകൻ രോഹിതാണ് സീനിയർ. ഏപ്രിൽ 2ന് നടക്കുന്ന മുംബൈയുടെ ആദ്യമത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP